Connect with us

Editorial

ശ്രീറാമിനെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണം

Published

|

Last Updated

കെ എം ബഷീറിന്റെ കുടുംബത്തോടും മാധ്യമ സമൂഹത്തോടും നിയമ വ്യവസ്ഥയോടു തന്നെയും കാണിച്ച കടുത്ത അനീതിയും വഞ്ചനയുമാണ് ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്ത സര്‍ക്കാര്‍ നടപടി. ലോകത്തിന്റെ മറ്റു ഭാഗങ്ങളോടൊപ്പം കേരളവും കൊറോണ വ്യാപനത്തെക്കുറിച്ചുള്ള ഭീതിയില്‍ കഴിയവെ, ഈ അവസരം മുതലെടുത്ത് ഐ എ എസ് ലോബി നടത്തിയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് സര്‍ക്കാര്‍ ഒരു കൊടും കുറ്റവാളിയെ ആരോഗ്യവകുപ്പിലെ ഒരു നിര്‍ണായക പോസ്റ്റില്‍ നിയമിച്ചത്! കൊറോണ പ്രതിരോധ ചുമതലയോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായാണ് നിയമനം. പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതു പോലെ പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ഏര്‍പ്പാടായിപ്പോയി ഇത്.

ശ്രീറാമിനെ തിരിച്ചെടുത്തതിനു സര്‍ക്കാര്‍ മുന്‍വെക്കുന്ന കാരണങ്ങളാണ് വിചിത്രം. ഡോക്ടര്‍ കൂടിയായ ശ്രീറാം പബ്ലിക് ഹെല്‍ത്തില്‍ ഉപരി പഠനം നടത്തിയ ആളായതിനാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ അയാളുടെ സേവനം ഗുണം ചെയ്യും. ശ്രീറാമിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു കാണിച്ചും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും വകുപ്പുതല അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമുണ്ട്. ഈ റിപ്പോര്‍ട്ടുമായി ശ്രീറാം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചാല്‍ സര്‍ക്കാറിനു തിരിച്ചടിയാകുമത്രെ. പട്ടികജാതി, പട്ടിക വര്‍ഗ വികസന ഡയറക്ടര്‍ സഞ്ജയ് ഗാര്‍ഗാണ് വകുപ്പുതല അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
ശ്രീറാമിന് ക്ലീന്‍ചിറ്റ് നല്‍കി സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനു വഴിയൊരുക്കാനായി തട്ടിക്കൂട്ടിയുണ്ടാക്കിയതായിരുന്നില്ലേ ഈ സമിതി? ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സമിതി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മദ്യപിച്ചു അലക്ഷ്യമായി വാഹനം ഓടിക്കല്‍, വാഹനമിടിച്ച് അപകടം ഉണ്ടാക്കല്‍, തെളിവ് നശിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ തുടങ്ങി ജീവപര്യന്തം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങള്‍ ചാര്‍ത്തിയിട്ടുണ്ട്. ഇതൊന്നുമെന്തുകൊണ്ട് വകുപ്പുതല അന്വേഷണ സമിതി കാണാതെ പോയി?

കാറോടിച്ചത് താനല്ല, സഹയാത്രിക വഫയായിരുന്നുവെന്ന പ്രതിയുടെ വാക്ക് അപ്പടി വിശ്വസിച്ചാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ വഫ ഇത് നിഷേധിച്ചിട്ടുണ്ട്. കാറിന്റെ ഡ്രൈവിംഗ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ ശ്രീറാമിന്റെ വിരലടയാളമുള്ളതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതുമാണ്. മദ്യപിച്ചു വാഹനം ഓടിച്ചതിന് തെളിവില്ലെന്നാണ് സമിതിയുടെ മറ്റൊരു ന്യായീകരണം. സംഭവം നടന്ന് ഒമ്പത് മണിക്കൂറിനു ശേഷം രക്തത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം പൂര്‍ണമായും ഇല്ലാതായതില്‍ പിന്നെ പരിശോധന നടത്തിയാല്‍ എങ്ങനെ തെളിവ് ലഭിക്കാനാണ്?
ഇനിയും സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാനാകില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാറിന്റെ മറ്റൊരു വാദം. എന്തുകൊണ്ടാണ് സെന്‍കുമാറിന്റെയും ജേക്കബ് തോമസിന്റെയും കാര്യത്തില്‍ ഇത് ബാധകമാകാതിരുന്നത്? സെന്‍കുമാറിനെ തിരിച്ചെടുക്കാതിരിക്കാന്‍ ദശലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീം കോടതിയില്‍ നിയമയുദ്ധം വരെ നടത്തി സര്‍ക്കാര്‍. ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാല് തവണ നീട്ടി രണ്ട് വര്‍ഷം അദ്ദേഹത്തെ പുറത്തു നിര്‍ത്തുകയുണ്ടായി. അവസാനം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടി വന്നപ്പോള്‍ നിയമനം നല്‍കിയതാകട്ടെ തരംതാഴ്ത്തി അപ്രധാനമായൊരു തസ്തികയിലും. അതേസമയം, കോടതിയില്‍ വിചാരണ നേരിടുന്ന ഒന്നാം നമ്പര്‍ ക്രിമിനലിനെ ഇപ്പോള്‍ നിയമിച്ചത് ഉന്നത പോസ്റ്റിലും. നിയമോപദേശമെന്നത് സര്‍ക്കാര്‍ താത്പര്യത്തിനും ആവശ്യത്തിനുമനുസരിച്ച് ലഭിക്കുന്ന ഒന്നാണോ? പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ ഘടകവുമായി കൂടിയാലോചിച്ച ശേഷമാണ് തിരിച്ചെടുത്തതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. ഇത് പച്ചക്കള്ളമാണെന്ന് യൂനിയന്‍ സെക്രട്ടറി വ്യക്തമാക്കിക്കഴിഞ്ഞു.

