വാളക്കുളം ബീരാൻകുട്ടി മുസ്‌ലിയാർ; വിടപറഞ്ഞത് വിജ്ഞാനഗേഹം

Posted on: January 21, 2020 9:51 am | Last updated: January 21, 2020 at 8:01 pm
വാളക്കുളം സി കെ ബീരാൻകുട്ടി മുസ്‌ലിയാരെ മർകസിൽ വെച്ച് കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ആദരിക്കുന്നു

മലപ്പുറം | വിഖ്യാത പണ്ഡിതൻ മർഹൂം കൈപ്പറ്റ ബീരാൻകുട്ടി മുസ്‌ലിയാരുടെ ആത്മീയ ശിക്ഷണത്തിൽ വളർന്ന് അദ്ദേഹത്തിൽ നിന്ന് തന്നെ ലഭിച്ച സനദുമായി നീണ്ട 47 വർഷം ദർസ് രംഗത്ത് ജ്വലിച്ചു നിന്ന പണ്ഡിത പ്രമുഖനാണ് വാളക്കുളം സി കെ ബീരാൻകുട്ടി മുസ്‌ലിയാർ. മൂന്ന് സ്ഥലങ്ങളിലായാണ് ഇത്രയും നീണ്ട കാലം ദർസ് നടത്തിയിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.

വാളക്കുളം ചെങ്ങനക്കാട്ടിൽ അഹ്്മദ് മുസ്‌ലിയാരുടെയും കോട്ടക്കൽ ബീരാൻ കുട്ടിയുടെ മകൾ കുഞ്ഞീമയുടെയും മകനായി ജനിച്ച ഉസ്താദ് പ്രാഥമിക വിജ്ഞാനം നേടിയത് മതപണ്ഡിതനായ പിതാവിൽ നിന്ന് തന്നെയാണ്. പിതാവ് മരണപ്പെട്ടതിനെ തുടർന്ന് പിതാവിന്റെ ശിഷ്യനായ തലക്കടത്തൂർ അബ്ദു മുസ്‌ലിയാരുടെയും ശേഷം കുറ്റൂർ കമ്മു മുസ്‌ലിയാരുടെയും ദർസിൽ പഠിച്ചു. പിന്നീട് സമസ്തയുടെ പ്രസിഡന്റായിരുന്ന വാളക്കുളം അബ്ദുൽബാരി മുസ്‌ലിയാരുടെ നർദേശ പ്രകാരം കൈപ്പറയുടെ ദർസിൽ ചേർന്നു.
ദർസിൽ പഠിക്കുമ്പോൾ വളരെ പ്രയാസമുണ്ടാകുമെന്നും അതൊക്കെ സഹിക്കണമെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമ്പോൾ എന്നെ സമീപിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തുകയും ചെയ്തിരുന്നു. ദർസ് ജീവിതത്തിനിടെ വിശപ്പടക്കാൻ കഴിയാതെ തളർന്നു വീണ സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ടെന്നും അബ്ദുൽബാരി മുസ്‌ലിയാർ ഓർമിപ്പിച്ചിരുന്നു.

പൊന്മുണ്ടത്തും ഇരുമ്പുചോലയിലുമായി കൈപ്പറ്റയുടെ ദർസിൽ പത്ത് വർഷം പഠനം തുടർന്നു. സാധാരണ പള്ളി ദർസുകളിൽ നിന്ന് ഓതാറുള്ള കിതാബുകളെല്ലാം കൈപ്പറ്റയിൽ നിന്ന് തന്നെ ഓതി. കൂടാതെ സ്വീഹാഹുസിത്തയും ഓതി പൂർത്തിയാക്കി. പുറമെ വളരെ അപൂർവമായ ഗ്രന്ഥങ്ങളായ മഖാമതുൽ ഹരീരി, ഖലീലവദിംന, ശാഫി,കാഫി, ജഅ്‌റാഫി, സബ്ഉശ്ശിദാദ്, ഹിദായത്തുസ്സഅദിയ്യ, അറൂള വഖവാഫി തുടങ്ങിയ കിതാബുകളും പഠിച്ചു. എല്ലാ വിഷയങ്ങളിലും ആവർത്തിച്ച് മനസ്സിലാക്കിക്കൊടുക്കുന്ന ശൈലിയായിരുന്നു കൈപ്പറ്റ ഉസ്താദിന്റേതെന്ന് സികെ ബീരാൻകുട്ടി മുസ്‌ലിയാർ പറയാറുണ്ട്. ഓരോ വിഷയവും കൈകാര്യം ചെയ്യുമ്പോൾ അതിൽ നിലവിലുള്ളതും വരാൻ ഇടയുള്ളതുമായ എല്ലാ സംശയങ്ങളും അതിന്റെ മറുപടിയും വിവരിച്ച് മുതഅല്ലിംകളുടെ മനസ്സിൽ ആശയം സുദൃഢമാക്കിയിരുന്നു. പ്രശസ്ത കർമ്മശാസ്ത്ര ഗ്രന്ഥമായ മഹല്ലി ഒമ്പത് വർഷംകൊണ്ടാണ് ബീരാൻകുട്ടി മുസ്‌ലിയാർ പൂർത്തീകരിച്ചത്.
ഉസ്താദിന്റെ ദർസിൽ പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ 1960ലാണ് ബീരാൻകുട്ടി മുസ്‌ലിയാരെ കോട്ടക്കൽ കൂരിയാട്ടേക്ക് ദർസ് നടത്താൻ പറഞ്ഞയച്ചത്. അന്ന് ഉസ്താദ് നൽകിയ നിർദേശങ്ങളും പരമാവധി പാലിച്ചുവന്നതായി അദ്ദേഹം പറഞ്ഞിരുന്നു.30 വിദ്യാർഥികളുമായാണ് കൂരിയാട് ദർസ് ആരംഭിച്ചത്.

