Connect with us

Kozhikode

ബാബരി മസ്ജിദ്: കോടതി വിധിയെ സംയമനത്തോടെ കാണണം- കാന്തപുരം

Published

|

Last Updated

കോഴിക്കോട് | ബാബരി പ്രശ്‌നത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധിയെ സംയമനത്തോടെ കാണണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. നിയമ സംവിധാനത്തെ അംഗീകരിക്കുക ഓരോ പൗരന്റെയും കടമയാണ്. വിധിയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ പ്രകടനങ്ങൾ ജനാധിപത്യ സംവിധാനങ്ങൾക്കും നിയമ വ്യവസ്ഥക്കും അകത്തുനിന്നുകൊണ്ടാകണം.

രാജ്യ ചരിത്രത്തിലെ സുപ്രധാനമായ കേസുകളിലൊന്നാണിത്. പ്രശ്നവുമായി ബന്ധപ്പെട്ട് നേരത്തേ വർഗീയ മുതലെടുപ്പുകൾ ഉണ്ടായിട്ടുണ്ട്. വിധി ഒരു തരത്തിലും കലാപാന്തരീക്ഷം ഉണ്ടാക്കരുത്. രാജ്യത്ത് മതവിശ്വാസികൾക്കിടയിലെ പരസ്പര സൗഹാർദം ഊട്ടിയുറപ്പിക്കണം. ആഗോള സമൂഹം ഉറ്റുനോക്കുന്ന വിധിയിൽ കോടതിയെ മാനിച്ചു പ്രവർത്തിക്കണം. വൈകാരികമായിട്ടല്ല വിവേകപൂർവമായാണ് ഇടപെടേണ്ടത്.

ബാബരി മസ്ജിദ് വിഷയം നമ്മുടെ അഭിമാന പ്രശ്‌നമായ പോലെ ഇന്ത്യയിൽ സ്വസ്ഥമായും സ്വാതന്ത്ര്യത്തോടെയും ജീവിക്കുക എന്നതും അനിവാര്യമാണ്. അതിനാൽ, എടുത്തുചാട്ടങ്ങൾ ഒരാളിൽ നിന്നും ഉണ്ടാവരുത്. വിധി പ്രസ്താവം വരുന്ന മുറക്ക് വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം നേതൃത്വവുമായി ബന്ധപ്പെട്ട് പൊതു അഭിപ്രായം രൂപപ്പെടുത്തും.സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സംവിധാനങ്ങൾ സ്വീകരിക്കും. ഹൈന്ദവ മതനേതാക്കളുമായി സംസാരിച്ചു സമാധാനാവസ്ഥയും സൗഹാർദവും എല്ലായിടത്തും സുശക്തമാക്കാനുള്ള ഇടപെടലുകൾ നടത്തിവരികയാണെന്നും കാന്തപുരം അറിയിച്ചു.

Latest