പ്രകാശം പരത്തുന്ന പെൺകുട്ടികൾ

ശാരീരിക പ്രതിസന്ധികൾക്കിടയിലും സമൂഹത്തിന് ഊർജം നൽകുന്ന ലത്തീഷ അൻസാരിയുടെ ജീവിത കഥ പ്രചോദനമേകുന്നതാണ്. വിധിയോടുള്ള ഒരു പോരാട്ടമായി ഡോ. ഫാത്വിമ അസ്‌ല ജീവിതം ചേർത്തുവായിക്കണം. അസ്‌ല & ലത്തീഷ
Posted on: March 8, 2020 5:24 pm | Last updated: March 8, 2020 at 5:24 pm

തളർത്താനാണ് വിധി തീരുമാനിച്ചതെങ്കിൽ ഉയർന്നു പറക്കാനായിരുന്നു അസ്‌ലയുടെ തീരുമാനം.
പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി ഉള്ളിൽ കെട്ടിയിട്ട സ്വപ്‌നങ്ങളിലേക്ക് ഊർജത്തോടെ കൂടുതൽ തന്നിലേക്കടുപ്പിക്കുകയാണ്
ഡോ. ഫാത്വിമ അസ്‌ല. വിധിയോടുള്ള ഒരു പോരാട്ടമായി അസ്‌ലയുടെ ജീവിതം ചേർത്തുവായിക്കണം.

ഡോ. ഫാത്വിമ അസ്‌ല

നൗഫൽ പനങ്ങാട്
[email protected]

താങ്ങായും തണലായും മണ്ണിലെത്രയോ നക്ഷത്രങ്ങളിങ്ങനെ തെളിഞ്ഞു കത്തുമ്പോൾ എങ്ങനെയാണ് ചിരിക്കാതിരിക്കുക? !!. നിലാവ് പോലെ എന്നല്ലാതെ മറ്റെന്താണ് ആ ചിരിയെ വിളിക്കേണ്ടത്?? ഡോ. ഫാത്വിമ അസ്‌ലയുട ഫേസ്ബുക്കിലെ കുറിപ്പാണിത്.തളർത്താനാണ് വിധി തീരുമാനിച്ചതെങ്കിൽ ഉയർന്നു പറക്കാനായിരുന്നു അസ്‌ലയുടെ തീരുമാനം. പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി ഉള്ളിൽ കെട്ടിയിട്ട സ്വപ്‌നങ്ങളിലേക്ക് ഊർജത്തോടെ കൂടുതൽ തന്നിലേക്കടുപ്പിക്കുകയാണ് പൂനൂർ തേക്കുംതോട്ടം അബ്ദുൽ നാസറിന്റെയും ആമിനയുടെയും മകൾ ഡോ. ഫാത്വിമ അസ്‌ല. വിധിയോടുള്ള ഒരു പോരാട്ടമായി അസ്‌ലയുടെ ജീവിതം ചേർത്തുവായിക്കണം ജനിച്ച നാൾ മുതൽ തുടങ്ങിയതാണ് ഈ പോരാട്ടം. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ഹോമിയോപതി ഡോക്ടറായി അസ്‌ല പുറത്തിറങ്ങുന്നതോടെ ജീവിതത്തിലെ വലിയൊരു സ്വപ്‌നത്തിന് സാക്ഷാത്ക്കാരം കൂടിയാവാവും.

എല്ലുകളെ പ്രധാനമായും ബാധിക്കുന്ന ഒരു കൂട്ടം ജനിതക വൈകല്യങ്ങളാണ് ഓസ്റ്റിയോജനിസിസ് ഇംപെർഫെക്റ്റ അഥവാ പൊട്ടുന്ന അസ്ഥി രോഗം. എല്ലുകൾ എളുപ്പത്തിൽ തകരുന്നു. കാഠിന്യം മിതമായതോ കഠിനമോ ആകാം. കണ്ണിന്റെ വെള്ളയോട് നീലനിറം, ചെറിയ ഉയരം, അയഞ്ഞ സന്ധികൾ, കേൾവിശക്തി, ശ്വസന പ്രശ്‌നങ്ങൾ, പല്ലുകളിലെ പ്രശ്‌നങ്ങൾ എന്നിവ മറ്റ് ലക്ഷണങ്ങളിൽ ഉൾപ്പെടാം.

