പൗരത്വ നിയമ ഭേദഗതി: മറുപടിക്കായി സുപ്രീം കോടതി കേന്ദ്രത്തിന് നാല് ആഴ്ചത്തെ സമയം അനുവദിച്ചു-LIVE BLOG

Posted on: January 22, 2020 11:22 am | Last updated: January 22, 2020 at 9:58 pm

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത്‌ക്കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.
140 ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടയുടെ പരിഗണനക്ക് വന്നത്. 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച്‌ക്കൊണ്ടാണ് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കിയത്. നാലാഴ്ചക്ക് ശേഷം ഉത്തരവുകള്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അറിയിച്ചു.അതേ സമയം നിയമത്തിന് സ്‌റ്റേ വേണമെന്ന ചില ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിച്ചില്ല

പൗരത്വനിയമ ഭേദഗതി നടപ്പിലാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കപില്‍ സിബല്‍. അറ്റോര്‍ണി ജനറല്‍ ഇത് എതിര്‍ത്തു.80 അധിക ഹര്‍ജികള്‍ക്ക് മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.അസം, ത്രിപുര വിഷയ പ്രത്യേകമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു

വലിയ തിരക്കാണ് ഹര്‍ജി പരിഗണിക്കുന്ന ഒന്നാം നമ്പര്‍ കോടതി മുറിക്കുള്ളിലുള്ളത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കേസില്‍ ഇത്ര അധികം ഹരജികള്‍ വരുന്നത്.

അതേ സമയം നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹരജി ഇന്നത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്യൂട്ട് ഹരജിയായതിനാല്‍ അത് പ്രത്യേകം പരിഗണിക്കാനാണ് സാധ്യതയെന്നറിയുന്നു.