Covid19
കൊവിഡ് നിയന്ത്രണാതീതം; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും പഞ്ചാബിലും ലോക്ക് ഡൗണ്‍ നീട്ടി

മുംബൈ | കൊവിഡ് വൈറസ് അതിവേഗത്തില്‍ പരക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലുംതമിഴ്‌നാട്ടിലും പഞ്ചാബിലും
ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി. ലോക്ക് ഡൗണില്‍ ഇളവ് അനുവദിക്കുന്ന മേഖലകളുമായി ബന്ധപ്പെട്ട വിശദീകരണ കുറിപ്പ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.
30,000 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,606 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുംബൈയില്‍ മാത്രം 24 മണിക്കൂറിനുള്ളില്‍ 884 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
തമിഴ്‌നാട്ടില്‍ 37 ജില്ലകളുള്ളതില്‍ 12 ജില്ലകള്‍ അതിതീവ്ര കൊവിഡ് വ്യാപനം നടക്കുന്നിയിടങ്ങളാണ്. ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തില്‍ എങ്ങനെ ആയിരുന്നുവോ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നത് അങ്ങനെ തന്നെ നടപ്പാക്കും. മറ്റ് 25 ജില്ലകളില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നടപ്പാക്കും. ജില്ലക്കകത്ത് സഞ്ചരിക്കുന്നതിന് പാസ് വേണ്ട തുടങ്ങിയ ഇളവുകളാകും ഇവിടെ ലഭിക്കുക.
എന്നാല്‍ അതിതീവ്ര ബാധിതമായ 12 ജില്ലകളിലേക്ക് പോകുന്നതിന്പാസ് വേണം. സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നഗര പ്രദേശങ്ങളിലേത് ഉള്‍പ്പെടെയുള്ള വ്യാപാരശാലകള്‍ക്ക് അമ്പതുശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിപ്പിക്കാമെന്ന ഇളവും നല്‍കിയിട്ടുണ്ട്.
പഞ്ചാബില്‍ പരമാവധി കടകളും ചെറുകിട വ്യാപാര കേന്ദ്രങ്ങളും 18 മുതല്‍ തുറക്കാന്‍ അനുമതി നല്‍കും.