പിറന്നനാൾ മുതൽ തുടങ്ങിയതാണ് വിധിയോടുള്ള അസ്‌ലയുടെ പോരാട്ടം. ഇടതുകാലിന്റെ തുടയെല്ലുകൾ പൊട്ടിയത് അമ്പതിലേറെ തവണയാണ്. ശക്തമായി ഒന്നു തുമ്മിയാൽപോലും എല്ല് പൊടിഞ്ഞുപോകുന്ന അവസ്ഥയാണ്.അമ്പതോളം തവണയാണ് ഇങ്ങനെ പൊട്ടൽ സംഭവിച്ചത്. ഭൂമിയിലേക്ക് വീണ് മൂന്നാം നാൾ തുടങ്ങിയതാണ് എല്ല് നുറുങ്ങുന്ന അവസ്ഥ. ഇടതുകാലിന്റെ തടയിൽ ഇതിനകം അമ്പതിലേറെ തവണ പൊട്ടിേപ്പായിട്ടുണ്ട്. സമപ്രായക്കാർ ഓടിക്കളിക്കുമ്പോൾ അവൾ വീൽചെയറിലായിരുന്നു. ഒതുങ്ങി ഒരുങ്ങിയാണ് വളർന്നത്.
പലപ്പോഴും നാല് ചുമരുകൾക്കുള്ളിൽ തളച്ചിടേണ്ട ബാല്യം പക്ഷെ, ഉള്ളിൽ പഠിക്കണമെന്ന അതിയായ ആഗ്രഹത്തിന് ഉമ്മ കൂട്ടായപ്പോൾ കലാലയ ജീവിതത്തിന് നിറം വെച്ചുതുടങ്ങി. ഒരു കൈയിൽ അവളെയും മറുകൈയിൽ ബാഗുമെടുത്ത് പൂനൂർ ജി യു പി സ്‌കൂളിലെ നിത്യ കാഴ്ചയായി ഇവർ മാറി. അധ്യാപകരും സഹപാഠികളും ചേർത്തുനിർത്തിയതോടെ പരിമിധികളിലേക്ക് നോക്കാതെ കഴിവുകൾക്കൊപ്പം പറക്കാനായിരുന്നു അസ്‌ല മനസ്സിലാഗ്രഹിച്ചത്. എങ്ങനെ മറികടക്കും എന്നായിരുന്നു ചിന്ത. പലപ്പോഴും ഇത്തരം ആളുകൾക്ക് സമൂഹത്തിന്റെ മുന്നിൽ അംഗീകാരം കിട്ടുകയെന്നത് പ്രയാസമാണ്. എന്നാലും തളരാതെ പതറാതെ അസ്‌ല പിടിച്ചുനിൽക്കുകയായിരുന്നു. മുന്നിൽ ഓടാനായിരുന്നില്ല ആ പ്രയാണം. ഒപ്പം നടക്കാൻ വേണ്ടി മാത്രമായിരുന്നു. കടന്നെത്തിയ വിധിയെ തോൽപ്പിച്ചുകൊണ്ടാണെന്നു മാത്രം. അടച്ചിട്ട റൂമിനുള്ളിൽ നിന്ന് വിശാലമായ ആകാശം മാടിവിളിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ടായിരുന്നു. എന്നാൽ , മാറി മാറിവരുന്ന പരീക്ഷണ ഘട്ടങ്ങളെയെല്ലാം മറി കടക്കാൻ അസ്‌ല പാകപ്പെട്ടിരുന്നു എന്നതിന് തെളിവാണ് പത്താം ക്ലാസിലെ അനുഭവം.

എസ് എസ് എൽ സി പരീക്ഷക്ക് ആറ് മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് എല്ല് പൊട്ടുന്നത്. കാത്തിരുന്ന പരീക്ഷ എഴുതാൻ സാധിക്കുമോ എന്ന ആശങ്ക. പഠിക്കാനാണെങ്കിൽ ഇനിയും ഒരുപാട് ബാക്കിയുണ്ട്.
സാമ്പത്തികമായി പിന്നാക്കമായതിനാൽ ട്യൂഷനുപോകാൻ സാധിച്ചിരുന്നില്ല. എന്നാൽ, തളരാത്ത മനസ്സുള്ളപ്പോൾ ഏത് പരീക്ഷയെയാണ് വിജയിക്കാൻ സാധിക്കാത്തത്. എന്തു വന്നാലും പരീക്ഷ എഴുതുമെന്ന ഒറ്റ വാശിയായിരുന്നു. ഉറച്ച തീരുമാനത്തിനു മുന്നിൽ വിധിക്ക് തോറ്റുകൊടുക്കുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല. കാല് അനങ്ങാതിരിക്കാൻ വീൽചെയറിലിരുന്ന് കൊണ്ട് അവൾ പരീക്ഷയെഴുതി. റിസൽട്ട് വന്നപ്പോൾ പ്രതീക്ഷകൾക്കുമപ്പുമായിരുന്നു..

