Ongoing News
സംഗ്രഹിക്കാനാകാത്ത ഒരു ജീവിതം

സർഗാത്മകതയുടെയും ധിഷണയുടെയും അസാധാരണ സമന്വയമായിരുന്നു ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ. രണ്ട് നൂറ്റാണ്ടുകളിലായി പടർന്നുപന്തലിച്ച ആ ജീവിതം മുഴുവൻ അദ്ദേഹം ഒരു പോരാളിയെപ്പോലെ പോരാടി. 1928 സെപ്തംബർ 23ന് ആരംഭിച്ച ജീവിതയാത്ര 2020 മാർച്ച് 14ന് തൊണ്ണൂറ്റി രണ്ടാം വയസ്സിൽ പര്യവസാനിച്ചു. കവി, നിരൂപകൻ, ഭാഷാ ഗവേഷകൻ, ദ്രാവിഡ ഭാഷാ ശാസ്ത്രജ്ഞൻ, അധ്യാപകൻ, വിവർത്തകൻ, സാമൂഹിക- രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു. ഇടപെട്ട മേഖലകളുടെ ബഹുത്വം കൊണ്ടും സംഭാവനകളുടെ ഗരിമ കൊണ്ടും ഒരുതരത്തിലും സംഗ്രഹിക്കാനാകാത്ത വിധം ബഹുമുഖമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ 19 വയസ്സായിരുന്ന പുതുശ്ശേരി ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു കഴിഞ്ഞിരുന്നു. ആസേതുഹിമാചലം ഗാന്ധിയുടെ മന്ത്രങ്ങളാൽ മുഖരിതമാകുമ്പോൾ പുതുശ്ശേരിക്കും അതിൽ നിന്ന് വിട്ടുനിൽക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഇന്ത്യ സ്വതന്ത്രമാകുമ്പോഴേക്കും പുതുശ്ശേരിയുടെ രാഷ്ട്രീയത്തിൽ മാറ്റങ്ങൾ ഉണ്ടായിരുന്നു. പുന്നപ്ര വയലാർ സമരം അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആദർശങ്ങളിലേക്ക് ആകൃഷ്ടനാക്കി. കാമ്പിശ്ശേരിയുടെയും തോപ്പിൽഭാസിയുടെയും സ്വാധീനം അതിൽ ശക്തമായിരുന്നു.
വിദ്യാഭ്യാസകാലം സമരങ്ങളും മർദനങ്ങളും ജയിൽവാസങ്ങളും കൊണ്ട് സംഭവ ബഹുലമായിരുന്നു. എന്നാൽ, സമരങ്ങളൊന്നും അദ്ദേഹത്തിന്റെ പഠനത്തെ തളർത്തിയിരുന്നില്ല. പുന്നപ്ര വയലാർ സമരത്തിന്റെ പേരിൽ അദ്ദേഹം സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് കൊല്ലം എസ് എൻ കോളജിൽ വിദ്യാർഥിയായിരുന്നപ്പോൾ സ്റ്റുഡൻസ് ഫെഡറേഷന്റെ സജീവ പ്രവർത്തകനായിരുന്നു. തുടർന്ന് യൂനിവേഴ്‌സിറ്റി കോളജിൽ നിന്ന് ബി എ ഓണേഴ്‌സ് ഒന്നാം റാങ്കോടെയാണ് അദ്ദേഹം പാസായത്. കൊല്ലം എസ് എൻ കോളജിൽ തന്നെ അദ്ദേഹം അധ്യാപകനായി ചേരുകയും ചെയ്തു. 1967 മുതലാണ് അദ്ദേഹം യൂനിവേഴ്‌സിറ്റി ഗ്രാൻഡോടുകൂടി പ്രാചീന ഭാഷാ ഗവേഷണം ആരംഭിക്കുന്നത്. പ്രാചീന കൃതിയായ “കണ്ണശ്ശരാമായണത്തിന്റെ വിമർശനാത്മക പഠനം” അദ്ദേഹത്തിന്റെ ഗൗരവമേറിയ സംഭാവനയാണ്. ദ്രാവിഡ ഭാഷാ കുടുംബത്തിൽ മലയാളത്തിന്റെ തനിമയും ശക്തിയും എന്തെന്ന് ആ പഠനങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. പിൽക്കാലത്ത് ഭാഷയുടെ ശ്രേഷ്ഠപദവിക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ആദ്യകാല പഠനങ്ങളുടെ ബോധ്യങ്ങളിൽ നിന്നുള്ള തുടർച്ചയായിരുന്നു. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ അദ്ദേഹത്തിന്റെ മറ്റൊരു മൗലിക സംഭാവനയാണ്. “കേരളപാണിനീയ വിമർശം” പുതുശ്ശേരിയിലെ വൈയാകരണനെ നമുക്ക് കാണിച്ചുതരുന്നു.
പുതുശ്ശേരിയുടെ കവിതകളെല്ലാം അദ്ദേഹത്തിന്റെ സാമൂഹിക- രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് ഉരുവം കൊണ്ടതായിരുന്നു. അതിനാൽ അവ കാൽപ്പനികതയുടെ മഞ്ഞത്തെച്ചിപ്പൂങ്കുലകളായിരുന്നില്ല. വളരെ സോദ്ദേശ്യമായ രചനകളായിരുന്നു അദ്ദേഹത്തിന്റെത്. ആദ്യ കവിതാ സമാഹാരം 1948 പുറത്തിറങ്ങിയ “എന്റെ സ്വാതന്ത്ര്യസമര” കവിതകളായിരുന്നു. തനിക്ക് സമൂഹത്തോട് പറയാനുള്ളത് പറയാനുള്ള ഒരു മാധ്യമമായി അദ്ദേഹം കവിതയെ തിരഞ്ഞെടുത്തു. തന്റെ ബോധ്യങ്ങളാണ് അദ്ദേഹം സ്വന്തം കവിതകളിലൂടെ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായ അനുഭാവങ്ങൾ സൂക്ഷിക്കുമ്പോഴും പുതുശ്ശേരി ഒരു പടപ്പാട്ടുകാരനായി മാറിയില്ല. സമൂഹത്തിലെ തിരസ്‌കൃതർ, കർഷകർ, തൊഴിലാളികൾ, ദളിതർ, ആദിവാസികൾ തുടങ്ങിയവരെ അഭിസംബോധന ചെയ്യുന്നവയാണ് പുതുശ്ശേരിയുടെ കവിതകൾ. “ആവുന്നത്ര ഉച്ചത്തിൽ” പാടാൻ ഈ കവി എന്നുമുണ്ടായിരുന്നു. മഹാത്മാ ഗാന്ധിയും നാരായണഗുരുവുമൊക്കെ വളർത്തിയെടുക്കാൻ ശ്രമിച്ച പൗരസ്ത്യമായ ഒരു ധാർമിക ജനാധിപത്യ രാഷ്ട്രീയത്തിന്റെ പാരമ്പര്യമാണ് പുതുശ്ശേരി കവിതകളിലെ നിതാന്ത രാഷ്ട്രീയ യൗവനത്തിന്റെ വറ്റാത്ത സ്രോതസ്സെന്ന് ബി രാജീവൻ നിരീക്ഷിക്കുന്നുണ്ട്. പുതുശ്ശേരി രാമചന്ദ്രന്റെ ബഹുമുഖമായ സംഭാവനകളിൽ ഏറ്റവും പ്രമുഖം ഏതാണെന്ന് ആലോചിക്കുമ്പോൾ മലയാള ഭാഷക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് അതിലേറ്റവും സ്മരണീയം. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മലയാളത്തിന് വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. മലയാളം ഒന്നാം ഭാഷയായി. ഭരണഭാഷയായി മലയാളം അംഗീകരിക്കപ്പെട്ടു. മലയാളം ശ്രേഷ്ഠ ഭാഷാ പദവി നേടി. മലയാള സർവകലാശാല നിലവിൽ വന്നു.
കടലെടുത്തുപോയി എന്നു കരുതിയ ഒരു അവസ്ഥയിൽ നിന്ന് ഭാഷാസംബന്ധിയായ കരുതലിലേക്ക് നയിച്ചവരിൽ അഗ്രഗാമിയായി നിന്നത് പുതുശ്ശേരി രാമചന്ദ്രൻനായിരുന്നു. 2009ൽ മലയാള ഐക്യ വേദി രൂപവത്കരിക്കപ്പെട്ടപ്പോൾ ആദ്യത്തെ മൂന്ന് വർഷം അതിന്റെ അധ്യക്ഷൻ അദ്ദേഹമായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളാൽ പിൻവാങ്ങേണ്ടി വന്നപ്പോഴും ഭാഷക്ക് വേണ്ടിയുള്ള സമരത്തിൽ യുവാക്കളോടൊപ്പം എന്നും പുതുശ്ശേരി ഉണ്ടായിരുന്നു. മലയാളത്തിന് ക്ലാസിക്കൽ പദവി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഏറ്റവും മുന്നിൽ നിന്ന് പോരാടിയത് പുതുശ്ശേരിയായിരുന്നു. തമിഴിന് ക്ലാസിക് പദവി ലഭിച്ചത് ആയിരം വർഷം പഴക്കമുണ്ടെന്ന അടിസ്ഥാനത്തിലാണ്. എന്നാൽ, മലയാളത്തിന്റെ കാര്യം വന്നപ്പോൾ ആയിരം വർഷം പോരാ എന്ന നിലപാടാണ് ഉണ്ടായത്. മലയാളത്തിന് 2300 വർഷമെങ്കിലും പഴക്കമുണ്ട് എന്ന് സ്ഥാപിച്ചെടുത്തത് പുതുശ്ശേരി അധ്യക്ഷനായിട്ടുള്ള ഇന്റർ നാഷനൽ സ്‌കൂൾ ഓഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്‌സ് നേതൃത്വത്തിലാണ്. നാല് വാള്യങ്ങളുള്ള റിപ്പോർട്ടാണ് അവർ സമിതിക്ക് മുമ്പിൽ സമർപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാഷാ സ്‌നേഹവും പാണ്ഡിത്യവും തിരിച്ചറിഞ്ഞ ഒരു മുഹൂർത്തമായിരുന്നു അത്. ഇന്ന് മലയാളിക്ക് അഭിമാനത്തോടെ സ്വന്തം ഭാഷയെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നതിൽ ഗണനീയമായ സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വമായിരുന്നു പുതുശ്ശേരി രാമചന്ദ്രൻ.