പതിനേഴ് വർഷം അവിടെ ദർസ് നടത്തിയ ശേഷം കൈപ്പറ്റ ഉസ്താദിന്റെ നിർദേശ പ്രകാരം ചരിത്ര പ്രസിദ്ധമായ കാനാഞ്ചേരി ജുമുഅ മസ്ജിദിൽ മുദരിസായി ചേർന്നു. പതിനാറ് വർഷം അവിടെ സേവനം ചെയ്തു.തുടർന്ന് കാന്തപുരം ഉസ്താദിന്റെ ആവശ്യപ്രകാരമാണ് കാരന്തൂർ സുന്നി മർകസ് ശരീഅത്ത് കോളേജിൽ 1993ൽ മുദരിസായി ചേർന്നത്.

2007 വരെ മർകസിൽ മുദർരിസായി സേവനം ചെയ്തിട്ടുണ്ട്.മുതിർന്ന ക്ലാസുകളിലെ പ്രധാന ഗ്രന്ഥങ്ങളാണ് ദർസ് നടത്തിയിരുന്നത്. അസുഖം കാരണം വീട്ടിൽ വിശ്രമിക്കുമ്പോഴും മർകസിൽ നടക്കാറുള്ള ഖത്മുൽ ബുഖാരി അടക്കമുള്ള പ്രധാന പരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നു. എല്ലാ വിഷയങ്ങളിലും കൈപ്പറ്റയുടേതായ നഖ്‌ലുകളും വാളക്കുളം ബീരാൻകുട്ടി മുസ്‌ലിയാരുടെ വശമുണ്ടായിരുന്നു.
ഏത് വിഷയവും നല്ലവണ്ണം തഹ്ഖീഖ് ഉറപ്പിച്ച് മനസ്സിലാക്കിയ ശേഷമേ മുതഅല്ലിംകൾക്ക് പറഞ്ഞുകൊടുക്കാകൂ. അല്ലാതിരുന്നാൽ പടച്ചവനോട് മറുപടി പറയേണ്ടിവരുമെന്ന കൈപ്പറ്റ ഉസ്താദിന്റെ ഉപദേശം വാളക്കുളം ബീരാൻകുട്ടി മുസ്‌ലിയാർ എപ്പോഴും പറയാറുണ്ട്.

ജീവിതകാലം മുഴുവൻ മതവിജ്ഞാന സേവനത്തിന് വിനിയോഗിക്കാനും അവസാന നിമിഷം വരെ വിജ്ഞാനം വിദ്യാർഥികൾക്ക് പകർന്നുകൊടുക്കാനും കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വീട്ടിൽ കഴിയുമ്പോഴും മതവിജ്ഞാനവുമായി ബന്ധപ്പെട്ടാണ് ഓരോ നിമിഷവും അദ്ദേഹം ചെലവഴിച്ചിരുന്നത്.
പണ്ഡിതരും ശിഷ്യൻമാരുമായി പലരും മഹാന്റെ സന്നിധിയിൽ മതവിഷയങ്ങളിൽ ചർച്ചനടത്തുകയും സംശയ നിവാരണം നടത്തുകയും ചെയ്യാനെത്തിയിരുന്നു. പള്ളി ദർസുകൾ ഇല്ലാതാകുന്നതിൽ അദ്ദേഹത്തിന്റെ മനസ്സ് വേദനിച്ചിരുന്നു.

പ്രയാസങ്ങൾ സഹിച്ച് പഠിക്കാൻ വിദ്യാർഥികളും ദർസിന് വേണ്ടി പ്രയാസങ്ങൾ സഹിക്കാൻ നാട്ടുകാരും തയ്യാറാകാത്തതാണ് ദർസുകൾ ഇല്ലാതാവുന്നതിന്റെ പ്രധാന കാരണമെന്നും ഉസ്താദ് പലരേയും ഓർമപ്പെടുത്തിയിരുന്നു.
മയ്യിത്ത് നിസ്കാരം
മയ്യിത്ത് നിസ്കാരം ഇന്ന് കാലത്ത് ഒമ്പത് മണിയോടെ പൂക്കിപ്പറമ്പ് സുന്നി ജുമുഅ മസ്ജിദിൽ ആരംഭിക്കും. ഖബറടക്കം 12 മണിക്ക്.