Connect with us

Kerala

ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയ വഴിയില്‍; ഹൈദരാബാദിനെ ഗോളില്‍ മുക്കി

Published

|

Last Updated

കൊച്ചി | ഒടുവില്‍ വൈകിയാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് ബ്ലാസ്‌റ്റേഴ്‌സായി. ആരാധകരെ ആവേശക്കൊടുമുടിയിലേറ്റി
ഐ എസ് എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വര്‍ഷം. ഹൈദരാബാദ് എഫ് സിയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് തകര്‍ത്തു തരിപ്പണമാക്കിയത്. തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളില്‍ ജയം കാണാതിരുന്ന കേരള ടീം സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് വിജയ വഴിയില്‍ തിരിച്ചെത്തിയത്.

പതിനാലാം മിനുട്ടില്‍ ബോബോയിലൂടെ ഹൈദരാബാദ് ആദ്യം സ്‌കോര്‍ ചെയ്തതില്‍ പിന്നീട് മുറിവേറ്റ സിംഹത്തെ പോലെ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചു. 33-ാം മിനുട്ടില്‍ ഒഗ്ബെച്ചെയിലൂടെ സമനില ഗോള്‍ കണ്ടെത്തിയ ബ്ലാസ്റ്റേഴ്സ് 39-ാം മിനുട്ടില്‍ ദ്രൊബറോവിലൂടെ ലീഡ് നേടി. ഒന്നാം പകുതി അവസാനിക്കാനിരിക്കെ 45-ാം മിനുട്ടില്‍ മെസ്സി ബൗളി ടീമിന്റെ മൂന്നാം ഗോള്‍ വലയിലാക്കി.

രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായിരുന്നുല്ല. മൈതാനം അടക്കിവാണ ബ്ലാസ്റ്റേഴ്സിനു വേണ്ടി 59-ാം മിനുട്ടില്‍ സെയ്ത്യാസെന്‍ സിങും 75-ാം മിനുട്ടില്‍ ഒഗ്ബെച്ചെയും ഗോളടിച്ചു (5-1). സീസണിലെ ആദ്യ മത്സരം വിജയിച്ച ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയമാണിത്. ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകാതിരിക്കാന്‍ ടീമിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു. ഈ വിജയത്തോടെ 11 മത്സരങ്ങളില്‍ നിന്നായുള്ള 11 പോയിന്റോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. പട്ടികയില്‍ ഹൈദരാബാദ് എഫ് സി (11ല്‍ അഞ്ചു പോയിന്റ്) ഏറ്റവും അവസാന സ്ഥാനത്താണ്.

Latest