ചുവടുകൾ മുന്നോട്ട്

എസ് എസ് എൽ സിയിലെ മികച്ച വിജയം കുഞ്ഞു നാളിൽ കൂടെ കൂടിയ സ്വപ്‌നത്തിന് കൂടുതൽ ചിറക് മുളപ്പിക്കുകയായിരുന്നു. കുട്ടിക്കാലം മുതലേ ആശുപത്രി കയറിയിറങ്ങിയ അസ്‌ലയുടെ ഉള്ളിൽ ഒരു ഡോക്ടറാകുക എന്ന സ്വപ്‌നം ഊറിക്കിടന്നിരുന്നു. എന്നാൽ, സയൻസ്എടുത്തു പഠിക്കുകയെന്നത് അത്ര ശ്രമകരമായിരുന്നില്ല. അലോട്ട്‌മെന്റ്സമയത്ത് പലരും പറഞ്ഞത് ഹ്യൂമാനീറ്റീസ് പോലുള്ള വിഷയം പഠിച്ചാൽ മതിയെന്നും സയൻസ് പഠിക്കാൻ സാധിക്കുകയില്ലെന്നുമായിരുന്നു. ഉള്ളിൽ അടങ്ങാത്ത ആഗ്രഹമുള്ള ഒരാളുടെ ഇച്ചാശക്തിയെ പിടിച്ചുകെട്ടാൻ പക്ഷേ, ഈ വാക്കുകൾക്കൊന്നും സാധിക്കുമായിരുന്നില്ല. പ്രാക്ടിക്കലൊന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു അവരുടെ വാദം. എന്നാൽ, റിസൾട്ട് വന്നപ്പോൾ. പ്രാക്ടിക്കലിൽ ഫുൾ മാർക്കുമായി ഇവരെ ഞെട്ടിച്ചുകളഞ്ഞു. മെഡിക്കൽ എൻട്രൻസ് കടമ്പ മറികടക്കുകയെന്നത് വലിയെ വെല്ലുവിളിയായിരുന്നു. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ മെഡിക്കൽബോഡിന്റെ മുന്നിൽഹാജറാവണമെന്ന നിബന്ധനയുണ്ട്. എന്നാൽ, അവിടെയും നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നു. ഒരിക്കൽപോലും ഒരു ഡോക്ടറാകാൻ സാധിക്കുകയില്ല എന്നു പറഞ്ഞ് അവർ അസ്‌ലയെ മടക്കിയയച്ചു.

