Connect with us

Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയക്രമം മാറ്റിയേക്കും; അന്തിമ തീരുമാനം നാളെ, സമരം പിൻവലിച്ചു

Published

|

Last Updated

തിരുവനന്തപുരം | മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയക്രമം സംബന്ധിച്ച് അന്തിമ തീരുമാനം നാളെ. നാളെ ചേരുന്ന സാങ്കേതിക സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. മന്ത്രി എ സി മൊയ്തീന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ഈ മാസം 11നാണ് ഫ്ലാറ്റുകള്‍ പൊളിച്ചുതുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പൊളിക്കുന്ന ക്രമം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരം നടത്തുകയായിരുന്നു. തുടര്‍ന്നാണ് മന്ത്രി യോഗം വിളിച്ചത്. എറണാകുളം ജില്ലാ കളക്ടറും സബ് കളക്ടറും മരട് നഗരസഭാ പ്രതിനിധികളും സമരക്കാരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ചർച്ചയെ തുടർന്ന് സമരം പിൻവലിച്ചതായി ഫ്ലാറ്റ് ഉടമകൾ അറിയിച്ചു.

ആദ്യം ആല്‍ഫാ ടവേഴ്‌സും പിന്നീട് എച്ച്.ടു.ഒയും പൊളിക്കാനായിരുന്നു തീരുമാനം. ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ് എന്നിവ അവസാനം പൊളിക്കാനും നിശ്ചയിച്ചിരുന്നു. ആദ്യ രണ്ട് ഫഌറ്റുള്‍ ജനവാസ കേന്ദ്രത്തിലും മറ്റു രണ്ട് ഫളാറ്റുകള്‍ ജനവാസം കുറഞ്ഞ മേഖലയിലുമാണ്. ജനവാസം കുറഞ്ഞ മേഖലയിലെ ഫളാറ്റുകള്‍ പൊളിച്ച് തകര്‍ച്ചയുടെ ആഘാതം വിലയിരുത്തിയ ശേഷമേ ജനവാസ കേന്ദ്രത്തിലെ ഫഌറ്റുകള്‍ പൊളിക്കാവൂവെന്നാണ് സമരക്കാരുടെ ആവശ്യം.

ഇതോടെയാണ് പൊളിക്കുന്ന സമയക്രമം മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുനരാലോചന നടത്തിയത്. സമയംക്രമം മാറ്റിയാല്‍ എന്ത് സംഭവിക്കുമെന്ന് മന്ത്രി സബ് കളക്ടറോട് ആരാഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് വിദഗ്ധ സമിതിയാണെന്നായിരുന്നു ഫഌറ്റുകള്‍ പൊളിക്കുന്നതിന്റെ ചുമതലയുള്ള സബ് കളക്ടര്‍ നല്‍കിയ മറുപടി. ഇതോടെയാണ് നാളെത്തെ സങ്കേതിക സമിതി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ധാരണയായത്.