ശേഷിപ്പുകളുടെ സൂക്ഷിപ്പുകാർ

നാണയ കറൻസി പുരാവസ്തു ശേഖരണത്തിലേർപ്പെട്ടവരുടെ ജീവിതം തികച്ചും വ്യത്യസ്തമാണ്. പഴയ കാലത്തെ പേപ്പറുകളും താളിയോലകളും മറ്റു വസ്തുക്കളുമെല്ലാം വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നത് കണ്ടാൽ ആശ്ചര്യം തോന്നും. തങ്ങളുടെ വരുമാന മാർഗമായിട്ടല്ല ഇതെല്ലാം അവർ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും. മറിച്ച് പൂർവികരുടെ പാതയോടും ചരിത്രത്തോടുമുള്ള പൗരന്റെ കടമ നിർവഹിക്കുകയാണവർ. ഓരോ പുരാവസ്തുവിനും ഒരു ചരിത്രമെങ്കിലും പറയാനുണ്ടാകുമെന്ന് ഇവർ തീർച്ചപ്പെടുത്തുന്നു.
Posted on: February 6, 2020 2:57 pm | Last updated: February 6, 2020 at 2:57 pm
ജമാലുദ്ദീൻ, ലത്വീഫ് എം കെ, ഉസ്മാൻ ചൊക്ലി

ആക്രിക്കടകളിലേക്ക് തള്ളിയ വസ്തുക്കൾ വൻവില കൊടുത്തു വാങ്ങുക. ഒരു നോട്ട് കൈവശപ്പെടുത്താൻ 65,000 രൂപ ചെവലഴിക്കുക. പാഴ്്വസ്തുക്കൾ സ്വന്തമാക്കാൻ സാഹസിക യാത്രകൾ… നാണയ കറൻസി പുരാവസ്തു ശേഖരണത്തിലേർപ്പെട്ടവരുടെ ജീവിതം ഇങ്ങനെയൊക്കെയാണ്. കേൾക്കുമ്പോൾ കിറുക്കാണെന്ന് തോന്നാം. എന്നാൽ, ഇത് ചരിത്രങ്ങളുടെയും വിസ്മയങ്ങളുടെയും കലവറയാണ്. ഓരോ പുരാവസ്തുവിനും ഒരു ചരിത്രമെങ്കിലും പറയാനുണ്ടാകുമെന്ന് ഇവർ തീർച്ചപ്പെടുത്തുന്നു. തങ്ങളുടെ വരുമാന മാർഗമായിട്ടല്ല ഇതെല്ലാം അവർ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും. മറിച്ച് പൂർവികരുടെ പാതയോടും ചരിത്രത്തോടുമുള്ള പൗരന്റെ കടമ നിർവഹിക്കുകയാണവർ. വൻതുക ചെലവഴിച്ചും സാഹസപ്പെട്ടുമാണ് പലപ്പോഴും ഈ ചരിത്ര ശേഷിപ്പുകൾ ശേഖരിക്കുന്നത്. ശേഖരിച്ചാൽ തന്നെ അത് സൂക്ഷിക്കുക എന്നതും വെല്ലുവിളികൾ നിറഞ്ഞതാണ്. വർഷങ്ങൾ പഴക്കമുള്ള പേപ്പറുകളും താളിയോലകളും സൂക്ഷിക്കുക എന്നത് ഏറെ പ്രയാസകരമാണ്. ചരിത്ര ശേഷിപ്പുകൾ നശിക്കരുത്, വരും തലമുറക്ക് പാഠമായി അത് നിലനിൽക്കണം എന്ന ലക്ഷ്യത്തോടെ എല്ലാ വെല്ലുവിളികളെയും അതിജയിക്കുകയാണിവർ.