പോരുമ്പോൾ ഒരു ഉപദേശവും. സയൻസ് പഠിക്കാൻ സാധിക്കില്ല. മറ്റ് ഡിഗ്രി കോഴ്‌സുകൾ തിരഞ്ഞെടുക്കുക എന്നായിരുന്നു ആ ഉപദേശം. എല്ലാം കേട്ട് അവിടെ നിന്നും മടങ്ങുമ്പോഴും അപമാനിക്കാൻ വിളിച്ചു വരുത്തിയത് പോലെയാണ് അന്ന് തോന്നിയത്. ലോകം ഇടിഞ്ഞു താഴുന്നത് പോലെ തോന്നി. എന്നാൽ, തന്റെ സ്പനങ്ങളുടെ ആഴം മനസ്സിലാക്കാൻ നിങ്ങൾക്കൊരിക്കലും സാധിക്കുകയില്ല ഞാൻ പഠിച്ച് ഇതുവരെ എത്തിയെങ്കിൽ എനിക്കൊരു ഡോക്ടറാകണം. ഞാൻ അതാകുക തന്നെ ചെയ്യുമെന്ന മറുപടി അധികാരികളുടെ കാതിൽ മുഴക്കിയാണ് അവിടെനിന്നും മടങ്ങിയത്. ആ മറുപടി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കുടുംബവും കൂട്ടുകാരുമെല്ലാം അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അസ്്ലയെ ഏറ്റെടുത്ത് പഠിപ്പിച്ച മർക്കസുസ്സഖാഫത്തുസുന്നിയ്യയുടെ സാരഥികളും കുടുംബവും അവളുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്നു. അങ്ങനെ ജീവിതത്തിൽ ആദ്യമായി സ്വന്തം കാലിൽ നിന്നത് അന്നാണ്. ഒരു മാസം വാക്കറിൽ നടന്നുപഠിച്ചു. തന്റെ ഇച്ഛകൾക്കു മുന്നിൽ തടസ്സം പറഞ്ഞ അധികാരികളുടെ മുന്നിൽ തോറ്റുകൊടുക്കാൻ മനസ്സില്ലെന്ന പ്രഖ്യാപനം കൂടിയായിരുന്നു ആ നടത്തം. എൻട്രൻസ് പരീക്ഷയിൽ മോശമല്ലാത്ത റാങ്ക് നേടി വീണ്ടും അധികാരികളുടെ മുന്നിലെത്തിയ അസ്‌ലക്ക് അനുമതി കൊടുക്കുകയല്ലാതെ അവർക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു. എന്നാൽ, അലോപ്പതി പഠിക്കാൻ ഈയവസ്ഥയിൽ സാധിക്കുകയില്ലെന്ന് തിരിച്ചറിഞ്ഞ അസ്‌ല ഹോമിയോപ്പതി തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ കോട്ടയം എൻ എസ് എസ് ഹോമിയോപ്പതി മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടി. ഉപ്പയും ഉമ്മയും മാറിമാറി കൂട്ടുനിന്നു. രണ്ടാം നിലയിലെ ക്ലാസ് റൂമിലെത്താൻ പലപ്പോഴും ബുദ്ധിമുട്ടനുഭിച്ചിരുന്നത് മനസ്സിലാക്കിയ കോളജ് അധികൃതർ റാംപ് സ്ഥാപിച്ചുകൊണ്ട് ഇതിനു പരിഹാരം കണ്ടെത്തി. ലാബ്, ലൈബ്രറി എന്നിവ മുകൾ നിലയിലാണ് പലപ്പോഴും സഹപാഠികൾ എടുത്തുകൊണ്ടുപോയാണ് ഈ സൗകര്യങ്ങൾ ഉപയോഗിക്കാറുള്ളത്. ആ കൈത്താങ്ങിൽ ബുദ്ധിമുട്ടറിയാതെയാണ് ക്യാമ്പസ് ജീവിതം കടന്നുപോകുന്നത്. അടുത്ത മെയ് മാസം കോഴ്‌സ് കഴിയും. ജൂലൈയിൽ പരീക്ഷയാണ്. വിജയിച്ചാൽ ഹൗസ് സർജൻസിക്കു ചേരണം. തുടർന്ന് പി ജി ചെയ്യണമെന്നാണ് ആഗ്രഹം. കോഴിക്കോട് ഗവ. ഹോമിയോ കോളജിൽ പഠിക്കാനാണ് ആഗ്രഹിക്കുന്നത്. കോഴിക്കോട് എത്തിയാൽ നിരവധി കാര്യങ്ങൾ തനിക്ക് ചെയ്യാനുണ്ടെന്നുമാണ് നിരവധി പേർക്ക് പ്രചോദനം നൽകുന്ന അസ്‌ല പറയുന്നത്.

പ്രചോദനം ഈ വാക്കുകൾ

സ്വന്തം ജീവിതം മറ്റുള്ളവർക്ക് പ്രചോദനമാകാൻ dream beyond infinity എന്ന ബ്ലോഗിലൂടെ അസ് ല ശ്രമിക്കുന്നു. ജോഷ് ടോക്ക് വീഡിയോയിലൂടെ ഒന്നര ലക്ഷത്തോളം പേരാണ് അസ്‌ലയുടെ ജീവിതകഥ അറിഞ്ഞത്. മാറ്റിനിർത്താൻ ശ്രമിച്ചപ്പോഴും കൂടെ നിർത്തിയവരെ ഓർക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോൾ കൂടെ ചേർത്തുനിർത്തിയ അഞ്ജിതയുടെ മനസ്സിന്റെ വലുപ്പം എത്ര വർണിച്ചാലും തീരില്ല. ക്ലാസ് മുറികളിൽ കൂട്ടുകാർക്കൊപ്പം നടക്കാൻ അവളൊരുക്കിയ അവസരങ്ങൾ വലുതായിരുന്നു. ജീവകാരുണ്യ പ്രവർത്തകൻ ഷമീർ ബാവ, അധ്യാപകരായ ഹഖീം മാസ്റ്റർ, സുവർണ, ക്ലാര, സുനിത എല്ലാവരും കൂടെ നിർത്തിയിട്ടുണ്ട്. സ്വന്തം അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന അസ്‌ലയുടെ കുത്തിക്കുറിക്കലുകൾ പുസ്തകരൂപത്തിൽ ഇറക്കാനുള്ള ശ്രമത്തിലാണ്.
ആർക്കാണ് സ്വപനം കളഞ്ഞു ജീവിക്കാൻ സാധിക്കുക. നമ്മുടെ സ്വപനങ്ങൾ മറ്റാർക്കും വിട്ടുകൊടുക്കരുത്. അങ്ങനെ വിട്ടുകൊടുത്താൽ ജീവിതകാലം മുഴുവൻ ആ കുറ്റബോധവുമായി ജീവിക്കേണ്ടി വരും. അസ്‌ല പറയുന്നു. സ്വപ്‌നം യാഥാർഥ്യമാക്കാൻ ശ്രമിക്കുക. പരാജയമുണ്ടാകും. നമ്മൾ തയ്യാറായാൽ സ്വപ്നം യാഥാർഥ്യമാകാൻ കൂടെ വരും.പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി ഉള്ളിൽ കെട്ടിയിട്ട സ്വപ്‌നങ്ങളിലേക്ക് ഊർജത്തോടെ കൂടുതൽ തന്നിലേക്കടുപ്പിക്കുകയാണ് അസ്്ല. സാധാരണ മനുഷ്യരെ പേടിപ്പെടുത്തുന്ന പരിമിതികൾക്കുള്ളിലും അസാമാന്യ ധീരതയും നിശ്ചയദാർഢ്യവുമുള്ള ഈ മിടുക്കി വലിയ സ്വപ്‌നങ്ങൾ കാണുന്നതിൽ, അതു യാഥാർഥ്യമാക്കാനുള്ള യാത്രയിൽ ആശ്ചര്യപ്പെടുത്തുന്ന കരുത്തായി നമുക്ക് മുന്നിൽ സദാ ചുണ്ടിലൊളിപ്പിച്ച ചെറുപുഞ്ചിരിയോടെ പ്രകാശം പരത്തിക്കൊണ്ടേയിരിക്കുകയാണ്.


