Connect with us

National

ജുഡീഷ്യല്‍ നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

Published

|

Last Updated

ന്യൂഡല്‍ഹി | സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തില്‍ താന്‍ ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് ഒരുതരത്തിലുള്ള സര്‍ക്കാര്‍ ഇടപെടലിനെയും അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ലെന്ന് മുന്‍ സി ജെ ഐയും നിലവില്‍ രാജ്യസഭ എം പിയുമായ രഞ്ജന്‍ ഗൊഗോയ്.

“14 പേരുകളാണ് സുപ്രീം കോടതി ജഡ്ജിമാരുടെ പദവിയിലേക്ക് താന്‍ ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ നിര്‍ദേശിച്ചത്. അത് സ്വീകരിക്കപ്പെടുകയും നിയമനങ്ങള്‍ സമയത്തിനു തന്നെ നടക്കുകയും ചെയ്തു. അതില്‍ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കുള്ള നിയമനങ്ങളും സമയക്രമമനുസരിച്ചു തന്നെ നടന്നു. അതിലും എക്‌സിക്യൂട്ടിവിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല.”- ഭരണഘടനക്കു കീഴില്‍ സ്വതന്ത്ര നീതിന്യായ സംവിധാനം ഉറപ്പുവരുത്തല്‍ എന്ന വിഷയത്തില്‍ ദേശീയ നിയമ സര്‍വകലാശാലകളുടെ പൂര്‍വ വിദ്യാര്‍ഥി കോണ്‍ഫെഡറേഷന്‍ വെബ് സൈറ്റ് വഴി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെ മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

കൊളീജിയം സംവിധാനം സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള മികച്ച രീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജുഡീഷ്യല്‍ നിയമനങ്ങളില്‍ എക്‌സിക്യൂട്ടീവ് ഇടപെടലുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഈ സംവിധാനം സഹായകമാണ്. തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ഭയരഹിതമായി നിര്‍വഹിക്കുക സാധ്യമാക്കും വിധം ജഡ്ജിമാര്‍ക്ക് നല്‍കുന്ന സംരക്ഷണവും രോഗപ്രതിരോധ ശേഷി ഉറപ്പു വരുത്തലും ശക്തിപ്പെടുത്തണമെന്ന ആവശ്യവും ഗൊഗോയ് ഉന്നയിച്ചു.

Latest