National
'ലോകം നമ്മെ നോക്കുന്ന രീതിയെ നിങ്ങള്‍ മാറ്റിമറിച്ചു'; ജനങ്ങള്‍ക്ക് മോദിയുടെ കത്ത്

ന്യൂഡല്‍ഹി | രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കത്ത് എഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും രാജ്യത്തിനു മുന്നിലുള്ള വെല്ലുവിളികളുമാണ് ജനങ്ങള്‍ക്കായി എഴുതിയ കത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കുന്നത്. രാജ്യത്തിനായുള്ള തന്റെ സാമ്പത്തിക വീക്ഷണങ്ങളും കത്തില്‍ വിവരിക്കുന്നുണ്ട്. കൊവിഡ് കാലത്തെ രാജ്യം ഫലപ്രദമായി നേരിടുകയാണെന്നു പറഞ്ഞ അദ്ദേഹം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഏറെയാണെന്നും ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പൂര്‍ത്തീകരണത്തില്‍ നാം അതിവേഗം മുന്നോട്ട് കുതിക്കുമ്പോഴാണ് കൊറോണ വൈറസ് ആഗോള മഹാമാരി നമ്മുടെ രാജ്യത്തെയും വലയം ചെയ്തത്. ഒരു വശത്ത് മികച്ച സാമ്പത്തിക സ്രോതസ്സുകളും അത്യാധുനിക ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമുണ്ടെങ്കിലും മറുവശത്ത്, വിശാലമായ ജനസംഖ്യയ്ക്കും പരിമിതമായ വിഭവങ്ങള്‍ക്കുമിടയില്‍ നമ്മുടെ രാജ്യം പ്രശ്‌നങ്ങളുടെ ഇടയിലാണെന്ന് കത്തില്‍ മോദി പറയുന്നു.
കൊറോണ ഇന്ത്യയെ ബാധിക്കുമ്പോള്‍ ഇന്ത്യ ലോകത്തിന് ഒരു വലിയ പ്രതിസന്ധിയാകുമെന്ന് പലരും ഭയപ്പെട്ടു. എന്നാല്‍ ഇന്ന്, പൂര്‍ണ്ണമായ ആത്മവിശ്വാസത്തിലൂടെയും തിരിച്ചുവരവിലൂടെയും ലോകം നമ്മെ നോക്കുന്ന രീതിയെ നിങ്ങള്‍ മാറ്റിമറിച്ചു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കൈയടിക്കുന്നതിലൂടെയും വിളക്കു കൊളുത്തുന്നതിലൂടെയും, കൊറോണ യോദ്ധാക്കളെ ഇന്ത്യയുടെ സായുധ സേന ആദരിക്കുന്നതിലും , ജനത കര്‍ഫ്യൂ, അല്ലെങ്കില്‍ രാജ്യവ്യാപക ലോക്ഡൗണ്‍ സമയത്ത് നിയമങ്ങള്‍ വിശ്വസ്തമായി പാലിക്കുന്നതിലൂടെയാകട്ടെ, എല്ലാ അവസരങ്ങളിലും ശ്രേഷ്ഠ ഭാരതത്തിന്റെ ഉറപ്പാണ് ഏകഭാരതമെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്
ഇത്രയും വലിയ ഒരു മഹാമാരിയുടെ കാലത്ത്, ഒരാള്‍ക്കുപോലും ബുദ്ധിമുട്ടുകളോ, അസ്വസ്ഥതകളോ ഉണ്ടായിട്ടില്ല എന്ന് തീര്‍ച്ചയായും അവകാശപ്പെടാനാവില്ല. തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, ചെറുകിട വ്യവസായ മേഖകളില്‍ ജോലിയെടുക്കുന്ന വൈദഗ്ധ്യം നേടിയ തൊഴിലാളികള്‍, കരകൗശലവിദഗ്ദ്ധര്‍, സാധനങ്ങള്‍ കൊണ്ടുനടന്ന് വില്‍ക്കുന്ന് ചെറുകിട വ്യാപാരികള്‍ തുടങ്ങിയ നമ്മുടെ സഹോദരങ്ങള്‍ വലിയ കഷ്ടപ്പാടുകളിലൂടെയാണ് ഇക്കാലത്ത് കടന്നുപോകുന്നത്. അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി, നിശ്ചയദാര്‍ഢ്യത്തോടെ, കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്നും മോദി അവകാശപ്പെട്ടു.
ഈ ബുദ്ധിമുട്ടുകള്‍ വലിയ ദുരന്തങ്ങളായി മാറില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍, രാജ്യത്തെ ഓരോ പൗരനും തനിക്കു ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കേണ്ടത് വളരെ പ്രാധാന്യമേറിയ ഒന്നാണ്. നാമിതുവരെ പ്രകടിപ്പിച്ച ക്ഷമ ഇനിയങ്ങോട്ടും തുടരാന്‍ നമുക്കാവണമെന്നും കോവിഡ് നാശം വിതച്ച മറ്റു ലോകരാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ടതും, സുരക്ഷിതവുമായ ഒരിടമായി ഇന്ത്യ മാറിയതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു സന്ദര്‍ഭത്തില്‍, ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകള്‍ എങ്ങനെ തിരിച്ചുവരും എന്നതിനെപ്പറ്റി വലിയ സംവാദങ്ങള്‍ നടക്കുന്നുണ്ട്. ഐക്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി കൊറോണ വൈറസിനെതിരെ പോരാടി ലോകത്തെ ആശ്ചര്യപ്പെടുത്തിയവരാണ് നമ്മള്‍. അതുപോലെ തന്നെ, സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനത്തിലും, നാം ലോകത്തിനു തന്നെ മാതൃകയാകുമെന്നു എല്ലാവരും വിശ്വസിക്കുന്നു. സാമ്പത്തിക മേഖലകളില്‍, തങ്ങളുടെ കരുത്ത് പ്രകടമാക്കുന്നതിലൂടെ, ലോകത്തെ മുഴുവന്‍ ആശ്ചര്യപ്പെടുത്തുക മാത്രമല്ല, അവരെ മുഴുവന്‍ പ്രചോദിപ്പിക്കാനും 130 കോടി ഭാരതീയര്‍ക്ക് കഴിയും.
സ്വയം പര്യാപ്തത കൈവരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നമ്മുടെ ശേഷികള്‍ അടിസ്ഥാനമാക്കി, നമ്മുടേതായ വഴികളിലൂടെ നമുക്ക് മുന്നോട്ട് പോയെ തീരൂ. അത് യാഥാര്‍ഥ്യമാക്കാന്‍ ഒരു മാര്‍ഗമേ ഉളളൂ; ആത്മനിര്‍ഭര്‍ ഭാരത് അല്ലെങ്കില്‍ സ്വയംപര്യാപ്ത ഇന്ത്യ. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് വേണ്ടി അടുത്തിടെ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ഈ ദിശയിലുള്ള പ്രധാന കാല്‍വയ്പാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും ഇത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കത്തില്‍ പറഞ്ഞു.