മനഃസംഘര്‍ഷമോ! ഖുര്‍ആനോതൂ

ലോക്ക്ഡൗണ്‍ കാലത്തെ റമസാന്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ദിനചര്യകളില്‍ ക്രമീകരണങ്ങള്‍ വരുത്തിയാല്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന് ഒരുപാട് സമയം നീക്കിവെക്കാന്‍ നമുക്കാകും. ആയതിനാല്‍ ദിനചര്യയുടെ ഒരു പ്രധാന ഘടകമാകട്ടെ ഖുര്‍ആന്‍ പാരായണം.
Posted on: April 28, 2020 11:10 am | Last updated: April 28, 2020 at 12:29 pm

റമസാനും ഖുര്‍ആനും തമ്മിലുള്ള ബന്ധം വിവരണാതീതമാണ്. വിശുദ്ധ മാസത്തെ അല്ലാഹു പരിചയപ്പെടുത്തുന്നത് തന്നെ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമെന്നാണ്. സാത്വികരായ നമ്മുടെ പൂര്‍വീകര്‍ റമസാനില്‍ ധാരാളമായുള്ള ഖുര്‍ആന്‍ പാരായണത്തിന് വലിയ പ്രാധാന്യം നല്‍കിയതിന്റെ കാരണം ഖുര്‍ആനും റമസാനും തമ്മിലുള്ള ഈ ബന്ധമാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസിയെ മധുരനാരങ്ങയോടാണ് തിരുനബി (സ) ഉപമിച്ചത്. മധുരനാരങ്ങ ഒരേ സമയം മധുരമുള്ളതും സുഗന്ധമുള്ളതുമാണ്. സത്യവിശ്വാസിയുടെ പാരായണത്തിന്റെ സുഗന്ധവും മധുരവും താന്താങ്ങളെ മാത്രമല്ല, ചുറ്റുപാടുകളെപോലും ഭക്തിസാന്ദ്രമാക്കുമെന്നര്‍ഥം.

ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ ഓരോ അക്ഷരത്തിനും പത്ത് നന്മകള്‍ നല്‍കപ്പെടുമെന്ന് തിരുനബി (സ) പഠിപ്പിച്ചിരിക്കുന്നു. അക്ഷരങ്ങള്‍ ശ്രദ്ധിച്ച് ഭയഭക്തിയോടെ ഖുര്‍ആന്‍ ഓതാന്‍ ശ്രമിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍. ശരിയായ രൂപത്തിലല്ലാതെ ഖുര്‍ആന്‍ ഓതുന്നവരെ താക്കീത് ചെയ്ത് കൊണ്ട് അവിടുന്നരുളുകയുണ്ടായി, “എത്രയെത്ര ഓത്തുകാരാണ്, അവരെ ഖുര്‍ആന്‍ ശപിച്ച് കൊണ്ടിരിക്കുന്നു.’ ശരിയായ രൂപത്തില്‍ ഖുര്‍ആന്‍ ഓതാനുള്ള പരിശീലനം അര്‍ഹരില്‍ നിന്ന് എല്ലാ മുസ്‌ലിംകളും കരഗതമാക്കേണ്ടത് അനിവാര്യമാണ്. എല്ലാ ദിവസവും ശരിയായ രൂപത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് ഖുര്‍ആന്‍ ഖിയാമത്ത് നാളില്‍ ശിപാര്‍ശകനായി വരുമെന്ന് റസൂല്‍ (സ) പഠിപ്പിച്ചിട്ടുണ്ട്.

ഖുര്‍ആന്‍ പാരായണം കൊണ്ട് സമ്പന്നമായിരുന്ന വീടകങ്ങള്‍ കേവലം സ്മരണകളായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആ പാരമ്പര്യത്തെ ഈ ലോക്ക്ഡൗണ്‍ കാലത്തെ റമസാനില്‍ നമുക്ക് തിരിച്ചുപിടിക്കാനാകണം. നമ്മുടെ വീടകങ്ങളില്‍ ഖുര്‍ആന്‍ സൂക്ഷിക്കാന്‍ വേണ്ടി മാത്രം പ്രത്യേകം സ്ഥലങ്ങളും സംവിധാനങ്ങളും ഒരുക്കിയിരുന്നുവെന്നത് സ്മരണീയമാണ്. ഖുര്‍ആന്‍ സൂക്ഷിക്കുന്ന ഉറ വുളുവില്ലാതെ തൊടാന്‍ പറ്റുമോ എന്ന ചര്‍ച്ച കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം. ഒരു കാലത്ത് വിശുദ്ധ ഖുര്‍ആനിന് സമൂഹം കല്‍പ്പിച്ചു കൊടുത്ത ആദരവിന്റെ ഭാഗമാണ് ഈ മസ്അലകള്‍. അല്ലാഹുവിന്റെ അടയാളങ്ങള്‍ ആദരിക്കല്‍ ഹൃദയത്തിന്റെ തഖ്‌വയുടെ ഭാഗമാണെന്ന ഖുര്‍ആന്‍ പാഠം ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നു. ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. അപ്പോള്‍ നാം അതിനെ ആദരിക്കണം. ഏറ്റവും ആദരണീയനായ അല്ലാഹു ആദരണീയനായ ദൂതന്‍ മുഖേന ആദരണീയനായ തന്റെ അടിമക്ക് നല്‍കിയ മഹത്തായ സമ്മാനമാണ് ഖുര്‍ആന്‍ എന്ന ബോധ്യം നമുക്കുണ്ടാകണം.