ലത്വീഫ് എം കെ

നോട്ടുകളുടെ ഇഷ്ടതോഴൻ

വിവിധ രാജ്യങ്ങളുടെ നാണയങ്ങളും കറൻസികളും ശേഖരിക്കുന്നവർ നിരവധിയാണ്. അവരിൽ നിന്ന് ഏറെ വ്യത്യസ്തനാണ് കോഴിക്കോട് നടക്കാവ് സ്വദേശിയായ ലത്വീഫ് എം കെ. ഇദ്ദേഹത്തിന്റെ ശേഖരണം അതിശയിപ്പിക്കുന്നതാണ്. കറൻസികളിലെ സീരിയൽ നമ്പറുകളിലാണ് ലത്വീഫിന്റെ കളി. ഫാൻസി സീരിയൽ നമ്പറുകളുള്ള നോട്ടുകൾ ശേഖരിക്കുക. പ്രമുഖരുടെ ജനന തീയതിയോട് യോജിക്കുന്ന സീരിയൽ നമ്പറുകളുള്ള നോട്ടുകൾ ശേഖരിച്ച് അതവർക്ക് ഉപഹാരമായി നൽകുക. ഇതെല്ലാമാണ് ലത്വീഫിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിനാണ് ലത്വീഫിന്റെ ആദ്യ നോട്ടുപഹാരം സമ്മാനിച്ചത്. 31.10.1943 ആണ് ഉമ്മൻ ചാണ്ടിയുടെ ജനന തീയതി. നോട്ടിലെ ആറക്ക സീരിയൽ നമ്പറിൽ 311043 എന്ന നമ്പർ വരുന്ന ഒന്ന്, രണ്ട്, അഞ്ച്, പത്ത്, 20, 50, 100, 500 നോട്ടുകൾ ശേഖരിച്ചാണ് ഉമ്മൻ ചാണ്ടിക്ക് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ കെ ശൈലജ, രാഹുൽ ഗാന്ധി, അമിത് ഷാ തുടങ്ങി നിരവധി നേതാക്കൾക്ക് ലത്വീഫ് ഈ ഉപഹാരം നൽകിയിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രണബ് മുഖർജി, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, വിവിധ അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ എന്നിവർക്കെല്ലാമുള്ള നോട്ടുപഹാരം തയ്യാറാക്കിയിട്ടുണ്ട്. അവസരം കിട്ടുമ്പോൾ അതെല്ലാം നൽകണമെന്ന് ലത്വീഫ് പറയുന്നു.

നോട്ടിന്റെ ശേഖരണത്തിനായുള്ള യാത്രകളാണ് ഏറെ ശ്രദ്ധേയം. ഒരേ സീരിയൽ നമ്പർ വരുന്ന അഞ്ചിന്റെ നോട്ട് ചിലപ്പോൾ ബെംഗളൂരുവിലാകും. പത്തിന്റെ നോട്ട് ഡൽഹിയിലാകും ഇതെല്ലാം അവിടെപ്പോയി ശേഖരിക്കും. ഇങ്ങനെ ചിലപ്പോൾ നാലും അഞ്ചും സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ലത്വീഫ് വിദേശത്തായിരിക്കുമ്പോഴാണ് ഒരു രൂപയുടെ പുതിയ നോട്ട് റിസർവ് ബേങ്ക് ഇറക്കുന്നതായി അറിഞ്ഞത്. ഒട്ടും വൈകിയില്ല ലത്വീഫ് നേരേ വിമാനം കയറി ഡൽഹിയിലേക്ക്. ഒരു രൂപ നോട്ടും വാങ്ങി തിരിച്ച് ഗൾഫിലേക്ക് തന്നെ തിരിച്ചുപോയി. 33,000 രൂപയാണ് ഇതിന് ചെലവായതത്രെ. ഏറ്റവും കൂടുതൽ വില നൽകി വാങ്ങിയത് 1957 കാലഘട്ടത്തിൽ ഇന്ത്യ പുറത്തിറക്കിയ 1000 രൂപയുടെ നോട്ടാണ്. 65,000 രൂപയാണ് ചെലവിട്ടത്. ഇറങ്ങുന്ന എല്ലാ പുതിയ നോട്ടുകളും റിസർവ് ബേങ്കിൽ നേരിട്ടെത്തി സ്വന്തമാക്കുകയാണ് ലത്വീഫ് ചെയ്യുന്നത്. നോട്ടുകൾക്ക് പുറമേ പുരാവസ്തുക്കളുടെ വൻ ശേഖരവും ലത്വീഫിന്റെ കൈയിലുണ്ട്.

