Connect with us

Covid19

സഊദിയില്‍ നിന്നും പോകുന്ന ഫ്ളൈറ്റുകളില്‍ അനര്‍ഹര്‍ കയറിപ്പറ്റുന്നത് തടയണം: എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം

Published

|

Last Updated

ദമാം | കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള പ്രത്യേക ഫ്‌ളൈറ്റുകളില്‍ അനര്‍ഹരായ യാത്രക്കാര്‍ കയറിപ്പറ്റുന്നതില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സംഘടനകളുടെ സംയുക്ത വേദിയായ എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറവും, നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കും ശക്തമായി പ്രതിഷേധിച്ചു. ഗര്‍ഭിണികള്‍, വിസാ കാലാവധി അവസാനിക്കാറായ സന്ദര്‍ശക വിസയിലുള്ളവര്‍, മറ്റു ഗുരുതര രോഗം ബാധിച്ചവര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് നാട്ടിലേക്കുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ മുന്‍ഗണന നല്‍കുമെന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയവും, സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവും അറിയിച്ചിരുന്നത്. എന്നാല്‍ മേല്‍ വിഭാഗത്തില്‍ പെടാത്ത നിരവധി പേരാണ് റീ എന്‍ട്രിയില്‍ മെയ് 12 ന് ദമാമില്‍ നിന്നും കൊച്ചിയിലേക്കു പോയ ആദ്യ വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥ ബന്ധങ്ങളും, രാഷ്ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തിയാണ് അനര്‍ഹരായ ആളുകള്‍ യാത്രാ ലിസ്റ്റില്‍ കയറിപ്പറ്റുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത്തരക്കാര്‍ എംബസി തയ്യാറാക്കുന്ന യാത്രക്കാരുടെ ലിസ്റ്റില്‍ കയറിപ്പറ്റുന്നതോടെ ഗര്‍ഭിണികളും, തുടര്‍ചികിത്സ ആവശ്യമുള്ളവരും മറ്റുമായ നിരവധി പേര്‍ നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുകയാണ്.
വിഷയത്തില്‍ എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം പ്രവര്‍ത്തകര്‍ നിരന്തരമായി റിയാദിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും രജിസ്റ്റര്‍ ചെയ്തവരില്‍ അടിയന്തരമായി നാട്ടിലേക്കു മടങ്ങേണ്ടവരെ കണ്ടെത്തുകയും അവരുടെ വിവരങ്ങള്‍ നിരവധി തവണ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതൊന്നും പരിഗണിക്കപ്പെടാത്ത സ്ഥിതിയാണ്.

എംബസി വളണ്ടിയര്‍മാരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് അടിയന്തര യാത്ര ആവശ്യമുള്ളവരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ എംബസിക്ക് കൈമാറിയത്. ഈ ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ യാത്രാസൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം ഭാരവാഹികള്‍ സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് നിവേദനം നല്‍കിയിട്ടുമുണ്ട്.

ഇന്ത്യന്‍ എംബസി നിലവില്ലാത്ത കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികളുടെ മടക്കയാത്ര സംബന്ധമായ കാര്യങ്ങള്‍ സുഗമമാക്കാന്‍ എംബസ്സിയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ മുഴുവന്‍ സമയ പ്രതിനിധിയായി നിയമിക്കണമെന്നും എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം ഭാരവാഹികളായ ബിജു കല്ലുമല, പവനന്‍ മൂലയ്ക്കല്‍, അലികുട്ടി ഒളവട്ടൂര്‍, എം എ വാഹിദ്, ആല്‍ബിന്‍ ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest