Connect with us

Kerala

എം എസ് എഫ് ഭാരവാഹി പട്ടിക; ഫിറോസ് പക്ഷത്തിന് പൂര്‍ണ തിരിച്ചടി

Published

|

Last Updated

കോഴിക്കോട് |  എം എസ് എഫ് ഭാരവാഹി പട്ടിക സംബന്ധിച്ച് പി കെ ഫിറോസ് പക്ഷം ചെലുത്തിയ സമ്മര്‍ദങ്ങള്‍ ഏറ്റില്ല. ഫിറോസ് അനുകൂലികള്‍ മുന്നോട്ടുവെച്ച് മുഴുവന്‍ പേരെയും ഒഴിവാക്കി എം എസ് എഫ് സംസ്ഥാന ഭാരവാഹി പട്ടിക മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. നവാസ് വള്ളിക്കുന്നിനെ പ്രസിഡന്റായും ലത്വീഫ് തുറയൂരിനെ ജനറല്‍ സെക്രട്ടറിയാക്കിയുമാണ് പുതിയ കമ്മിറ്റി രൂപവത്ക്കരിച്ചത്. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലൂടെയാണ് ഭരവാഹികളെ തീരുമാനിച്ച വിവരം പുറത്തുവിട്ടത്. എന്നാല്‍ സംസ്ഥാന കൗണ്‍സിലെ പല ആളുകളും തീരുമാനം അറിയുന്നത് പത്ര വാര്‍ത്ത വഴിയാണെന്നും ഒരു എം എസ് എഫ് നേതാവ് പ്രതികരിച്ചു.

പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനായി കഴിഞ്ഞ മാസം കോഴിക്കോട്ട് നടന്ന എം എസ് എഫ് സംസ്ഥാന കൗണ്‍സില്‍ ബഹളിത്തില്‍ മുങ്ങുകയായിരുന്നു. ഇരു വിഭാഗവും ചേരി തിരിഞ്ഞ് വിഭാഗീയ പ്രവര്‍ത്തനം നടത്തി. സംഘടന പിടിക്കാന്‍ നടന്ന ചരടുവലികള്‍ക്ക് പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളും ഒത്താശ ചെയ്തു. യോഗത്തില്‍ നിരീക്ഷകനായെത്തിയ പാര്‍ട്ടി നേതാവിനെ പൂട്ടിയിടുന്ന സഹാചര്യമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ കമ്മീഷനെവെക്കുകയും ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏതാനും പേര്‍ക്ക് എതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ ഒരു വിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കി പട്ടിക പ്രഖ്യാപിച്ചത്.

നിഷാദ് കെ സലീമിന്റെ പേരായിരുന്നു പി കെ ഫിറോസ് വിഭാഗം സംസ്ഥാന പ്രസിഡ്ന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഷബീറിന്റെ പേരും ഇവര്‍ മുന്നോട്ടുവെച്ചു. സംസ്ഥാന കൗണ്‍സിലിലും ജില്ലാ കമ്മിറ്റികളിലും തങ്ങള്‍ക്ക് ഭൂരിഭക്ഷമുണ്ടെന്നും ഫിറോസ് വിഭാഗം അവകാശപ്പെട്ടിരുന്നു. എന്നാല്‍ മറുവിഭാഗം മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖില തങ്ങളെ മുന്നില്‍നിര്‍ത്തി കരുക്കള്‍ നീക്കുകയായിരുന്നു. നിഷാദ് കെ സലീമിന് പകരം നവാസ് വള്ളിക്കുന്നിനെ പ്രസിഡന്റാക്കാനായിരുന്നു ഇവരുടെ തീരുമാനം. അവസാനം എല്ലാ സമ്മര്‍ദങ്ങളേയും അതിജീവിച്ച് നവാസ് വള്ളിക്കുന്നിനെ അനുകൂലിക്കുന്നവര്‍ ലക്ഷ്യം കാണുകയായിരുന്നു.

ഭാരവാഹിത്വത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വനിതാ നേതാക്കളുടെ ആവശ്യത്തേയും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ചെവിക്കൊണ്ടില്ല. ഇതിലുള്ള നിരാശ ചില വനിതാ നേതാക്കള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു

 

Latest