എനിക്കെന്തു ലോക്ഡൗണ്‍; പോലീസിനെതിരെ വാളെടുത്ത ആള്‍ദൈവം അറസ്റ്റില്‍, ഒപ്പം കൂട്ടാളികളും

Posted on: March 26, 2020 10:45 am | Last updated: March 26, 2020 at 4:26 pm

ദിയോരിയ (യു പി) | കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ച് ആത്മീയ സമ്മേളനം നടത്തിയ സ്വയം പ്രഖാപിത ആള്‍ദൈവവും കൂട്ടാളികളും അറസ്റ്റില്‍. കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ ദിയോര ജില്ലയിലെ മെഹ്വ പുദ്വ മേഖലയിലാണ് സംഭവം. ആള്‍ദൈവമായ മാ ആദി ശക്തിയെയും മറ്റു 12 പേരെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. കയ്യില്‍ വാളുമായാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. വരുന്ന ബുധനാഴ്ച ആരംഭിക്കുന്ന നവരാത്രി ഉത്സവത്തിന്റെ ഭാഗമായാണ് സമ്മേളനം നടത്തിയത്.

വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലീസ് രാജ്യത്താകമാനം 144 ാം വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും പിരിഞ്ഞുപോകണമെന്നും ആള്‍ക്കൂട്ടത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, മാ ആദി ശക്തി ആക്രമണാത്മകമായി പ്രതികരിക്കുകയും പോലീസിനു നേരെ വാള്‍ ചുഴറ്റുകയും ചെയ്തതായി ദിയോരിയ പോലീസ് സൂപ്രണ്ട് ശ്രിപത് മിശ്ര പറഞ്ഞു. ഇതേ തുടര്‍ന്ന് ആള്‍ദൈവത്തെയും ഭര്‍ത്താവിനെയും ഉള്‍പ്പെടെ 13 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ ചുമത്തി കേസെടുത്തതായും അദ്ദേഹം അറിയിച്ചു.