പരിശോധനാ സമയത്ത് ശ്രീറാം വെങ്കിട്ടരാമനെ മദ്യം മണത്തിരുന്നുവെന്ന് മൊഴി കൊടുത്ത തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടവരാണ് കേസിലെ പ്രധാന തെളിവുകള്‍. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിലെ ഒരു നിര്‍ണായക തസ്തികയില്‍ ശ്രീറാം നിയമിക്കപ്പെടുമ്പോള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അത് വഴിയൊരുക്കുമെന്നു വ്യക്തം. ഇതിന് വേണ്ടിയായിരിക്കുമോ അദ്ദേഹത്തെ ആരോഗ്യവകുപ്പില്‍ തന്നെ നിയമിക്കാന്‍ ഐ എ എസ് ലോബി കരുക്കള്‍ നീക്കിയത്? അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാനും കേസിനെ അട്ടിമറിക്കാതിരിക്കാനുമാണ് സസ്‌പെന്‍ഷന്‍ നടപടി. കേസ് തീര്‍പ്പാകുന്നതു വരെ സസ്‌പെന്‍ഷനില്‍ നിര്‍ത്തിയെങ്കിലല്ലേ ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.

കേസുമായി ബന്ധപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്തുവെന്ന് സര്‍ക്കാര്‍ പറയുന്നു. ബഷീറിന്റെ വിധവക്ക് ജോലി മാത്രമായിരുന്നില്ലല്ലോ യൂനിയന്റെ ആവശ്യം. കേസ് സത്യസന്ധമായും ബാഹ്യമായ ഇടപെടലില്‍ നിന്ന് മുക്തമായും കൈകാര്യം ചെയ്യണമെന്നതും കേസില്‍ തീര്‍പ്പാകുന്നതു വരെ പ്രതിയെ സര്‍വീസില്‍ പ്രവേശിപ്പിക്കരുതെന്നതും യൂനിയന്റെ മുഖ്യ ആവശ്യങ്ങളായിരുന്നു. ഇതിനു നേരെ പുറംതിരിഞ്ഞ് ഒരും കൊടും കുറ്റവാളിയെ ഉദ്യോഗസ്ഥ ലോബിയുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി വെള്ളപൂശുകയും ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന സുപ്രധാനമായ തസ്തികയില്‍ നിയമിക്കുകയും ചെയ്തത് സര്‍ക്കാറിന്റെ പ്രതിഛായയെ തന്നെ ബാധിക്കുന്ന നടപടിയായിപ്പോയി. നീതിബോധമുള്ള കേരളീയ സമൂഹത്തെ പരിഹസിക്കല്‍ കൂടിയാണിത്.
അര്‍ധരാത്രി മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ചു ഒരു പ്രമുഖ പത്രപ്രവര്‍ത്തകനെ ഇടിച്ചു കൊന്നുവെന്നതു മാത്രമല്ല, രക്തപരിശോധനക്കു വിസമ്മതിക്കുക, സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിട്ടും അധികൃത കേന്ദ്രങ്ങളെ കബളിപ്പിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശനം നേടുക, കുറ്റം കൂടെയുണ്ടായിരുന്ന യുവതിയുടെ മേല്‍ കെട്ടിവെക്കുക, മറവിരോഗം അഭിനയിക്കുക തുടങ്ങി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാ അധാര്‍മിക കളികളും സ്വീകരിച്ച ഒന്നാം തരമൊരു ക്രിമിനലാണ് ഇയാള്‍. ഉദ്യോഗ മേഖലക്കു തീരാകളങ്കമായ ഇയാളെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിച്ച് കേസില്‍ അന്തിമ വിധി വരുന്നതു വരെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള നീതിബോധം കാണിക്കേണ്ടതാണ് സര്‍ക്കാര്‍.

Latest