Connect with us

Articles

നയിക്കാന്‍ കേരളമുണ്ടാകും

Published

|

Last Updated

ഡിസംബര്‍ 31ന് ചേര്‍ന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ചരിത്രത്തില്‍ അവിസ്മരണീയ സംഭവമായി രേഖപ്പെടുത്തും. 126ാം ഭരണഘടനാ ഭേദഗതി ബില്‍ 10 വര്‍ഷത്തേക്കു കൂടി ബാധകമാക്കാനായി പാര്‍ലിമെന്റ് പാസ്സാക്കിയ ബില്ലിന് അംഗീകാരം നല്‍കാനുള്ള പ്രമേയമാണ് ആദ്യം മുഖ്യമന്ത്രി അവതരിപ്പിച്ചത്. നിയമനിര്‍മാണ സഭകളിലും സര്‍ക്കാര്‍ സര്‍വീസിലും പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള സംവരണം 10 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനാണിത്. ഇതുവഴി 2030 ജനുവരി 25 വരെ പട്ടികജാതി പട്ടികവര്‍ഗ സംവരണത്തിന് പ്രാബല്യമുണ്ടാകും.
ആംഗ്ലോ- ഇന്ത്യന്‍ വിഭാഗത്തിന് നാളിതുവരെ ലഭിച്ചിരുന്ന പ്രാതിനിധ്യം ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതായിരുന്നു രണ്ടാമത്തെ പ്രമേയം. ഇത് ന്യൂനപക്ഷ വിഭാഗത്തോടുള്ള ബി ജെ പിയുടെ സമീപനത്തിന്റെ ഭാഗമാണ്. ഈ പ്രതിഷേധ പ്രമേയവും ഏകകണ്ഠമായി അംഗീകരിച്ചു.

ജനവിരുദ്ധവും ജനാധിപത്യ- മതനിരപേക്ഷ മൂല്യങ്ങള്‍ തകര്‍ക്കുന്നതുമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു മൂന്നാമത്തെ പ്രമേയം. ഈ പ്രമേയവും ഏകകണ്ഠമായാണ് പാസ്സാക്കിയത്. ബി ജെ പി അംഗം വോട്ടിംഗ് സമയത്ത് പ്രമേയത്തിന് എതിരായി വോട്ട് ചെയ്തില്ല എന്നത് ഏറെ ശ്രദ്ധേയമായിരുന്നു. ഇത് മൂന്നും അവതരിപ്പിച്ചത് മുഖ്യമന്ത്രിയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയടക്കം 20 പേരാണ് പങ്കെടുത്തത്. പ്രമേയം അവതരിപ്പിച്ചും ചര്‍ച്ചക്ക് മറുപടി പറഞ്ഞും മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധേയമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗിലെ ഡോ. എം കെ മുനീറും ഏറെ ശ്രദ്ധിക്കപ്പെട്ടു. മറ്റംഗങ്ങള്‍ നടത്തിയ പ്രസംഗങ്ങളുടെ ഉള്ളടക്കവും കേരള നിയമസഭാ ചരിത്രത്തിലെ അത്യപൂര്‍വ അനുഭവമായി.
ആര്‍ എസ് എസ് – സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ആഴത്തില്‍ അപഗ്രഥിച്ച് പഠിച്ച് അവതരിപ്പിക്കപ്പെട്ട ഈ രൂപത്തിലുള്ള ഒരു രംഗം നിയമസഭയില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. ഒരു മതരാഷ്ട്ര സൃഷ്ടിക്കു വേണ്ടി ആര്‍ എസ് എസ് എങ്ങനെയാണ് ഇന്ത്യയെ രൂപപ്പെടുത്തുന്നതെന്നതിന്റെ വ്യക്തമായ ചിത്രങ്ങളായിരുന്നു ഓരോ പ്രസംഗവും.

ഇന്ത്യന്‍ ഭരണഘടനയുടെ പൊതുസ്വഭാവത്തിനും മൗലികാവകാശവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 13 ,14 ,15 എന്നിവക്കുമെതിരായ കോടാലിയാണ് പൗരത്വ ഭേദഗതി നിയമം. ഇത് വ്യക്തമാക്കുന്നതായിരുന്നു വി ഡി സതീശന്‍, ഷാഫി പറമ്പില്‍, എം സ്വരാജ്, ജെയിംസ് മാത്യു, എ എന്‍ ഷംസീര്‍ തുടങ്ങിയവരുടെ പ്രസംഗങ്ങള്‍.
മുസ്‌ലിം ജനവിഭാഗത്തെ ബോധപൂര്‍വം ഒഴിവാക്കുകയെന്നത് കേന്ദ്ര സര്‍ക്കാറിന്റെ നയമാണ്. പൗരത്വ ഭേദഗതി നിയമത്തിനു പിന്നാലെ സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്ന പൗരത്വ രജിസ്‌ട്രേഷന്‍ ബില്‍ നിയമമായാല്‍ അത് എങ്ങനെ മുസ്‌ലിം ജനവിഭാഗത്തെ ബാധിക്കുമെന്ന് വ്യക്തമാണ്. ഇതിന്റെ ഭാഗമായി നടക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്ററും ഉന്നം വെക്കുന്നത് എന്തിനെയെന്ന് വ്യക്തം. ഇതൊരു അജന്‍ഡയാണ്. ബാബരി മസ്ജിദ് പ്രശ്‌നത്തിന് ശേഷം നടന്ന ഗുജറാത്ത് കൂട്ടക്കൊലയും ജമ്മു- കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതും മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയതും പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതും ക്രമാനുഗതമായ ദുഷിച്ച ഒരു ബോധത്തിന്റെ സ്വാഭാവിക പരിണാമമാണ്. ഈ പരിണാമം ഏതു ദിശയിലേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കുമെന്ന ആശങ്കയില്‍ രൂപപ്പെട്ട നല്ല മനസ്സുകളുടെ കൂട്ടായ്മയാണ് ഭരണ-പ്രതിപക്ഷ ഭേദമന്യേ യോജിപ്പിനുള്ള അന്തരീഷം കേരളത്തില്‍ സൃഷ്ടിച്ചത്. അത് ഇന്ത്യക്കു മാതൃകയാകുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമം ഹിന്ദുക്കളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണെന്ന തെറ്റായ ഒരു പ്രചാരണം നടക്കുന്നു.

ഇത് മുസ്‌ലിം സമുദായത്തിനെതിരായി മാത്രമുള്ളതാണെന്ന പ്രചാരണവുമുണ്ട്. ഈ രണ്ട് വിഭാഗത്തിലെയും തീവ്രവാദ സ്വഭാവമുള്ള സംഘടനകളും അതിനൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകരും ഈ പൊതുവികാരത്തെ മറ്റൊരു തരത്തില്‍ വഴിതെറ്റിക്കാന്‍ ശ്രമിക്കും. ആ അപകടവും നല്ല വിധത്തില്‍ തിരിച്ചറിയേണ്ടതുണ്ട്. ഈ സന്ദേശത്തോടു കൂടിയാണ് പ്രത്യേക നിയമസഭാ സമ്മേളനം പിരിഞ്ഞത്; അത് ചരിത്രത്തിന്റെ ഭാഗമായതും.

സാംസ്‌കാരിക മന്ത്രി