വനിതാ കമ്മീഷന്‍ അംഗത്തോട് അപമര്യാദയായി പെരുമാറിയ സംഭവം: ഓട്ടോ ഡ്രൈവര്‍ മാപ്പ് എഴുതി നല്‍കി

Posted on: January 22, 2020 8:12 pm | Last updated: January 22, 2020 at 8:14 pm

മലപ്പുറം | വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറുകയും ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കുറ്റം സമ്മതിച്ച് മാപ്പ് എഴുതി നല്‍കി. മലപ്പുറത്ത് നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ എത്തിയാണ് തെറ്റ് ബോധ്യപ്പെട്ടുവെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഡ്രൈവര്‍ അസ്‌ക്കറലി മാപ്പ് എഴുതി നല്‍കിയത്. അങ്ങാടിപ്പുറത്തെ ഓട്ടോ ഡ്രൈവറാണ് ഇയാള്‍.

അതേസമയം വിഷയം വ്യക്തിപരമായല്ല, സാമൂഹിക പ്രശ്‌നമെന്ന നിലയിലാണ് സമീപിച്ചിട്ടുള്ളതെന്നും
നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷാഹിദ കമാല്‍ വ്യക്തമാക്കി. ഇതൊരു ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാനാകില്ല. യാത്രക്കാരോടുള്ള ഓട്ടോ ഡ്രൈവര്‍മാരുടെ മനോഭാവം മാറേണ്ടതുണ്ട്. അങ്ങാടിപ്പുറത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ബോധവത്ക്കരിക്കാന്‍ ഗതാഗത വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വനിതാ കമ്മീഷനംഗം അറിയിച്ചു.