Connect with us

Kerala

തിരുവനന്തപുരത്ത് തീരദേശത്തെ നൂറിലധികം വീടുകളില്‍ വെള്ളം കയറി

Published

|

Last Updated

തിരുവനന്തപുരം | ഇന്നലെ പുലര്‍ച്ചെ മുതലുണ്ടായ കനത്ത മഴയില്‍ തിരുവനന്തപുരം തീരദേശ മേഖലയിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ശക്തമായ മഴയില്‍ തീരദേശ മേഖലയായ വിഴിഞ്ഞംകോട്ടുകാല്‍ ഭാഗത്തും അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലെ നൂറിലധികം വീടുകളിലുമാണ് വെള്ളം കയറിയത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടത്തെ ഓരോ വീട്ടുമുറ്റത്തും മുട്ടോളമാണ് വെള്ളം ഉയര്‍ന്നത്. മഴക്കാലത്ത് ഈ മേഖലയില്‍ വെള്ളപ്പൊക്കം പതിവാണ്. മഴക്കാലത്തിന് സമാനമായ ദുരിതമാണ് കഴിഞ്ഞ ദിവസമുണ്ടായ വേനല്‍മഴ നല്‍കിയത്. വിഴിഞ്ഞത്ത് നിന്നെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളുടെ നേതൃത്വത്തില്‍ വെള്ളം പമ്പുചെയ്ത് കടലിലേക്ക് ഒഴുക്കി. വിഴിഞ്ഞം ഗംഗയാര്‍ തോടും ശക്തമായ മഴയില്‍ കരകവിഞ്ഞൊഴുകി. തോടിന്റെ ഇരുകരകളിലും സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ ഒഴുകിപ്പോയി.

വെള്ളത്തിനൊപ്പം പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വിഴിഞ്ഞം ബീച്ച് റോഡില്‍ ഒഴുകി പരന്നു. നാട്ടുകാര്‍ ഇറങ്ങി ചാലുവെട്ടി വെള്ളം കടലിലേക്ക് ഒഴുക്കി വിട്ടതിനുശേഷമാണ് ഉപകരണങ്ങള്‍ തിരികെ എടുക്കാനായത്. വിഴിഞ്ഞം കോട്ടപ്പുറം മര്യനഗര്‍, കടയ്ക്കുളം എന്നിവിടങ്ങളില്‍ അമ്പതോളം വീടുകളിലും വെള്ളം കയറി. പുലര്‍ച്ചെയായതിനാല്‍ പലരും നല്ല ഉറക്കത്തിലായിരുന്നു. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വെള്ളത്തില്‍ മുങ്ങി.

Latest