Connect with us

National

ഇന്ത്യയുടെ ഭാവി യുവാക്കളുടെ കൈകളില്‍; പുതുതലമുറ വ്യവസഥിതിയെ ഇഷ്ടപ്പെടുന്നവര്‍: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയുടെ ഭാവി യുവാക്കളുടെ കൈയിലാണെന്നും യുവതലമുറയിലുള്ളവര്‍ പ്രതിഭാഷാലികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാത്തിന്റെ 60ാം പതിപ്പില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വികസനത്തിന് 21-ാം നൂറ്റാണ്ടില്‍ പിറന്നവര്‍ സജീവമായ പങ്കു നിര്‍വ്വഹിക്കും. നമ്മുടെ ഈ തലമുറ വളരെയധികം പ്രതിഭാശാലികളുടെ തലമുറയാണെന്ന് നമുക്ക് മനസ്സിലാകും. പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള സ്വപ്നമാണവര്‍ക്കുള്ളത്. യുവതലമുറ വ്യവസ്ഥിതിയെ ഇഷ്ടപ്പെടുകയും അത് പിന്തുടരുകയും ചെയ്യുന്നു. വ്യവസ്ഥിതി, ഉചിതമായ രീതിയില്‍ പ്രതികരിക്കാതിരുന്നാല്‍ അവര്‍ അസ്വസ്ഥരാകുകയും ധൈര്യപൂര്‍വ്വം വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയും ചെയ്യും. ഇത് നല്ലതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്ക് അരാജകത്വത്തോട് വെറുപ്പാണ്. അവര്‍ കുടുംബവാദത്തെയും, ജാതിവാദത്തെയും, സ്വന്തമെന്നും അന്യരെന്നുമുള്ള കാഴ്ചപ്പാടിനെയും സ്ത്രീപുരുഷ വ്യത്യാസങ്ങളെയും ഇഷ്ടപ്പെടുന്നില്ല. പുതിയ തരത്തിലുള്ള വ്യവസ്ഥിതിയും പുതിയ തരത്തിലുള്ള ചിന്താഗതികളുമാണ് യുവതലമുറ വെച്ചുപുലര്‍ത്തുന്നത്. രാജ്യത്തിന് പുതിയ തലമുറയില്‍ വലിയ പ്രതീക്ഷകളുണ്ട്. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകേണ്ടത് ഈ യുവാക്കളാണ് – പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോളജുകളിലും യൂനിവേഴ്‌സിറ്റികളിലും വിദ്യാലയങ്ങളിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം നടത്തുന്ന അലുംനി മീറ്റുകള്‍ സൗഹൃദം പുതുക്കുന്നതിന് ഉപയോഗപ്പെടുത്തുന്നതോടൊപ്പം ലക്ഷ്യങ്ങള്‍ പങ്കുവെക്കാന്‍ കൂടി ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്തെങ്കിലും തീരുമാനമെടുക്കുകയോ, ഏതെങ്കിലും വൈകാരികമായ ചായ്‌വ് ഇതുമായി ചേരുകയോ ചെയ്താല്‍ ഈ സംഗമത്തിന് കൂടുതല്‍ നിറം ലഭിക്കും. അലുമ്‌നി ഗ്രൂപ്പ് ചിലപ്പോഴൊക്കെ തങ്ങളുടെ സ്‌കൂളിന് എന്തെങ്കിലുമൊക്കെ സംഭാവനയേകുന്നു. ചിലര്‍ സ്‌കൂള്‍ കമ്പ്യൂട്ടറൈസ് ചെയ്യാനുള്ള ഏര്‍പ്പാടു ചെയ്യുന്നു, ചിലര്‍ നല്ല ലൈബ്രറി ഉണ്ടാക്കി കൊടുക്കുന്നു, ചിലര്‍ നല്ല വെള്ളത്തിനുള്ള ഏര്‍പ്പാടു ചെയ്യുന്നു, ചിലര്‍ പുതിയ മുറികളുണ്ടാക്കിക്കുന്നു, ചിലര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനുള്ള ഏര്‍പ്പാടുണ്ടാക്കുന്നു. ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള അവസരമുണ്ടാകുന്നു. തങ്ങളുടെ ജീവിതം രൂപപ്പെട്ടിടത്തേക്ക് ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനാകുന്നതില്‍ അവര്‍ക്ക് സന്തോഷം തോന്നുന്നു. ഇത് എല്ലാവരുടെയും മനസ്സിലിരിക്കുന്നു, അതു വേണ്ടതുമാണ്. ഇതിനായി ആളുകള്‍ മുന്നോട്ടു വരുന്നുവെന്നും ഇതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രാദേശിക തലത്തില്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം. 2022 ല്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍, ഏറ്റവും കുറഞ്ഞത്, രണ്ടു മൂന്നു വര്‍ഷത്തേക്ക് പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളേ വാങ്ങൂ എന്ന് തീരുമാനമെടുത്തുകൂടേയെന്ന് പ്രധാനമന്ത്രി ചോദിച്ചു. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള സാധനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. രാജ്യത്തെ പൗരന്മാര്‍ സ്വാശ്രയത്വമുള്ളവരായിരിക്കണം, മാന്യമായി തങ്ങളുടെ ജീവിതം നയിക്കണം എന്നത് നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം മഹത്തായ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.