Connect with us

Kerala

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷന്‍ നടപടിയില്‍ എ ജിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം | പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷന്‍ നടപടിയില്‍ അഭിപ്രായം ആരായാന്‍ എജിയെ വിളിച്ച് വരുത്തി ഗവര്‍ണര്‍ . ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ക്കാനുള്ള വിജിലന്‍സ് അപേക്ഷയില്‍ അഭിപ്രായം ആരായാനാണ് എ ജിയോട് രാജ്ഭവനിലെത്താന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ എ ജി . സിപി സുധാകര പ്രസാദം അടുത്ത ദിവസം തന്നെ ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ അറിയിക്കും.

ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ക്കാനുള്ള വിജിലന്‍സ് അപേക്ഷ മൂന്ന് മാസമായി ഗവര്‍ണറുടെ പരിഗണനയിലാണ്. കേസില്‍ നടപടി ഇഴയുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യവും ഇടപെടലും ഉണ്ടെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഗവര്‍ണറുടെ നടപടി. നടപടി നീളുന്നതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി പലതവണ പരമാര്‍ശം നടത്തിയിരുന്നു.

കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി വേണമെന്നും കാണിച്ചാണ് വിജിലന്‍സ് കത്ത് നല്‍തിയത്. എംഎല്‍എ ആയതിനാല്‍ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ അപേക്ഷ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം മുന്‍ മന്ത്രിയെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണ്.
ഇബ്രാഹീംകുഞ്ഞിനെതിരായ കേസില്‍ ഗവര്‍ണര്‍ മൂന്നതവണ സര്‍ക്കാരിനോട് വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സ്വന്തം നിലയിലും ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ പ്രോസിക്യുഷന്‍ നടപടിയില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.