Connect with us

Gulf

അംഗ രാജ്യങ്ങള്‍ക്കിടയില്‍ സമന്വയത്തിന് ആഹ്വാനം; ജി സി സി ഉച്ചകോടിക്ക് പ്രൗഢ സമാപനം

Published

|

Last Updated

ദമാം | ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സമന്വയത്തിന് ആഹ്വാനം ചെയ്ത് 40-ാമത് ജി സി സി ഉച്ചകോടി റിയാദില്‍ സമാപിച്ചു. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരുന്നു ഈ വര്‍ഷത്തെ ഉച്ചകോടി.
ഗള്‍ഫ് രാജ്യങ്ങള്‍ ചരിത്രത്തിലെ നിരവധി പ്രതിസന്ധികളെ അതിജീവിച്ചുവെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. അംഗ രാജ്യങ്ങള്‍ക്കിടയില്‍ പ്രാദേശിക സുരക്ഷ നിലനിര്‍ത്തുന്നതിന് സൈനിക, സുരക്ഷാ സഹകരണം വര്‍ധിപ്പിക്കണമെന്നും ഉച്ചകോടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അംഗരാജ്യങ്ങള്‍ക്കിടയില്‍ കൂടുതെല്‍ ഐക്യവും പരസ്പര സഹകരണവും കൈവരിച്ച് മേഖല നേരിടുന്ന പുതിയ സുരക്ഷാ ഭീഷണികളെ നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും സമാപന പ്രസംഗത്തില്‍ ജി സി സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്വീഫ് ബിന്‍ റാഷിദ് അല്‍ സയാനി അഭിപ്രായപ്പെട്ടു. യമനില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധിച്ചതും യമന്‍ ഭരണകൂടവുമായി കരാറില്‍ ഒപ്പുവെച്ചതും സല്‍മാന്‍ രാജാവ് എടുത്തു പറഞ്ഞു. കരാറിലൂടെ ഒപ്പുവെച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യമായ മുഴുവന്‍ സഹായങ്ങളും നല്‍കും.
ഖത്വര്‍ വിഷയം ഉച്ചകോടിയില്‍ പ്രത്യേക ചര്‍ച്ചയായില്ലെങ്കിലും സഹകരണ ചര്‍ച്ചകളില്‍ പുതിയ പ്രതീക്ഷയാണെണുള്ളതെന്നും അംഗരാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ഒമാന്‍ മന്ത്രിസഭാ ഉപ പ്രധാനമന്ത്രി ഫഹദ് ബിന്‍ മഹമൂദ് അല്‍ സെയ്ദ്, ഖത്തര്‍ പ്രധാന മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി, കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സബാ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. നാല്‍പതാമത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഖത്വര്‍ ഭരണാധികാരി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ക്ഷണിച്ചിരുന്നു. ഖത്വറിനെ പ്രതിനിധീകരിച്ച് പ്രധാന മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

ഉച്ചകോടിയുടെ അജണ്ട തീരുമാനിക്കാന്‍ തിങ്കളാഴ്ച ജി സി സി വിദേശ മന്ത്രിമാരുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഖത്വറിനെ ബഹിഷ്‌കരിച്ച സംഭവത്തില്‍ വിട്ടുനില്‍ക്കുകയായിരുന്ന സഊദി, യു എ ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാഴ്ച നടന്ന ഗള്‍ഫ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കുകയും ചെയ്തു. ഉച്ചകോടിയില്‍ സഊദിയെ പ്രതിനിധീകരിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്‍, തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍, ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍, വിദേശകാര്യ മന്ത്രി ഡോ. മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍ തുടങ്ങിയവരും സംബന്ധിച്ചു.

നയീഫ് അല്‍ഹജ്‌റാഫ്‌

ജി സി സിയുടെ അടുത്ത സെക്രട്ടറി ജനറലായി കുവൈത്ത് മുന്‍ ധനമന്ത്രി നയീഫ് അല്‍ഹജ്റാഫിനെ നാമനിര്‍ദേശം ചെയ്തു. തിങ്കളാഴ്ച നടന്ന ഗള്‍ഫ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത്. 1981 ല്‍ ഗള്‍ഫ് സഹകരണ സമിതി രൂപവത്കരിച്ചതിനു ശേഷം ഈ സ്ഥാനം ഏറ്റെടുക്കുന്ന രണ്ടാമത്തെ കുവൈത്തി പൗരനാണ് അല്‍ ഹജ്റാഫ്. ഗള്‍ഫ് യൂനിവേഴ്സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഫോര്‍ അക്കാദമിക് സര്‍വീസസിന്റെ വൈസ് പ്രസിഡന്റായും, ബോര്‍ഡ് കമ്മീഷണര്‍മാരുടെ ചെയര്‍മാന്‍, 2014 മുതല്‍ 2017 വരെ കുവൈത്ത് ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റിയുടെ (സി എം എ) മാനേജിംഗ് ഡയറക്ടര്‍, കുവൈത്തിന്റെ വിപണന സെക്യൂരിറ്റികളുടെ ചീഫ് റെഗുലേറ്റര്‍ പദവികളും വഹിച്ചിട്ടുണ്ട്. നിലവിലെ ജനറല്‍ സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്വീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുടെ കാലാവധി 2020 ഏപ്രിലില്‍ അവസാനിക്കുന്നതോടെ പുതിയ സെക്രട്ടറി അല്‍ഹജ്റാഫ് സ്ഥാനമേറ്റടുക്കും.

 

---- facebook comment plugin here -----

Latest