Connect with us

National

ബംഗാളിൽ പൗരത്വ പട്ടിക നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ല; നിലപാട് മാറ്റി ബി ജെ പി

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമബംഗാളില്‍ ദേശീയ പൗരത്വ പട്ടിക (എന്‍ ആര്‍ സി) നടപ്പാക്കല്‍ അനിവാര്യമാണെന്ന നിലപാട് മാറ്റി ബി ജെ പി. എന്‍ ആര്‍ സി ഭാവിയില്‍ നടക്കേണ്ട കാര്യമാണെന്നാണെന്നും ബംഗാളില്‍ ഉടന്‍ നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്  പറഞ്ഞു. രാജ്യവ്യാപകമായി എന്‍ ആര്‍ സി ഉടനെ നടപ്പാക്കുമെന്ന മുന്‍ നിലപാടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാറ്റംവരുത്തിയതിന് പിന്നാലെയാണ് ബംഗാള്‍ ബി ജെ പി അധ്യക്ഷനും നിലപാട് മാറ്റിയത്.

അതേ സമയം, പൗരത്വ പട്ടികയെ രാജീവ് ഗാന്ധിയുമായി ബന്ധിപ്പിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകാനുള്ള ശ്രമവുമുണ്ടായി. എന്‍ ആര്‍ സി നടപ്പാക്കുമെന്ന ധാരണയിലെത്തിയത് ബി ജെപിയല്ലെന്നും രാജീവ് ഗാന്ധിയാണ് അത്തരമൊരു കരാറിലെത്തിയതെന്നും അസമില്‍ എന്‍ ആര്‍ സി നടപ്പാക്കിയത് സുപ്രീംകോടതി ഉത്തരവ് പ്രകാരമാണെന്ന കാര്യം വ്യക്തമാണെന്നും ഘോഷ് ആരോപിച്ചു.

രാജ്യവ്യാപകമായി എൻ ആർ സി നടപ്പാക്കുന്നത് ആവശ്യമായി വന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിനെ കുറിച്ച് ആലോചിക്കുമെന്നും എന്നാല്‍ പൗരത്വ ഭേദഗതി നിയമം (സി എ എ) പാര്‍ലമെന്റ് അംഗീകരിച്ചതാണെന്നും ഇത് ബംഗാളിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ പട്ടിക ബംഗാളില്‍ ഒഴിച്ചുകൂടാനാവില്ലെന്ന് ഒരുവര്‍ഷം മുമ്പായിരുന്നു ദിലീപ് ഘോഷ് പ്രസ്താവന നടത്തിയത്.

Latest