 


ചരിത്രത്തിന്റെ സൂക്ഷിപ്പുകാരൻ

കാസർകോട്ട് പഴയ ഒരു ഗ്രാമഫോണുണ്ടെന്നറിഞ്ഞു. അത് വാങ്ങാനായി അങ്ങോട്ട് വണ്ടികയറി. പക്ഷേ, അതിന്റെ ഡിസ്‌ക് കിട്ടിയില്ല. പിന്നീടറിഞ്ഞു ഡിസ്‌ക് ഇരിങ്ങാലക്കുടയിലുണ്ടെന്ന്. ഒന്നും നോക്കിയില്ല അങ്ങോട്ടും യാത്ര തിരിച്ചു. ഇങ്ങനെ പുരാവസതു ശേഖരിക്കാൻ എന്ത് ത്യാഗത്തിനും തയ്യാറാണ് നിരോൽപ്പാലം സ്വദേശി ഉസ്മാൻ ചൊക്ലി. ചെറുപ്പകാലം തൊട്ടെയുള്ളതാണ് പഴമയോടുള്ള ഈ സ്‌നേഹം. എവിടെ പുരാവസ്തു ഉണ്ടെന്നറിഞ്ഞാലും അവിടെ പോകും. കഴിയുമെങ്കിൽ അതുവാങ്ങുകയും ചെയ്യും. ഇല്ലെങ്കിൽ കണ്ട് സായൂജ്യമടിഞ്ഞ് തിരിച്ചുപോരും. രണ്ട് വർഷം മുമ്പ് ഉംറക്ക് പോയപ്പോഴും ഉസ്മാൻ തന്റെ ശീലം വീട്ടില്ല. ത്വാഇഫിലെ പുരാവസ്തു കേന്ദ്രവും സന്ദർശിച്ചാണ് മടങ്ങിയത്. ആരോട് പരിചയപ്പെട്ടാലും സുഖവിവരങ്ങളന്വേഷിച്ച ശേഷം അടുത്ത ചോദ്യം പുരാവസ്തുക്കളായി വല്ലതും കൈയിലുണ്ടോ എന്നാണ്. ധാരാളം പുസ്തകങ്ങളും അമൂല്യമായ ചരിത്ര കൃതികളും ഉസ്മാന്റെ കൈവശമുണ്ട്. ചരിത്രങ്ങൾ വളച്ചൊടിക്കുന്ന ഇക്കാലത്ത് ഇതിനെല്ലാം ഏറെ പ്രാധാന്യമുണ്ടെന്ന് ഉസ്മാൻ പറയുന്നു. ആദ്യമൊക്കെ വീട്ടിൽ എല്ലാവരും ഇതിന് എതിരായിരുന്നു. പിന്നീട് വിദ്യാർഥികളും അധ്യാപകരുമൊക്കെ ചരിത്രം തേടി വീട്ടിലെത്തുന്നത് കണ്ടപ്പോഴാണ് സംഗതിയുടെ ഗൗരവം അവർക്കും ബോധ്യപ്പെട്ടത്. ദർസിൽ പഠിക്കുന്ന കാലത്ത് കെ കെ ഹസൻ കുട്ടി മുസ്‌ലിയാർ പുതുപ്പറമ്പാണ് ഈ മേഖലയിലേക്ക് തനിക്ക് കൂടുതലായി പ്രചോദനമേകിയതെന്നും ഉസ്മാൻ ഓർക്കുന്നു.

