Covid19
മാസ്‌ക് ധരിക്കാത്തതിന് 3,262 കേസുകള്‍; ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 453

തിരുവനന്തപുരം | ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക് ധരിക്കാത്ത 3,262 ഉം ക്വാറന്റൈന്‍ ലംഘിച്ച 453 ഉം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ച 145 കേസുകള്‍ ഉദ്യോഗസ്ഥരുടെ പരിശോധനയിലും 48 എണ്ണം അയല്‍വാസികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് കണ്ടെത്തിയത്. മൊബൈല്‍ ആപ്ലിക്കേഷന്‍ പോലുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ 260 ക്വാറന്റൈന്‍ ലംഘനങ്ങളും കണ്ടെത്തി.
മാസ്‌ക് ധരിക്കാത്തതിന് ഇന്നു മാത്രം 38 പേര്‍ക്കെതിരെ കേസെടുത്തു. മെയ് നാലു മുതല്‍ 25 വരെയുള്ള കാലയളവില്‍ 78,894 പേരാണ് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞത്. ഇതില്‍ 468 പേരാണ് ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചത്. ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയാറാകണമെന്നും ഇല്ലെങ്കില്‍ വന്‍ വിപത്തിന് വഴി തെളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.