പാലായില്‍ നിഷ ജോസ് കെ മാണി വരുമോ?; തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു

Posted on: August 25, 2019 3:11 pm | Last updated: August 25, 2019 at 7:30 pm

കോട്ടയം: കെഎം മാണിയുടെ നിര്യാണത്തോടെ ഒഴിവു വന്ന പാലാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥികള്‍ ആരാകുമെന്ന കാര്യത്തില്‍ നിരവധി ചോദ്യങ്ങളുയരുകയാണ്. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി കെഎം മാണിയുടെ മരുമകള്‍ നിഷ ജോസ് കെ മാണി വന്നേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. പാലായിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലുള്‍പ്പെടെ കുറച്ച് കാല സജീവ സാന്നിധ്യമാണ് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. പാലായിലെ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകളിലൊക്കെ നിഷ ജോസ് കെ മാണിയുടെ കേട്ടുകൊണ്ടിരുന്നത്. ഇത് സംബന്ധിച്ച് മാധ്യമങ്ങല്‍ പ്രതികരണമാരഞ്ഞപ്പോഴെല്ലാം മത്സര രംഗത്തേക്കില്ലെന്നായിരുന്നു നിഷ ജോസ് കെ മാണിയുടെ നിലപാട്. എന്നാല്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ നിഷ സ്ഥാനാര്‍ഥിയാകുമെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. അതേ സമയം ജോസ് കെ മാണി സ്ഥാനാര്‍ഥിയാകാനുണ്ടാകില്ലെന്ന സൂചനകളുമുണ്ട്.

ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം ഉപേക്ഷിച്ച് മത്സരരംഗത്തേക്കിറങ്ങാന്‍ തല്‍ക്കാലം സാധ്യതയില്ലെന്നതും നിഷക്കാണ് സാധ്യത കല്‍പിക്കുന്നത്.
അതേ സമയം സ്ഥാനാര്‍ഥി സംബന്ധിച്ച ചര്‍ച്ചയോ തീരുമാനമോ കേരളാ കോണഗ്രസിനകത്ത് നടന്നിട്ടില്ലെന്നാണ് ജോസ് കെ മാണി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത് .
ജോസഫ് വിഭാഗം ഇടഞ്ഞു നില്‍ക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ എല്ലാവരേയും രമ്യമായി കൊണ്ടുപോകാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.