ലത്തീഷ അൻസാരി

2019ലെ ഡോ. ബട്രാസ് പോസിറ്റിവ് ഹെൽത്ത് അവാർഡ് ലഭിച്ചവരിൽ ഒരാൾ ലത്തീഷ അൻസാരിയായിരുന്നു. ഓക്‌സിജൻ സിലിൻഡറുമായി ഐ എ എസ് എന്ന സ്വപ്‌നത്തിന് പിറകെ പോയ ലത്തീഷയുടെ ഇച്ഛാശക്തിക്കായിരുന്നു അവാർഡ്. ശാരീരിക പ്രതിസന്ധികൾക്കിടയിലും സമൂഹത്തിന് ഊർജം
നൽകുന്ന ലത്തീഷ അൻസാരിയുടെ ജീവിത കഥ പ്രചോദനമേകുന്നതാണ്.

എസ് ഷാജഹാൻ
[email protected]

ശാരീരിക പരിമിതികളെ ഇച്ഛാശക്തികൊണ്ട് തോൽപ്പിക്കുകയാണ് ഇരുപത്തിയാറുകാരിയായ ലത്തീഷ. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് മൻസൂർ ഹോട്ടൽ എന്ന സ്ഥാപനം നടത്തുന്ന എരുമേലി പുത്തൻപീടികയിൽ പി എസ് അൻസാരിയുടെയും ജമീലയുടെയും രണ്ട് പെൺമക്കളിൽ ഇളയവളാണ് ലത്തീഷ. ശാരീരിക വെല്ലുവിളികളോട് പൊരുതി ഓക്‌സിജൻ മാസ്‌കും ധരിച്ച് സിവിൽ സർവീസ് പരീക്ഷയെഴുതിയ ലത്തീഷ അൻസാരിയുടെ ജീവിത കഥ പിന്നീട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെ എരുമേലി വാവരു സ്‌കൂളിലാണ് ലത്തീഷയുടെ പഠനം. തുടർന്ന് പ്ലസ്ടു വരെ വരെ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലും. അവിടുത്തെ അധ്യാപകരും സുഹൃത്തുക്കളും ഇന്നും ലത്തീഷയോടൊപ്പം ഉണ്ട്. 80 ശതമാനത്തിലേറെ മാർക്കോടെയാണ് എം ഇ എസ് കോളജ് എരുമേലിയിൽ നിന്ന് ബി കോമും എം കോമും പാസായത്.

