Connect with us

Gulf

ഗതാഗതക്കുരുക്കിനെ കുറിച്ച് ആകുലപ്പെടേണ്ട; ദുബൈയില്‍ സ്‌കൈ പോഡ് റൂട്ട് മാപ്പ് തയാര്‍

Published

|

Last Updated

ദുബൈ | ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള ആകുലതകളില്ലാതെ സഞ്ചരിക്കാന്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി മറ്റൊരു യാത്രാസംവിധാനം വരുന്നു. താമസിയാതെ ദുബൈയില്‍ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ സ്‌കൈ പോഡില്‍ യാത്ര ചെയ്യാന്‍ കഴിയും. സ്‌കൈ പോഡുകളുടെ റൂട്ട് മാപ്പ് ആര്‍ ടി എ തയാറാക്കിയിട്ടുണ്ട്. നഗരത്തിലെ മനോഹരമായ കാഴ്ചകള്‍ ഇതുവഴി ആസ്വദിക്കാനും കഴിയും. മോണോറെയിലിനും സ്‌കൈ ലിഫ്റ്റിനും ഇടയിലുള്ള ഗതാഗത മാര്‍ഗമാണ് ആവിഷ്‌കരിക്കുന്നതെന്ന് ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ ബിസിനസ് ബേയെയും അല്‍ വാസലിനെയും ബന്ധിപ്പിക്കും. ബുര്‍ജ് ഖലീഫ, ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ബിസിനസ് ബേ അവന്യൂ, മറാസി ഡ്രൈവ്, ശൈഖ് സായിദ് റോഡിന് കുറുകെ അല്‍ വാസല്‍ പ്രദേശം, സിറ്റി വാക്ക്, കൊക്കക്കോള അരീന എന്നിവയിലൂടെ സ്‌കൈ പോഡ് കടന്നുപോകും. സ്‌കൈപോഡ് യാഥാര്‍ഥ്യമാക്കാന്‍ ആര്‍ ടി എ, യു കെ ആസ്ഥാനമായുള്ള ബീംകാര്‍ ലിമിറ്റഡുമായി ഈയിടെ കരാറില്‍ ഒപ്പുവച്ചു. സസ്പെന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുക.

2030ഓടെ ദുബൈയിലെ മൊത്തം പൊതു ഗതാഗത സംവിധാനങ്ങളുടെ 25 ശതമാനം സ്വയംഭരണ ട്രാന്‍സിറ്റ് മാര്‍ഗങ്ങളിലേക്ക് വഴിതിരിച്ചുവിടാന്‍ ലക്ഷ്യമിട്ടുള്ള ദുബൈ സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്പോര്‍ട്ട് സ്ട്രാറ്റജിക്ക് അനുസൃതമായിട്ടാണ് സ്‌കൈ പോഡ്. പൊതുഗതാഗത സംയോജനം വര്‍ധിപ്പിക്കുന്നതിനും ആര്‍ ടി എ ഈയിടെ ആവിഷ്‌കരിച്ച ആദ്യ, അവസാന മൈല്‍ വെല്ലുവിളിക്ക് പരിഹാരം കാണുന്നതിനും സ്‌കൈ പോഡ് ഉപകരിക്കും. ഇലക്ട്രിക് സ്‌കൈ പോഡുകള്‍ നാല് യാത്രക്കാരെ വീതം വഹിക്കും. ബിസിനസ് ബേ, ഡൗണ്‍ ടൗണ്‍, അല്‍ വാസല്‍ ജില്ലകളിലുടനീളം 50 കിലോമീറ്റര്‍ ദൂരത്തില്‍ പാത ഉണ്ടാകും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും കഴിയും.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്