ഡൽഹിക്ക് ശ്വാസകോശ രോഗം

പുക മഞ്ഞിന്റെ പേരില്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നു. റോഡുകളും വിമാനത്താവളങ്ങളും ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്നു. മൂടല്‍ മഞ്ഞുമൂലം താഴെ ഒന്നും കാണാത്തതിനാല്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ പറ്റാതെ വഴിതിരിച്ചു വിടേണ്ടതായി വരുന്നു.
Posted on: November 7, 2019 11:10 am | Last updated: November 7, 2019 at 11:10 am

ഏതാണ്ട് എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മൂന്ന് മാസങ്ങള്‍ ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം പുകമഞ്ഞിന്റെയും ജനങ്ങള്‍ക്ക് ശ്വാസകോശ രോഗങ്ങളുടെയും കാലഘട്ടമാണ്. 1990 മുതല്‍ തന്നെ ഈ പ്രതിഭാസം തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം. ഇന്ന് ഡല്‍ഹിയില്‍ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ വായു മലിനീകരണ പ്രശ്‌നം വ്യാപിച്ചിരിക്കുന്നു. ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന അതിസൂക്ഷ്മ കണികകള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് പ്രശസ്ത പത്രപ്രവര്‍ത്തക സുനിത നാരായണ്‍ എഴുതിയപ്പോള്‍ ഓട്ടോമൊബൈല്‍ നിര്‍മാതാക്കള്‍ അവര്‍ക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ട കേസാണ് ഫയല്‍ ചെയ്തത്. അന്ന് കോടതിയും സര്‍ക്കാറുമാണ് അവരുടെ രക്ഷക്കെത്തിയത്.

ഈ കേസിനു ശേഷമാണ് ഡല്‍ഹിയില്‍ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ ഒഴിവാക്കുകയും സി എന്‍ ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വേണമെന്നത് നയരൂപവത്കരണ ചര്‍ച്ചകളില്‍ സജീവമായത്. എന്നാല്‍ രണ്ടായിരത്തിപ്പത്തൊമ്പതാം ആണ്ടായിട്ടും ശൈത്യ കാലങ്ങളില്‍ ഇന്ത്യന്‍ തലസ്ഥാനത്തിനു മാരക വായുമലിനീകരണത്തില്‍ നിന്ന് മോചനമായിട്ടില്ല എന്നതാണ് സത്യം. പുക മഞ്ഞിന്റെ പേരില്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നു. റോഡുകളും വിമാനത്താവളങ്ങളും ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്നു. മൂടല്‍ മഞ്ഞുമൂലം താഴെ ഒന്നും കാണാത്തതിനാല്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ പറ്റാതെ വഴിതിരിച്ചു വിടേണ്ടതായി വരുന്നു. ജനങ്ങള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയിലാണ്. ഡല്‍ഹിയിലെ പത്ത് കുട്ടികളില്‍ ഒരാള്‍ക്ക് എങ്കിലും ആസ‌്തമയുണ്ട്. ഇന്ന് രാജ്യത്തിന്റെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരം ആരോഗ്യവാന്മാരായ ആളുകള്‍ക്ക് പോലും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാവുന്ന തീവ്രതയിലാണ് ഡല്‍ഹിയിലെ വായു മലിനീകരണമെന്ന് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി പോലും നിരീക്ഷിച്ചിരുന്നു. അതിന്റെ വെളിച്ചത്തില്‍ ഡല്‍ഹി ഇപ്പോള്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ്.

മലിനീകരണം മൂലം ഡല്‍ഹിയിലെ ജനങ്ങള്‍ ദിനംപ്രതി 50 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ വായു മാലിന്യങ്ങള്‍ വലിച്ചു കേറ്റുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹി നഗരത്തിലെ ജനങ്ങള്‍ ഇന്ന് ഏകദേശം ഒരു ഗ്യാസ് അറയില്‍ ഉള്‍പ്പെട്ട പോലെയാണ് ജീവിക്കുന്നത്.

ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (വായു മലിനീകരണ തോത്) 2015ല്‍ ചില ദിവസങ്ങളില്‍ 420 ആയിരുന്നു. അത് 2018ല്‍ 449ഉം 2019 ഒക്ടോബര്‍ 31ന് 471ഉം ആയിരുന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അനുസരിച്ച് ശുദ്ധവായു കുറയുകയും അസുഖങ്ങള്‍ കൂടുകയും ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു ചേരുകയും ചെയ്യുന്നു. അതായത് പ്രാണവായു ലഭിക്കാന്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ വേണ്ടി വരുമെന്ന് സാരം. ഇതിനോടകം ഡല്‍ഹിയിലെ കടുത്ത വായു മലിനീകരണവും മൂടല്‍ മഞ്ഞും തടയാനും ലഘൂകരിക്കാനും ഒട്ടനവധി നിര്‍ദേശങ്ങള്‍ 2015 മുതല്‍ തന്നെ നടപ്പാക്കി കഴിഞ്ഞു. വാഹന മലിനീകരണം കുറക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. നഗരത്തില്‍ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ ഒഴിവാക്കി. വാഹനങ്ങളില്‍ ബി എസ്- 4 ഇന്ധനങ്ങള്‍ മാറ്റി ബി എസ് -6 ആക്കി. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കര്‍ശനമാക്കി. ഒറ്റ, ഇരട്ട സംഖ്യ വാഹനങ്ങള്‍ ചില ദിവസങ്ങളില്‍ ഒഴിവാക്കി ഗതാഗതം നിയന്ത്രിച്ചു. ഡീസല്‍- മണ്ണെണ്ണ ജനറേറ്ററുകള്‍ പൂര്‍ണമായും നിരോധിച്ചു. കുട്ടികള്‍ക്കു മാസ്‌കുകള്‍ വിതരണം ചെയ്തു. ബദര്‍പുര്‍ വൈദ്യുതി നിലയം അടച്ചു. ആന്റി സ്‌മോഗ് ഗണ്‍ സ്‌പ്രേയര്‍ ഉപയോഗിച്ച് മൂടല്‍ മഞ്ഞ് നിയന്ത്രിച്ചു. കാലേക്കൂട്ടി വായു മലിനീകരണം മനസ്സിലാക്കാവുന്ന മുന്നറിയിപ്പ് സംവിധാനങ്ങള്‍ പലയിടത്തും വിന്യസിച്ചു. വായു മലിനീകരണം നടത്തുന്ന വ്യവസായ ശാലകള്‍ അടച്ചുപൂട്ടി.

അടുത്തിടെ അമേരിക്കയുടെ നാസ പുറത്തു വിട്ട ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതു പോലെ, പഞ്ചാബ് – ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ അവരുടെ വിളവെടുപ്പിനു ശേഷം കൃഷിയിടങ്ങളില്‍ അവശേഷിക്കുന്ന കറ്റ കത്തിക്കുന്നത് ഡല്‍ഹിയെ വായു മലിനീകരണത്തിലേക്കും മൂടല്‍ മഞ്ഞിലേക്കും നയിക്കുന്നു എന്ന് മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയുകയും നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയും പിഴയും ചുമത്തുകയും ചെയ്യുന്നുണ്ട്. ദീപാവലി, ക്രിസ്മസ് സമയങ്ങളിലെ വെടിമരുന്നു ഉപയോഗവും നിയന്ത്രിക്കുന്നുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും ഡല്‍ഹിയിലെ മൂടല്‍ മഞ്ഞിന് വലിയ കുറവൊന്നും ഇല്ലെന്നതാണ് വാസ്തവം.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ വാങ്ങുന്നതിനു 2,364 രൂപയാണ് ചാര്‍ജ് ചെയ്യുന്നത്. ഒരാള്‍ക്ക് ഒരു ദിവസം ഏകദേശം 559 ലിറ്റര്‍ ഓക്‌സിജന്‍ വേണമത്രെ! അതായത് വായു മലിനീകരണം നമ്മുടെ കുടുംബ ബജറ്റ് പോലും തകര്‍ക്കുമെന്ന് തിരിച്ചറിയണം. എന്തൊക്ക വികസനം വന്നാലും മനുഷ്യന് അവിടെ ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ അതെല്ലാം നിരര്‍ഥകമാണ്.