Connect with us

National

ജെ എന്‍ യു വിദ്യാര്‍ഥികളുടെ സമരത്തിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ്

Published

|

Last Updated

ന്യൂഡല്‍ഹി: പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, ഫീസ് വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജെ എന്‍ യു വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ്. പാര്‍ലിമെന്റിനു മുമ്പിലേക്കുള്ള സമരം വഴിയില്‍ തടഞ്ഞ പോലീസ് തെരുവ് വിളക്ക് ഓഫാക്കിയ ശേഷമാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. സമരക്കാരെ അറസ്റ്റു ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റുന്നത്.

മാര്‍ച്ച് ആരംഭിച്ചപ്പോള്‍ തന്നെ കാമ്പസിന് പുറത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയും ബാരിക്കേഡ് സ്ഥാപിച്ചും സര്‍വകലാശാല ഗേറ്റിന് സമീപം തന്നെ മാര്‍ച്ച് തടയാന്‍ പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ മുന്നേറുകയായിരുന്നു. എന്നാല്‍ ഏതാനും മീറ്ററുകള്‍ മാര്‍ച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ കൂടുതല്‍ ബാരിക്കേഡുകളും ശക്തമായ സന്നാഹവുമായി പോലീസ് മാര്‍ച്ച് തടഞ്ഞു.

ബാരിക്കേഡ് മറിച്ചിടാനും ചാടിക്കടന്ന് മുന്നോട്ടുപോകാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് ജെ എന്‍ യു യൂണിയന്‍ ചെയര്‍പേഴ്സണ്‍ ഐഷി ഘോഷടക്കം 54 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു.

അതിനിടെ, സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ നാല് മെട്രോ സ്‌റ്റേഷനുകള്‍ താത്കാലികമായി അടച്ചു. ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളാണ് അടച്ചത്. പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി എം ആര്‍ സി) അറിയിച്ചു.

Latest