Covid19
വയനാട് കമ്മന സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തിറക്കി

മാനന്തവാടി | വയനാട്ടില്‍ കൊവിഡ് ബാധിച്ച കമ്മന സ്വദേശിയായ യുവാവിന്റെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കി. ഇരുപതുകാരനായ ഇയാള്‍ ഡി വൈ എസ് പി ഓഫീസിലടക്കം മൂന്ന് തവണ പോലീസ് സ്‌റ്റേഷനുകളിലെത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസുകാര്‍ക്ക് രോഗം പകര്‍ന്നത് ഇയാളില്‍ നിന്നാണെന്ന നിഗമനത്തിലാണ് ബന്ധപ്പെട്ടവര്‍. മേയ് ഒമ്പതിനാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഏപ്രില്‍ രണ്ടാംവാരം യുവാവിനെ വാഹനപരിശോധനയ്ക്കിടെ പോലീസുകാര്‍ ചോദ്യംചെയ്തിരുന്നു. ഏപ്രില്‍ 28ന് മാനന്തവാടി സ്റ്റേഷനിലും മേയ് രണ്ടിന് ഡി വൈ എസ് പി ഓഫീസിലും കമ്മന സ്വദേശിയെ വിളിപ്പിച്ചിരുന്നു. ഇതുവഴിയാണ് പോലീസുകാരിലേക്ക് രോഗം പടര്‍ന്നത്.
യുവാവ് കഞ്ചാവ് വില്‍പ്പനക്കാരനാണെന്നും പിടിച്ചുപറിക്കേസുകളിലും പ്രതിയാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇയാളെ ഒരു കേസില്‍ ചോദ്യം ചെയ്ത പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന് യുവാവ് സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് ആദ്യ ഘട്ട റൂട്ട് മാപ്പ് പുറത്ത് വിട്ടിരിക്കുന്നത്.