Connect with us

Covid19

കൊവിഡ്; സാമൂഹിക വ്യാപനമില്ല, പറയുന്നത് കണക്കുകളുടെ അടിസ്ഥാനത്തില്‍: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് സാമൂഹിക വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 557 ആക്ടീവ് കേസുകളില്‍ 45 പേര്‍ക്കു മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സാമൂഹിക വ്യാപന സാധ്യത കണ്ടെത്തുന്നതിനുള്ള സെന്റിനല്‍ സര്‍വൈലന്‍സിലും ഓഗ്മെന്റഡ് പരിശോധനയിലുമായി നാല് വീതം പോസിറ്റീവ് കേസുകളും കണ്ടെത്തി. പ്രവാസികള്‍ക്കിടയില്‍ നടത്തിയ പൂള്‍ പരിശോധനയില്‍ 29 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സാമൂഹിക വ്യാപനമില്ലെന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച സ്ഥിരീകരിച്ച 53 പോസിറ്റീവ് കേസുകളില്‍ അഞ്ചു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാണ്. തിങ്കളാഴ്ച 49 ല്‍ ആറും, ചൊവ്വാഴ്ച67ല്‍ ഏഴും, ബുധനാഴ്ച 40ല്‍ മൂന്നും, വ്യാഴാഴ്ച 62ല്‍ ഒന്നും, വെള്ളിയാഴ്ച 84ല്‍ അഞ്ചും പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതു പ്രകാരം ഇതുവരെ സ്ഥിരീകരിച്ച 355 കേസുകളില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. മെയ് 10 മുതല്‍ 23 വരെയുള്ള കണക്ക് നോക്കിയാല്‍ 288 പുതിയ കേസുകളില്‍ 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. മെയ് 10 മുതല്‍ ആകെയുള്ള 644 കേസുകളില്‍ 65 എണ്ണത്തിലും. 10.09 ശതമാനമാണിത്.

സാമൂഹിക വ്യാപന സാധ്യത കണ്ടെത്തുന്നതിനായി 3128 സാമ്പിളുകള്‍ ഒറ്റ ദിവസം പരിശോധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കൃത്യമായ നിരീക്ഷണം, പരിശോധന, മാര്‍ഗ നിര്‍ദേശം, ആരോഗ്യ സംവിധാനത്തിലെ മികവ് എന്നിവയിലൂടെയാണ് രോഗലക്ഷണം പ്രകടിപ്പിക്കാത്തവരില്‍ പോലും രോഗബാധ കണ്ടെത്തി ചികിത്സ നല്‍കാന്‍ കഴിഞ്ഞത്. എന്നാല്‍, സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ധിച്ചാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ മതിയാകാതെ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ മരണ നിരക്കില്‍ ഒരു വര്‍ഷത്തിനിടയില്‍ ഗണ്യമായ കുറവുണ്ടായതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2018 ഉമായി താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്്.

---- facebook comment plugin here -----

Latest