National
മൂന്ന് പതിറ്റാണ്ട് രാജ്യത്തെ സേവിച്ച സൈനികന്‍ പൗരത്വപട്ടികയില്‍ നിന്ന് പുറത്ത്

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരനാണെന്നാരോപിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തടവിലാക്കപ്പെട്ട റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കി. 30 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം വിരമിച്ച സനാഉല്ലയെന്ന മുന്‍ സൈനികനാണ് പുറത്താക്കപ്പെട്ടത്. സംഭവത്തില്‍ തനിക്ക് ആശ്ചര്യം തോന്നുന്നില്ലെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
“എന്റെ കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ എന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്, എനിക്ക് നീതി ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”- സനാഉല്ല പറഞ്ഞു.
സൈനിക ജീവിതത്തിലൂടെ കശ്മീരിലും മണിപ്പൂരിലും തീവ്രവാദികളോട് പോരാടിയ സനാഉല്ലയെ കഴിഞ്ഞ മെയ് മാസത്തില്‍ വിദേശ ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നിട് 12 ദിവസം ഡിറ്റന്‍ഷന്‍ സെന്ററില്‍ താമസിപ്പിച്ച അദ്ദേഹം ഗോഹട്ടി ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. കേസ് ഇപ്പോഴും തുടരുകയാണ്.
“30 വര്‍ഷമായി ഒരു സൈനികനെന്ന നിലയില്‍ സേവനമനുഷ്ടിച്ച തന്നെ ഇത് വളരെയധികം വേദനിപ്പിക്കുന്നു. രാജ്യത്തെ സേവിച്ചതിന് എനിക്ക് ലഭിക്കുന്നത് ഇതാണ്. പക്ഷേ, എന്റെ കേസ് ഒരു കണ്ണ് തുറപ്പിക്കലായിരിക്കുമെന്നും നീതി ലഭിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു” അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു. താന്‍ന്‍ ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനായതിനാല്‍ അവര്‍ എന്നെ വിദേശിയാണെന്ന് പ്രഖ്യാപിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ എന്‍ആര്‍സിയുടെ ആദ്യ കരട് പ്രസിദ്ധീകരിച്ചതിന് ശേഷമാണ് തനിക്കെതിരായ കേസിനെക്കുറിച്ച് അറിഞ്ഞതെന്ന് സനാഉല്ല പറഞ്ഞു. “ഞാന്‍ അന്ന് ബെംഗളൂരുവിലായിരുന്നു, അത്തരമൊരു കേസ് സംബന്ധിച്ച് എനിക്ക് അറിയിപ്പ് ലഭിച്ചിരുന്നില്ല. എനിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ അറിയാന്‍ അതിര്‍ത്തി ഉദ്യോഗസ്ഥരെയും പോലീസ് സ്റ്റേഷനുകളെയും വിദേശ ട്രൈബ്യൂണലുകളെയും തനിക്ക് സമീപിക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 ല്‍ കരസേനയില്‍ നിന്ന് ഓണററി ലഫ്റ്റനന്റായി വിരമിച്ച സനാവല്ല, തുടര്‍ന്ന് അസം ബോര്‍ഡര്‍ പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തു അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സനാഉല്ലയെ വിരോധാഭാസമെന്നു പറയട്ടെ, ഇതേ യൂണിറ്റ് പിന്നീട് അനധികൃത കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച് പിടികൂടുകയായിരുന്നു.
ഇന്ന് രാവിലെ പ്രസിദ്ധീകരിച്ച എന്‍ആര്‍സി പട്ടികയില്‍ നിന്ന് 19 ലക്ഷത്തിലധികം ആളുകളെ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കപ്പെട്ടവര്‍ തുടര്‍ നടപടി ഒഴിവാക്കാന്‍ അവരുടെ പൗരത്വം തെളിയിക്കേണ്ടതുണ്ട്. പതിറ്റാണ്ടുകളായി സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയ അനധികൃത കുടിയേറ്റക്കാരെ കളയാന്‍ ലക്ഷ്യമിട്ടുള്ള പട്ടികയില്‍ 3.11 കോടി ആളുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 1951 ന് ശേഷം ആസാമില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ പൗരത്വ പട്ടികയാണിത്.
എന്‍ആര്‍സി പട്ടികയെ പ്രതിപക്ഷവും ഭരണപക്ഷത്തുള്ള ചിലരും നിശിതമായി വിമര്‍ശിച്ചു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള കളിയാണ് നടക്കുന്നതെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ആരോപിച്ചപ്പോള്‍, ബിജെപി എംഎല്‍എ സിലാദിത്യ ദേവ് ഇതിനെ ഹിന്ദുക്കളെ അകറ്റി നിര്‍ത്താനും മുസ്‌ലിംകളെ സഹായിക്കാനുമുള്ള ഗൂഢാലോചനയെന്നാണ് വിശേഷിപ്പിച്ചത്.