Connect with us

National

മംഗളൂരു വെടിവെപ്പ്: ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

Published

|

Last Updated

ബെംഗളൂരു | പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. പകരം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സി ഐ ഡി) അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ സി ഐ ഡി അന്വേഷണം പ്രഖ്യാപിച്ചത്.

പ്രതിഷേധത്തിനിടെ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി ആയുധങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഡിസംബര്‍ 19നാണ് മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടയില്‍ അബദുല്‍ ജലീല്‍ (49), നൗഷിന്‍ കുദ്രോളി (23) എന്നിവര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്. വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസം മംഗളൂരുവിലെത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏതുതരം അന്വേഷണമാണെന്ന് പറഞ്ഞിരുന്നില്ല.

ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും അടക്കമുള്ള നേതാക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ജുഡീഷ്യല്‍ അന്വേഷണമാണ് ആവശ്യപ്പെട്ടത്. രണ്ട് പേരുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിവിധ മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ അന്വേഷിച്ചാല്‍ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, കോണ്‍ഗ്രസിന്റെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും വിവിധ സംഘടനകളുടെയും ആവശ്യം യെദ്യൂരപ്പ പരിഗണിച്ചില്ല. സി ഐ ഡി അന്വേഷണം സംബന്ധിച്ച ഉത്തരവ് ഇന്നലെ വൈകീട്ടോടെ പുറത്തിറക്കുകയും ചെയ്തു.

പോലീസ് വെടിവെപ്പിനെതിരെ ശക്തമായ ജനരോഷമുയരുമ്പോഴും ഇതിനെ ന്യായീകരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചത്. പോലീസ് സ്റ്റേഷന്‍ അക്രമിക്കാന്‍ വരുമ്പോള്‍ ഗത്യന്തരമില്ലാതെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഈ ഘട്ടത്തില്‍ പോലീസിന് ഇതല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് യെദ്യൂരപ്പ അഭിപ്രായപ്പെട്ടത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ പ്രതികളാക്കി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതും വ്യാപക പ്രതിഷേധത്തിനിടയാക്കി. കൊല്ലപ്പെട്ട രണ്ട് പേരും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവരല്ലെന്ന് ബന്ധുക്കള്‍ വാദിക്കുമ്പോള്‍ ഇത് തള്ളിയാണ് ഇവരെ പ്രതിചേര്‍ത്തുകൊണ്ടുള്ള എഫ് ഐ ആര്‍. വെടിവെപ്പില്‍ മരിച്ച ജലീലും നൗഷിനും പ്രക്ഷോഭകാരികളാണെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ ജലീല്‍ മൂന്നാം പ്രതിയും നൗഷിന്‍ എട്ടാം പ്രതിയുമാണ്.

ആകെ 77 പേര്‍ക്കെതിരെയാണ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് കേസെടുത്തിട്ടുള്ളത്. മംഗളൂരുവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്നലെ പിന്‍വലിച്ചെങ്കിലും നഗരത്തില്‍ നിരോധനാജ്ഞ തുടരുകയാണ്. ബസ് സര്‍വീസ് സാധാരണ നിലയിലായിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിഷേധ പ്രകടനങ്ങളും പോലീസ് വെടിവെപ്പും നടന്ന ബന്ധര്‍ മേഖല ഉള്‍പ്പെടെ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത പോലീസ് പിക്കറ്റ് തുടരുകയാണ്.