Connect with us

Kozhikode

അജന്യക്ക് ജോലി വേണം;  നിപ്പാ കാലത്തെ സ്‌നേഹം തിരിച്ചുനൽകാൻ

Published

|

Last Updated

കോഴിക്കോട് | നിപ്പയെ ആത്മധൈര്യത്തോടെ അതിജയിച്ച അജന്യ തനിക്ക് കിട്ടിയ സ്‌നേഹവാത്സല്യം ഈ കൊറോണ ദുരന്തകാലത്ത് സമൂഹത്തിന് തിരിച്ചുനൽകാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. അതിന് നഴ്‌സായി താത്കാലികമായെങ്കിലും എവിടെയെങ്കിലും ഒരു ജോലി കിട്ടണം. കഴിഞ്ഞ ഡിസംബറിൽ മൂന്ന് വർഷത്തെ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് പഠിച്ചിറങ്ങുമ്പോൾ തുടങ്ങിയതായിരുന്നില്ല സാമൂഹികസേവനത്തിനുള്ള ഈ സന്നദ്ധത. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പഠിച്ച് കൊണ്ടിരിക്കുമ്പോൾ ക്ഷണിക്കാതെ ജീവിതത്തിലേക്ക് കയറി വന്ന നിപ്പയെന്ന മാരക അസുഖത്തെ തുരത്തിയപ്പോഴാണ് ഇവർക്ക് ഇങ്ങനെയൊരു അഭിലാഷം ഉണ്ടായത്.

കൊറോണ ദുരിതമായി പടരുന്ന ഈ കാലത്ത് നഴ്‌സായി സേവനം ചെയ്യണമെന്നത് ഇവരുടെ ആഗ്രഹമാണ്. അതു വഴി മഹാമാരിക്കെതിരായ യുദ്ധത്തിൽ തന്നാലാകുന്നത് ചെയ്യാൻ കഴിയുമെന്നും ഇവർ കരുതുന്നു. നഴ്‌സിംഗ് രണ്ടാം വർഷം പ്രാക്ടീസ് ചെയ്യുന്നതിനിടയിലായിരുന്നു നിപ്പ ബാധിച്ച് ആശുപത്രിയിലായത്. പഠനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ 2018 ഏപ്രിൽ 30 മുതൽ മെയ് അഞ്ച് വരെ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോഴാണ് അസുഖം പിടിപെട്ടത്. അജന്യയുടെ ഡ്യൂട്ടി കഴിയുന്ന മെയ് അഞ്ചിനാണ് പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. അത്യാഹിത വിഭാഗത്തിൽ സാബിത്തിനെ പരിചരിക്കുന്ന കൂട്ടത്തിൽ അജന്യയുമുണ്ടായിരുന്നു.

ദിവസങ്ങൾക്ക് ശേഷം കടുത്ത പനി ബാധിച്ചതിനെ തുടർന്ന് അജന്യ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. രക്തസാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് അജന്യക്ക് നിപ്പ സ്ഥിരീകരിച്ചത്. ഇതോടെ പഠനം മുടങ്ങി. പക്ഷേ വിധി ഇവരെ മരണത്തിന് വിട്ട് കൊടുത്തില്ല. രോഗമുക്തയായി ഇവർ തിരിച്ചുവന്നു. ഇനി തന്റെ കടപ്പാട് നിർവഹിക്കാനുള്ള സമയമാണിതെന്ന് അജന്യ വിശ്വസിക്കുന്നു. പഠിച്ച കോഴ്‌സിന് നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചു.
എന്നാൽ, ഇതുവരെയും ജോലി തരപ്പെട്ടിട്ടില്ല. നിർദേശിച്ച വയസ്സ് എത്തിയിട്ടില്ലാത്തതിനാൽ ഇപ്രാവശ്യം പി എസ് സിക്ക് അപേക്ഷിക്കാനും കഴിഞ്ഞിട്ടില്ല. ഇനി അടുത്ത അഞ്ച് വർഷം കഴിയണം പി എസ് സി വിളിക്കാൻ.

നഴ്‌സിംഗിൽ ഫസ്റ്റ് ക്ലാസ് കിട്ടിയ ഈ മിടുക്കിക്ക് നല്ല ജോലി എവിടെയെങ്കിലും ലഭ്യമാക്കുകയെന്നതാണ് കുടുംബത്തിനും പ്രധാനം. ഓരോ ദിവസവും പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോഴും അജന്യക്ക് ആത്മവിശ്വാസമുണ്ട്, കേരളം അത് പിടിച്ചു കെട്ടുമെന്ന്. നിപ്പയെ തുരത്തിയ പോലെ. ഇക്കാര്യത്തിൽ സർക്കാറിൽ പൂർണ വിശ്വാസമുണ്ടെന്നും അജന്യ പറയുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്