പഠന രംഗത്തെ മികവിനോടൊപ്പം തന്നെ സംഗീതരംഗത്തും ചിത്രരചന രംഗത്തും ലത്തീഷ മികവ് തെളിയിച്ചിട്ടുണ്ട്. വളരെ മനോഹരമായി കീബോർഡ് വായിക്കുന്ന ഈ പെൺകുട്ടി വിവിധ ചാനലുകളിലെ ഉൾപ്പെടെ ധാരാളം വേദികളിൽ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ലത്തീഷയുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്ന ആരെയും ആകർഷിക്കുന്നത് മനോഹരമായ ഗ്ലാസ് പെയിന്റിംഗുകളാണ്. തന്റെ മനസ്സിലെ വർണക്കൂട്ടുകൾ അവൾ മിഴിവോടെ ചിത്രങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു. സ്‌കൂളുകളിലും കോളജുകളിലും മോട്ടിവേഷൻ ടോക്ക് നടത്താനായി ലത്തീഷ പോകാറുണ്ട്. ആദ്യമായി കുട്ടികളോട് സംസാരിക്കാൻ ക്ഷണിക്കപ്പെട്ടത് നെടുങ്കണ്ടം എം ഇ എസ് കോളജിലേക്കായിരുന്നു. ആ അനുഭവം ലത്തീഷ ഓർക്കുന്നത് ഇങ്ങനെ “കുട്ടികളോട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് വലിയ ഒരു അനുഭവമായിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു മണിക്കൂറുകൾ കടന്നുപോയത് അറിഞ്ഞതേയില്ല. അവർക്ക് ഞാനൊരു പ്രചോദനമായിരുന്നുവെന്ന് പറയുമ്പോഴും എനിക്ക് അവരും വലിയ പ്രചോദനമാണ് നൽകിയത് എന്നതാണ് സത്യം. തുടർന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകാൻ എനിക്ക് ആത്മവിശ്വാസം നൽകിയത് അവിടുത്തെ അനുഭവമായിരുന്നു.’
എരുമേലി എം ഇ എസ് കോളജിൽ നിന്ന് ഉയർന്ന മാർക്കോടെയാണ് പി ജി പഠനം പൂർത്തിയാക്കിയത്. ഇതോടെ എരുമേലി കോ- ഓപറേറ്റീവ് ബേങ്കിൽ ജോലിയും കിട്ടി. എന്നാൽ, ഇതിനിടെ ശ്വാസതടസ്സം കലശലായി. പിന്നീട് ഓക്‌സിജൻ സിലിൻഡറില്ലാതെ ശ്വസിക്കാൻ കഴിയാത്ത അവസ്ഥയായി. ഇതോടെ എരുമേലി കോ- ഓപറേറ്റീവ് ബേങ്കിൽ ലഭിച്ച ജോലി ഉപേക്ഷിക്കേണ്ടി വന്നു.

വെല്ലുവിളികളെ അതിജീവിച്ച്

രണ്ട് വർഷം മുമ്പ് പാലാ സെന്റ് തോമസ് കോളജിലായിരുന്നു സിവിൽ സർവീസിന് കോച്ചിംഗിന് പോയിരുന്നത്. എന്നാൽ, ആദ്യത്തെ തവണ പരീക്ഷാ സമയത്ത് പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിൽ ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വന്നു. അടുത്ത തവണ ആകട്ടെ കടുത്ത ശ്വാസതടസ്സം മൂലം എഴുതാൻ സാധിച്ചില്ല. ഇത്തരം വെല്ലുവിളികൾ ഉണ്ടായിട്ടും പരീക്ഷയെഴുതിയേ തീരൂ എന്ന ദൃഢനിശ്ചയത്തോടെയായിരുന്നു മൂന്നാം തവണ ലത്തീഷ തിരുവനന്തപുരം എൽ ബി എസ് എൻജിനീയറിംഗ് കോളജിൽ പരീക്ഷയെഴുതാനെത്തിയത്. ഉമ്മയും ബാപ്പയും ചേർന്ന് പ്രത്യേക വാഹനത്തിലാണ് തിരുവനന്തപുരത്തെത്തിച്ചത്.
സിവിൽ സർവീസ് ലഭിച്ചാൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി ചിലതെല്ലാം പ്രവർത്തിക്കണമെന്ന് ലത്തീഷ ഉറപ്പിച്ചിട്ടുണ്ട്. “മാതാപിതാക്കൾക്ക് കൊണ്ടുപോകാൻ കഴിയാത്ത കുട്ടികൾ വിദ്യാഭ്യാസം പോലും ലഭിക്കാതെ മുന്നോട്ടുപോകേണ്ടി വരുന്ന അവസ്ഥ പലപ്പോഴും കണ്ടിട്ടുണ്ട്. അത് അവസാനിപ്പിക്കാൻ എന്തു ചെയ്യാനാകുമെന്നാണ് ഞാൻ നോക്കുന്നത്. അതിനായി ഓൺലൈൻ ട്യൂഷനുമെടുക്കുന്നുണ്ട്. ലത്തീഷയെപ്പോലെ ധാരാളം കുട്ടികൾ ഇതേ വൈകല്യവുമായി ജീവിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തി ആത്മവിശ്വാസം പകർന്നുതന്നത് അമൃതവർഷിണി എന്ന സംഘടനയാണ്. തീർത്താൽ തീരാത്ത കടപ്പാടാണ് സംഘടനയോടുള്ളത്’ ലത്തീഷ പറഞ്ഞു. ലത്തീഷ സിവിൽ സർവീസ് പരീക്ഷയെഴുതി പത്രത്തിലും മറ്റു മാധ്യമങ്ങളിലും വാർത്ത വന്നതോടെ അംഗപരിമിതരായ മറ്റ് അനേകം കുട്ടികൾ തങ്ങൾക്കും പഠിച്ചുയരണം എന്ന ആഗ്രഹവുമായി മുന്നോട്ടുവന്നിട്ടുണ്ട്. അവരെയൊക്കെ പ്രചോദിപ്പിക്കാൻ ലത്തീഷക്ക് ആകുന്നു എന്നതാണ് അവളുടെ ഏറ്റവും വലിയ നേട്ടം’.

