ഈ വര്‍ഷം ദുബൈയിലെത്തിയത് 83.6 ലക്ഷം സഞ്ചാരികള്‍

Posted on: August 18, 2019 7:21 pm | Last updated: August 18, 2019 at 7:21 pm

ുബൈ: 2019 ആദ്യ ആറ് മാസങ്ങളില്‍ 83.6 ലക്ഷം രാജ്യാന്തര സന്ദര്‍ശകര്‍ ദുബൈയിലെത്തിയതായി ടൂറിസം അധികൃതര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം നേട്ടമുണ്ടായതായും ദുബൈ ടൂറിസം വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കി.
ദുബൈയുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ മൂലക്കല്ലുകളിലൊന്നാണ് ടൂറിസം എന്ന് ദുബൈ ടൂറിസം ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍ മര്‍റി പറഞ്ഞു. ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ചതും ഏറ്റവും ഇഷ്ടപ്പെടുന്നതുമായ നഗരം എന്ന ലക്ഷ്യത്തിലേക്ക് വേഗത്തില്‍ മുന്നേറാനുള്ള തങ്ങളുടെ കഴിവിനെ അടിസ്ഥാനമാക്കിയാണ് വിജയം അളക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദുബൈ സന്ദര്‍ശകരില്‍ 997,000 പേരുമായി ഇന്ത്യയാണ് മുന്നില്‍. സഊദിയില്‍ നിന്ന് 755,000 സന്ദര്‍ശകരാണ്. ഈദ് ഇടവേളയില്‍ മാത്രം 4.9 ശതമാനം വര്‍ധനയുണ്ടായി. സഊദി കുടുംബങ്ങള്‍ക്ക് ദുബൈയിലെ ആകര്‍ഷണത്തില്‍ സ്ഥിരതയുണ്ട്.

ഇംഗ്ലണ്ടില്‍ നിന്ന് 586,000 യാത്രക്കാരാണ് എത്തിയത്. ബ്രെക്സിറ്റിനെ ചുറ്റിപ്പറ്റിയുള്ള വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഗണ്യമായ മുന്നേറ്റമുണ്ടായി.

501,000 ചൈനീസ് സന്ദര്‍ശകരാണ് ഇക്കാലയളവില്‍ എത്തിയത്. പ്രതിവര്‍ഷം 11 ശതമാനം വളര്‍ച്ചയാണ് ചൈനയില്‍ നിന്ന് ലഭിക്കുന്നത്. തൊട്ടുപിറകെ ഒമാനാണ്. വിസ ഓണ്‍ അറൈവല്‍ നടപ്പാക്കിയത് റഷ്യയില്‍ നിന്നുള്ള വളര്‍ച്ച സുസ്ഥിര നിലവാരത്തിലേക്ക് ഉയര്‍ത്തി.