മാവോയിസ്റ്റ്-ഇസ്‌ലാമിക തീവ്രവാദി കൂട്ടുകെട്ടുണ്ടെന്ന പി മോഹനന്റെ പ്രസ്താവന; അതൃപ്തി പ്രകടിപ്പിച്ച് യെച്ചൂരി

Posted on: November 19, 2019 6:11 pm | Last updated: November 19, 2019 at 9:09 pm

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളെ ഇസ്‌ലാമിക തീവ്രവാദികള്‍ പ്രോത്സാഹിപ്പിക്കുന്നതായുള്ള സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാവോയിസ്റ്റ് ആശയങ്ങളോടും പ്രവര്‍ത്തന രീതിയോടും യോജിപ്പില്ല. എന്നാല്‍, അവരുടെ പ്രവര്‍ത്തന മേഖലയിലെ സാമൂഹികാവസ്ഥ അവഗണിക്കാനാകില്ലെന്ന് യെച്ചൂരി പറഞ്ഞു.

കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച താമരശ്ശേരിയില്‍ നടന്ന സമാപന സമ്മേളനത്തിലായിരുന്നു പി മോഹനന്റെ വിവാദ പ്രസ്താവന. മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകളാണെന്നും പരസ്പര ഐക്യത്തോടെയാണ് ഇരുകൂട്ടരുടെയും പ്രവര്‍ത്തനമെന്നും ആയിരുന്നു മോഹനന്‍ പറഞ്ഞത്. ഇനി ഇന്ത്യയില്‍ ഇസ്‌ലാമിക വിപ്ലവത്തിന്റെ കാലമാണെന്ന സി പി ഐ മാവോയിസ്റ്റ് നേതാവ് ഗണപതിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു സി പി എം ജില്ലാ സെക്രട്ടറിയുടെ ആരോപണം. ഇത് ഇരു ഗ്രൂപ്പുകളുടെയും കൂട്ടുകെട്ടിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.