2019ലെ ഡോ. ബട്രാസ് പോസിറ്റിവ് ഹെൽത്ത് അവാർഡ് ലഭിച്ചവരിൽ ഒരാൾ ലത്തീഷ അൻസാരിയായിരുന്നു. ഓക്‌സിജൻ സിലിണ്ടറുമായി ഐ എ എസ് എന്ന സ്വപ്‌നത്തിന് പിറകെ പോയ ലത്തീഷയുടെ ഇച്ഛാശക്തിക്കായിരുന്നു അവാർഡ്. ശാരീരിക പ്രതിസന്ധികൾക്കിടയിലും സമൂഹത്തിന് പ്രകാശം പരത്തുന്ന ഒരുപിടി വ്യക്തിത്വങ്ങളെ ആദരിക്കലായിരുന്നു അവാർഡ് ദാനച്ചടങ്ങ്.
ബ്രിട്ടിൽ ബോൺ രോഗബാധിതർക്ക് സാധാരണ ഗതിയിൽ ശ്വസന പ്രശ്‌നങ്ങൾ ഉണ്ടാകാറില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, ലത്തീഷക്ക് ചെറുപ്രായത്തിൽ തന്നെ സാധാരണ നിലയിൽ ശ്വസിക്കാൻ തടസ്സമുണ്ടായിരുന്നു. എങ്കിലും രണ്ട് വർഷം മുമ്പുണ്ടായ പ്രളയത്തിനിടയിൽ പിടികൂടിയ നെഞ്ചിലെ അണുബാധ ചികിത്സ കൂടുതൽ സങ്കീർണമാക്കി. ഇതിന് കാരണമായ പൾമണറി ഹൈപ്പർ ടെൻഷന് തിരുവനന്തപുരം കോസ്‌മോ പൊളിറ്റൻ ഹോസ്പിറ്റലിലെ ചികിൽസയിലാണ് ലത്തീഷ അൻസാരി.

ഡോ. സോഫിയയും ഡോ. രവീന്ദ്രനുമാണ് ഇവിടെ ലത്തീഷക്ക് ആവശ്യമായ ചികിത്സ നൽകുന്നത്. ഇതിനോടൊപ്പം എസ് യു ടി ആശുപത്രിയിലെ രാജലക്ഷ്മിയും ലത്തീഷയുടെ ചികിത്സക്കുള്ള ഡോക്ടർമാരുടെ പാനലിൽ അംഗങ്ങളാണ്. ഏത് സമയത്തും ലഭിക്കുന്ന ഡോക്ടർമാരുടെ സഹായമാണ് ഇപ്പോൾ ലത്തീഷയുടെ ആത്മവിശ്വാത്തിന് കരുത്തേകുന്നത്. താൻ ആഗ്രഹിക്കുന്ന എല്ലായിടത്തും എന്നെ കൊണ്ടെത്തിക്കുന്ന ഉമ്മയും ബാപ്പയുമാണ് തന്റെ ഊർജസ്രോതസ്സ് എന്ന് ലത്തീഷ പറയുന്നു. “എന്നെ അവർക്ക് കിട്ടിയ നിധിയായി കരുതി ഏത് സാഹചര്യവും തരണം ചെയ്യാൻ പഠിപ്പിച്ച അവരുടെ അഭിമാനത്തിനൊത്തുയരാൻ വേണ്ടിയാണ് ഇന്ന് ഞാൻ കഠിനാധ്വാനം ചെയ്യുന്നത്. യാത്ര എനിക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്. എനിക്കിഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര കൊണ്ടുപോകാൻ പോലും അവർ കാണിക്കുന്ന ശ്രദ്ധ അത്ര വലുതാണ്.’ മാതാപിതാക്കളെ കുറിച്ച് പറയുമ്പോൾ ലത്തീഷയുടെ കണ്ണ് നിറയുന്നു. മാതാപിതാക്കൾക്കൊപ്പം ലത്തീഷയുടെ സഹോദരി ലാമിയയുടെ മകൾ ഫയറുസ്സയും ലത്തീഷയുടെ ജീവിതത്തിന് താളം കണ്ടെത്തുന്നതിന് കൂടെയുണ്ട്.