“എന്റെ സമുദായത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ആരാധന ഖുര്‍ആന്‍ പാരായണമാകുന്നു’ എന്ന ഹദീസും “നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക, തീര്‍ച്ചയായും അത് പാരായണം ചെയ്തവര്‍ക്ക് ശിപാര്‍ശകനായി നാളെ പാരത്രിക ലോകത്ത് വരും’ തുടങ്ങിയ ഹദീസുകളും ഖുര്‍ആന്‍ പാരായണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഖുര്‍ആന്‍ ഖത്മ് ചെയ്തിട്ടില്ലെങ്കില്‍ ഖുര്‍ആനിനോടുള്ള നമ്മുടെ ബാധ്യത നിര്‍വഹിച്ചവരാകുകയില്ലെന്ന് മഹാന്മാര്‍ പഠിപ്പിക്കുന്നുണ്ട്. ചുരുങ്ങിയത് ഒരു ഖത്മ് റമസാനിലും ഒരു ഖത്മ് മറ്റു മാസങ്ങളിലും നിര്‍വഹിക്കുന്ന രീതി.

ഖുര്‍ആന്‍ ഓതുന്നത് പോലെ ഖുര്‍ആന്‍ കേള്‍ക്കലും പ്രത്യേകം പുണ്യമുള്ള കാര്യമാണ്. നിരന്തരമായി ഖുര്‍ആന്‍ കേള്‍ക്കുന്നത് ഈമാന്‍ വര്‍ധിക്കാന്‍ കാരണമാകും. ഖുര്‍ആന്‍ ഓതപ്പെട്ടാല്‍ നിങ്ങളതിനെ ശ്രദ്ധിച്ചു കേള്‍ക്കുക എന്ന വിശുദ്ധ വചനം ശ്രദ്ധേയമാണ്. മഹാനായ ഉസൈദുബ്‌നു ഹുളൈര്‍ (റ) ഖുര്‍ആന്‍ ഓതുന്ന ശബ്ദം കേട്ട് മലക്കുകള്‍ ഇറങ്ങിവന്നതും തുടര്‍ന്നുണ്ടായ സവിശേഷ സംഭവങ്ങളും പ്രബല ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വലീദുബ്‌നു മുഗീറ എന്ന ശത്രു നേതാവ് തന്റെ അനുയായികളോട് ഖുര്‍ആനിനെക്കുറിച്ച് പറഞ്ഞത് ചരിത്രത്തില്‍ കാണാം : “ഖുര്‍ആനിന് വല്ലാത്ത മാധുര്യമാണ്. വല്ലാത്ത സൗന്ദര്യമാണ്. അതിന്റെ താഴ്ഭാഗം സുരക്ഷിതമാണ്. അതിന്റെ മുകള്‍ഭാഗം ഫലഭൂയിഷ്ടമാണ്. ഇത് ഒരു മനുഷ്യന്റെ വാക്കുകളേയല്ല.’ ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖുര്‍ആന്‍ പാരായണം കേട്ട് മാത്രം ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് വന്നു. വീടുകളിലും മറ്റും അല്ലാഹുവിന്റെ അനുഗ്രഹ വര്‍ഷമുണ്ടാകുന്നതിനു നിമിത്തമാണ് അവിടങ്ങളിലെ ഖുര്‍ആന്‍ പാരായണം. രോഗങ്ങളും കലഹങ്ങളും കടങ്ങളും മനഃസംഘര്‍ഷങ്ങളുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ അഭാവത്തില്‍ നമ്മുടെ സഹചാരികളായേക്കും. ദീനീചിട്ടയില്‍ ജീവിക്കുന്ന സാത്വികരെ നിരീക്ഷിച്ചു നോക്കൂ, അവര്‍ക്കെല്ലാറ്റിനും പരിഹാരമുണ്ടാകാന്‍ നിതാന്തമായ ഖുര്‍ആന്‍ പാരായണം കാരണമാകുന്നു.

ലോക്ക്ഡൗണ്‍ കാലത്തെ റമസാന്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ദിനചര്യകളില്‍ ക്രമീകരണങ്ങള്‍ വരുത്തിയാല്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന് ഒരുപാട് സമയം നീക്കിവെക്കാന്‍ നമുക്കാകും. ആയതിനാല്‍ ദിനചര്യയുടെ ഒരു പ്രധാന ഘടകമാകട്ടെ ഖുര്‍ആന്‍ പാരായണം. റമസാനില്‍ കൂടുതല്‍ പാരായണം ചെയ്ത് വിശുദ്ധ മാസത്തെ ആദരിക്കാന്‍ നാം തയ്യാറാകേണ്ടതാണ്.

-അബ്ദുന്നാസ്വിര്‍ അഹ്‌സനി ഒളവട്ടൂര്‍