ജമാലുദ്ദീൻ

അഞ്ചാം ക്ലാസിലെ സ്റ്റാമ്പ് കലക്ഷൻ

കോഴിക്കോട് ജില്ലയിലെ പോലൂർ സ്വദേശി ജമാലുദ്ദീനുമുണ്ട് പുരാവസ്തുക്കളുടെ വൻ ശേഖരം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പഠനത്തിന്റെ ഭാഗമായുള്ള സ്റ്റാമ്പ് ശേഖരണമാണ് ജമാലുദ്ദീനെ ഈ വഴിയിലേക്ക് നയിച്ചത്. ഇന്ന് എരവന്നൂർ എ എം എൽ പി സ്‌കൂൾ അധ്യാപകനാണ് ജമാലുദ്ദീൻ. കോഴിക്കോട് സൺഡേ മാർക്കറ്റിലും ആക്രിക്കടകളിലുമൊക്കെ ഇടക്ക് പരതി നടക്കും. പഴയ തറവാട് വീടുകൾ പൊളിച്ചു മാറ്റുന്നിടത്തെല്ലാം ജമാലുദ്ദീനെത്തും. മൂല്യമേറിയ പുരാവസ്തുക്കൾ ഇവിടെ നിന്നെല്ലാം ലഭിച്ചിട്ടുണ്ടെന്ന് ജമാലുദ്ദീൻ പറയുന്നു. പലപ്പോഴും മോഹ വില നൽകിയാണ് ഇവ ശേഖരിക്കാറുള്ളത്. 2500 രൂപ നൽകി ബെംഗളൂരുവിൽ നിന്നാണ് പെട്ടിച്ചർക്ക സ്വന്തമാക്കിയത്. 1400 രൂപ നൽകി കോയമ്പത്തൂരിൽ നിന്ന് ബാലറ്റ് പെട്ടിയും ശേഖരത്തിലേക്കെത്തിച്ചു. ആക്രി സാധനങ്ങൾ ഇത്ര വില നൽകി വാങ്ങുന്നത് ആദ്യമൊക്കെ വീട്ടുകാർ എതിർത്തു. എന്നാൽ, ചരിത്രത്തോടും പഴമയോടുമുള്ള തന്റെ ചങ്ങാത്തം വിടാൻ ജമാലുദ്ദീൻ തയ്യാറായില്ല. ഇന്ന് എല്ലാവരും പിന്തുണയേകുന്നുണ്ട്.

പലപ്പോഴും അവർ മുഖേന പല വസ്തുക്കളും ശേഖരത്തിലേക്കെത്തിയിട്ടുമുണ്ട്. കാർഷിക മേഖലയിലെ പുരാവസ്തുക്കളുടെ വൻ ശേഖരം തന്നെ ജമാലുദ്ദീന്റെ പക്കലുണ്ട്. ഏറെ പ്രയാസം സഹിച്ചാണ് ഇത്തരം വസ്തുക്കൾ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതുമെല്ലാം. വീടിന്റെ മുകൾ നിലയിൽ അധികഭാഗവും ഇത്തരം വസ്തുക്കളാൽ നിറഞ്ഞിരിക്കുകയാണ്. ഒരിടത്തേക്ക് പ്രദർശനത്തിന് കൊണ്ടുപോകുന്നതും തിരിച്ചെത്തിക്കുന്നതും ഏറെ സാഹസപ്പെട്ടാണ്. ഈ യന്ത്രവത്കൃത കാലത്ത് കുട്ടികൾ ഇവ കാണുന്നത് വലിയ അതിശയത്തോടെയാണ്. വയോജനങ്ങളാകട്ടെ ഇത്തരം വസ്തുക്കൾ ഉപയോഗിച്ച ധാരാളം കഥ പറയുകയും ചെയ്യും. ഇതെല്ലാമാണ് നമുക്ക് സംതൃപ്തി നൽകുന്നതെന്നും ജമാൽ പറയുന്നു.