വേണം അൽപ്പം ഓക്‌സിജൻ

ലത്തീഷയുടെ ജീവിതം ചെലവേറിയതാണ്. ചികിത്സയും ശാരീരിക പ്രതിസന്ധിയും തരണം ചെയ്ത് മുന്നോട്ടുപോകുന്ന ലത്തീഷയുടെ ജീവിതത്തിൽ കുടുംബം ആവശ്യപ്പെടുന്നത് ജീവൻ നിലനിർത്തുന്നതിന് ഒരൽപ്പം ഓക്‌സിജൻ വേണം. മരുന്നിനും മറ്റുമായി ദൈനംദിനം 2000 രൂപ ചെലവ് വരും. ഇതിനോടൊപ്പം ഓക്‌സിജനു വേണ്ടിയും ആയിരങ്ങൾ. ഇതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയന് ലത്തീഷ തന്റെ ജീവിതം വരച്ചുകാട്ടി ഒരു കത്തെഴുതിയിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോൾ കൂടെയുള്ള പോർട്ടബ്ൾ ഓക്‌സിജൻ കിറ്റ്. ഇതിന് 2.5 ലക്ഷം രൂപ വിലവരുമെന്ന് ലത്തീഷയുടെ പിതാവ് അൻസാരി പറഞ്ഞു. എന്നാൽ, പോർട്ടബ്ൾ ഓക്‌സിജൻ സിലിൻഡർ തുടർച്ചയായി ഉപയോഗിക്കാൻ കഴിയില്ല. ആ സമയത്ത് സാധാരണ ഓക്‌സിജനാണ് കൊടുക്കേണ്ടത്. ലത്തീഷയുടെ ജീവിതം കേട്ടറിഞ്ഞ കാനഡയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെ സംഭാവനയാണ് ലത്തീഷയുടെ ചലനത്തിന് സഹായിയായ പവർവീൽ ചെയർ.
ചുറ്റും നടക്കുന്ന സംഭവങ്ങളെ അനുഭവിച്ചറിഞ്ഞും നിരീക്ഷിച്ചും ഒരു പാഠപുസ്തകം ആക്കിയിരുന്നു ഇതിനോടകം ലത്തീഷ. ഇത് തെളിയിക്കുന്നതാണ് സിവിൽ സർവീസിലേക്കുള്ള ചുവടുവെപ്പ്. വർഷങ്ങൾക്ക് മുമ്പ് കോട്ടയം കലക്ടറേറ്റിൽ ജില്ലാ കലക്ടറെ കാണാൻ പോയ സംഭവം ലത്തീഷയുടെ ജീവിതത്തിലും ഒരു വഴിത്തിരിവായി. കലക്ടറെ കാണുന്നതിനുള്ള കാത്തിരിപ്പാണ് ഇതിന് കാരണം. എങ്കിൽ തനിക്കും എന്തെങ്കിലും സമുഹത്തിന് വേണ്ടി ചെയ്യണമെന്ന തോന്നൽ. ഇതിനിടയിലും ഐ എ എസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിയുടെ പേര് ഓർത്തെടുത്ത് ലത്തീഷ പങ്കുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നു കാണണം, ഒപ്പം മമ്മൂട്ടിയെയും.

എല്ലുപൊടിയുന്ന ബ്രിട്ടിൽ ബോൺ ഡിസീസ് എന്ന ജനതിക രോഗമാണ് ലത്തീഷ അൻസാരിക്ക്. ജനിച്ച വീണ സമയം മുതൽ ഇന്നോളം വേദനയിലൂടെ മാത്രം ജീവിക്കുന്ന ലത്തീഷ ഓക്‌സിജൻ മാക്‌സും ധരിച്ച് വീൽചെയറിൽ സിവിൽ സർവീസ് പരീക്ഷ എഴുതാനെത്തിയതോടെയാണ് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഡോ. ബാട്രാസ് പോസിറ്റീവ് ഹെൽത്ത് അവാർഡ് വാങ്ങാൻ ബോംബെയിലെത്തിയതോടെ ബോളിവുഡിലും ലത്തീഷക്ക് ആരാധകരുണ്ടായി. ഇപ്പോൾ 26 വയസ്സായെങ്കിലും കാഴ്ചയിൽ പത്ത് വയസ്സേ തോന്നിക്കൂ. രോഗങ്ങളോട് പൊരുതി പരീക്ഷയിലും ജീവിതത്തിലും ജയിക്കാൻ തന്നെയാണ് ലത്തീഷയുടെ തീരുമാനം.