വില്‍സണ്‍ വധം: കൃത്യത്തിനായി പ്രതികള്‍ പുറപ്പെട്ടത് നെയ്യാറ്റിന്‍കരയില്‍നിന്ന്; ദൃശ്യങ്ങള്‍ പുറത്ത്

Posted on: January 12, 2020 1:14 pm | Last updated: January 12, 2020 at 7:38 pm

തിരുവനന്തപുരം | കളയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതികള്‍ കൃത്യത്തിനായി പുറപ്പെട്ടത് നെയ്യാറ്റിന്‍കരയില്‍നിന്ന്. ഇത് സംബന്ധിച്ച കേസിലെ മുഖ്യപ്രതികളായ രണ്ട് പേരുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊലപാതകം നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തി നഗരത്തില്‍ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ കേരള തമിഴ്‌നാട് പോലീസ് സംഘം പരിശോധിച്ചുവരികയാണ്.

അതേസമയം മുഖ്യപ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുള്ള രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇഞ്ചിവിള സ്വദേശികളായ താസിം (31), സിദ്ധിക് (22 )എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഇവര്‍ രണ്ടുപേരുമായി നിരന്തരം ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്.