പണമില്ലെങ്കിലും വണ്ടി കയറി

വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട ശേഖരണത്തിലാണ് റശീദ് മക്കട ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിശുദ്ധ ഖുർആനിന്റെ കൈയെഴുത്ത് പ്രതി, ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ, ഏറ്റവും ചെറിയ ഖുർആൻ ഇങ്ങനെ ധാരാളം ശേഖരം റശീദീന്റെ അടുത്തുണ്ട്. അതോടൊപ്പം ആഫ്രിക്കൻ ഭാഷകളായ യോർബ, ഹൗസ തുടങ്ങി ലോകത്തെ വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ച ഖുർആൻ പരിഭാഷകളും ഇദ്ദേഹത്തിന്റെ ശേഖരിത്തിലുണ്ട്. ഈ ശേഖരണത്തിലെ ഏറ്റവും ശ്രദ്ധേയവും അപൂർവവുമായതാണ് ഖുർആൻ പ്രിന്റ് ചെയ്യുന്ന കല്ലച്ച്. തിരുവനന്തപുരത്ത് നിന്നാണ് കല്ലച്ച് റശീദിന് ലഭിക്കുന്നത്. ഒരു സുഹൃത്ത് മുഖേനയാണ് ഇതിനെ കുറിച്ച് റശീദ് അറിയുന്നത്. കേരളത്തിലെ ആദ്യത്തെ അറബിക് പ്രിന്റിംഗ് പ്രസ്സ് സ്ഥാപിതമായത് 1936 ൽ തിരുവനന്തപുരം ജില്ലയിലെ വർക്കലക്കടുത്ത് എടവയിലാണ്. സി എം പ്രസ്സ് എന്നറിയപ്പെടുന്ന കോറൊനേഷൻ മെമ്മോറിയൽ പ്രസ്സ്. ഇവിടെ ഖുർആൻ പ്രിന്റ് ചെയ്യാനായി ജർമനിയിൽ നിന്നെത്തിച്ചതാണ് കല്ലച്ച്. ഈ കല്ല് ആ കുടുംബത്തിന്റെ കൈയിലുണ്ടെന്നാണ് സുഹൃത്ത് പറഞ്ഞത്. പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. തരപ്പെട്ടാൽ കല്ല് ശേഖരത്തിലേക്കെടുക്കണം. പക്ഷേ, അതിനുള്ള പണമൊന്നും കൈയിലില്ല. എങ്കിലും വണ്ടി കയറി. എടവയിൽ ചെന്ന് വീട്ടുകാരോട് വിവരം പറഞ്ഞപ്പോൾ അവർ ഏറെ സന്തോഷത്തോടെ സൗജന്യമായി അത് നൽകുകയായിരുന്നു. എട്ട് പേജ് പ്രിന്റ് ചെയ്യാൻ പറ്റുന്ന രൂപത്തിലായിരുന്നു കല്ലച്ച്. ഏകദേശം 50-60 കിലോ തൂക്കം വരും. ഇതിന്റെ ബാക്കി കല്ലച്ചുകൾ തിരഞ്ഞ് കേരളത്തിലെ പഴയ കാലത്തെ നിരവധി പ്രസ്സുകളിൽ പരതിയെങ്കിലും കിട്ടിയില്ലെന്നും തന്റെ ശേഖരത്തിലെ ഏറ്റവും അപൂർവമായ വസ്തുവാണിതെന്നും റശീദ് പറയുന്നു.

ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ
കേരളത്തിൽ പുരാവസ്തു ശേഖരണത്തിലേർപ്പെട്ട എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നാല് മാസം മുമ്പ് സ്ഥാപിതമായ സംഘടനയാണ് ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ. ലത്വീഫ് നടക്കാവ് പ്രസിഡന്റും റശീദ് മക്കട സെക്രട്ടറിയുമായാണ് സംഘടന പ്രവർത്തിക്കുന്നത്. നാണയ കറൻസി പുരാവസ്തു ശേഖരിക്കുന്നവർക്ക് പ്രോത്സാഹനം നൽകുക, വസ്തുക്കളെ കുറിച്ച് കൃത്യമായി പഠനം നടത്തുക, വസ്തുക്കളുടെ പരസ്പര കൈമാറ്റത്തിന് സഹായിക്കുക, പ്രദർശനത്തിനും വിദ്യാർഥികൾക്കും മറ്റും പഠനാർഹമാക്കുന്നതിനുമായി പുരാവസ്തുക്കളുടെ ഒരു ബൃഹത്തായ മ്യൂസിയം സ്ഥാപിക്കുക. സർക്കാറിൽ നിന്ന് ആവശ്യമായ സഹായവും പിന്തുണയും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടന പ്രവർത്തിക്കുന്നത്. ഇതിന് പുറമേ ഓരോ ജില്ലകളിലും ന്യുമിസ്മാറ്റിക് സൊസൈറ്റി എന്ന പേരിൽ ക്ലബ്ബുകളും പ്രവർത്തിക്കുന്നുണ്ട്.