സുബ്രതോ കപ്പ്: വെസ്റ്റ് ബംഗാളിനെ മൂന്ന് ഗോളിന് തകര്‍ത്ത് കേരളം

Posted on: September 11, 2019 5:12 pm | Last updated: September 11, 2019 at 5:12 pm

ന്യൂഡല്‍ഹി: ആരവല്ലിയിലെ പാത്ത് വേയ്‌സ് സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 17 അന്തര്‍ദേശീയ ഫുട്ബോളില്‍ കരുത്തരായ വെസ്റ്റ് ബംഗാളിനെ തകര്‍ത്ത് കേരളം. ടൂര്‍ണമെന്റിലെ പൂള്‍ ഇ യിലെ മൂന്നാമത്തെ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന മലപ്പുറം ചേലേമ്പ്ര എന്‍ എന്‍ എം എച്ച് എസ് എസ് മൂന്ന് ഗോളിനാണ്‌ ബംഗാളിനെ തോല്‍പിച്ചത്.

മനോഹരമായ ഫുട്‌ബോള്‍ കാഴ്ചവച്ച കേരള ടീം കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ ഗോള്‍ കണ്ടെത്തി. കോര്‍ണര്‍ കിക്കില്‍ ക്യാപ്റ്റന്‍ നന്ദു കൃഷ്ണയുടെ തകര്‍പ്പന്‍ ഹെഡ്ഡറില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. പത്താം മിനുട്ടില്‍ അബ്ദുള്‍ ഫാഹിസ് നേടിയ ഗോളിലൂടെ ആദ്യ പകുതിയില്‍ 2-0 എന്ന നിലയില്‍ കേരളം മുമ്പിലെത്തി.

രണ്ടാം പകുതി തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ മുഹമ്മദ് റോഷല്‍ നേടിയ അതി മനോഹരമായ ഗോളിലൂടെ കേരളം പട്ടിക പൂര്‍ത്തിയാക്കി. ഇരുപകുതിയിലും കേരള ടീമിനായിരുന്നു മേധാവിത്തം. നിരവധി തുറന്ന അവസരങ്ങള്‍ കേരള ടീമിന് കിട്ടിയിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

കഴിഞ്ഞ മത്സരത്തില്‍ ഐ ബി എസ് ഒ ഡല്‍ഹിയെ 12-3 ന് തകര്‍ത്തതിന്റെ ആത്മ വിശ്വാസത്തിലാണ് കേരളം ഇന്ന് കളത്തിലിറങ്ങിയത്. പൂള്‍ ഇ യിലെ അവസാന മത്സരത്തില്‍ കേരളം വ്യാഴാഴ്ച വൈകീട്ട് നാലിന് ബംഗ്ലാദേശ് എയര്‍ ഫോഴ്‌സ് ടീമിനെ നേരിടും.