National
അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാര്‍: നേപ്പാള്‍

ന്യൂഡല്‍ഹി | ഇന്ത്യയുമായി എല്ലാ അതിര്‍ത്തി വിഷയങ്ങളിലും ചര്‍ച്ചക്ക് തയ്യാറെന്ന് നേപ്പാള്‍. വിദേശകാര്യ സെക്രട്ടറി തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് നേപ്പാള്‍ ശ്രമിക്കുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് മുമ്പ് വിശ്വാസവും ആത്മവിശ്വാസവും ഉണ്ടാകാനുള്ള അന്തരീക്ഷം വേണമെന്നാണ് ഇന്ത്യ പ്രതികരിച്ചത്.
പരസ്പര സംവേദനക്ഷമതയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ അയല്‍ക്കാരുമായും ഇടപഴകാന്‍ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. വിഷയത്തില്‍ നേപ്പാള്‍ അംബാസിഡറിന് ഇന്ത്യന്‍ അധികൃതരെ കാണാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നുനേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമ്പര്‍ക്കത്തിന് യാതൊരു കുറവുമുണ്ടായിട്ടില്ലെന്ന് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗഌ നേപ്പാള്‍ അംബാസിഡറുമായി നിലവില്‍ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിന്റെ കാര്യങ്ങള്‍ നോക്കുന്ന വിദേശകാര്യ ജോയിന്റ് സെക്രട്ടറി പീയൂഷ് ശ്രീവാസ്തവ പലതവണയായി നേപ്പാള്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി കഴിഞ്ഞ നവംബറില്‍ ഇന്ത്യ പുതിയ മാപ്പ് പ്രസിദ്ധീകരിച്ച അന്നുമുതല്‍ ഇന്ത്യയുമായി കാലാപാനി പ്രദേശത്തിന്റെ തര്‍ക്കത്തില്‍ ചര്‍ച്ച നടത്താന്‍ നേപ്പാള്‍ ശ്രമിച്ചിരുന്നുവെന്നാണ് വിവരങ്ങള്‍.
എന്നാല്‍ കാലാപാനി ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ അതിന് ഭരണഘടനാ സാധുത നല്‍കാനുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ നേപ്പാള്‍ വീണ്ടും ഇന്ത്യയുമായി ചര്‍ച്ചക്ക് ശ്രമിച്ചത്.