ദുരന്തങ്ങള്‍ മല തുരന്നെടുക്കുകയാണ് നാം

Posted on: August 17, 2019 4:35 pm | Last updated: August 17, 2019 at 4:36 pm

അപ്രതീക്ഷിതവും അസാധാരണവുമായ പ്രളയത്തിന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അത്ര വ്യാപ്തിയില്ലെങ്കിലും പ്രളയത്തിലൂടെയും മറ്റ് ദുരിതങ്ങളിലൂടെയും കേരളം കടന്നുപോകുന്നത്. 2018ലെ പ്രളയം ഏതാണ്ടൊരു നൂറ്റാണ്ടിന് ശേഷം ആവര്‍ത്തിക്കപ്പെട്ട ഒന്നായാണ് നമ്മള്‍ പൊതുവെ പരിഗണിച്ചിരുന്നത്. അത്രയൊന്നും വേഗത്തിലൊരു ആവര്‍ത്തനം അതിനുണ്ടാകില്ലെന്നും കരുതിയിരുന്നു. ആ പ്രതീക്ഷയെ തകര്‍ത്തു കൊണ്ടാണ് വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമൊക്കെയുണ്ടായത്. അണക്കെട്ടുകളൊന്നും നിറയുന്നതിന് മുമ്പേ. പശ്ചിമഘട്ട പ്രദേശങ്ങളിലും അതിന്റെ ഓരങ്ങളിലുമാണ് വലിയ ദുരന്തങ്ങള്‍. അവിടെ നിന്ന് കുത്തിയൊലിച്ച വെള്ളമാണ് മലബാറിന്റെ വിവിധ പ്രദേശങ്ങളെ മുക്കിക്കളഞ്ഞത്.

എന്തായാലും ആവര്‍ത്തിക്കുന്ന വലിയ ദുരന്തങ്ങള്‍ പ്രകൃതിയില്‍ മനുഷ്യനേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് ജീവിത – വികസന രീതികളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള ചിന്തകളിലേക്ക് നയിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തെ തുടര്‍ന്നുള്ള ദിനങ്ങളിലും ഇതുണ്ടായിരുന്നുവെങ്കിലും വൈകാതെ കെട്ടടങ്ങി. ദുരന്തം ആവര്‍ത്തിച്ച സാഹചര്യത്തില്‍ അതങ്ങനെ കെട്ടടങ്ങില്ലെന്ന് കരുതാം.

അധികൃതവും അനധികൃതവുമായി നടക്കുന്ന അനിയന്ത്രിതമായ പാറപൊട്ടിക്കലും ചെങ്കല്‍ ഖനനവും ഇപ്പോഴത്തെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാണ്. പൊതു – സ്വകാര്യ മേഖലകളിലെ വികസന പദ്ധതികളുടെ പേരില്‍ നടക്കുന്ന കുന്നിടിക്കലും. ഭൂമിയുടെ ഘടന കണക്കിലെടുക്കാതെയും അതിനെ ആകെ തകിടം മറിച്ചുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മറ്റൊരു കാരണം. പുഴ കൈയേറി കൃഷി നടത്തുകയും കെട്ടിടം നിര്‍മിക്കുകയും ചെയ്തതിലൂടെ അതിന്റെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞത് വെള്ളപ്പൊക്കത്തിനുള്ള കാരണങ്ങളിലൊന്നാണ്. അനധികൃത നിര്‍മാണങ്ങളെ തകര്‍ത്ത് സ്വന്തം വഴി പുഴ തിരിച്ചെടുത്തപ്പോഴുണ്ടായ നാശനഷ്ടം ചെറുതല്ല. പെയ്ത്തുവെള്ളം ശേഖരിക്കാന്‍ പാകത്തില്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടായിരുന്ന നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തപ്പെട്ടതും വെള്ളമൊഴുകിപ്പോകാനുള്ള ചാലുകളൊക്കെ നികത്തപ്പെട്ടതും വെള്ളം വേഗത്തില്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. ഇപ്പറഞ്ഞ കാരണങ്ങളെല്ലാം ഏതാണ്ടെല്ലാ മലയാളികള്‍ക്കും നേരത്തെ അറിവുള്ളതാണ്, കഴിഞ്ഞ പ്രളയത്തിന് ശേഷം കൂടുതല്‍ ഓര്‍ത്തതുമാണ്.

അത്തരം അറിവോ ഓര്‍മയോ നമ്മുടെ പതിവ് ചിന്താ രീതികളെയോ വികസന സങ്കല്‍പ്പങ്ങളെയോ മാറ്റുന്നില്ല എന്നതാണ് വസ്തുത. ദുരന്തത്തിന്റെ വേദനകള്‍ ഒട്ടൊന്ന് ഒടുങ്ങുകയും കണ്ണീര്‍ച്ചാലുകള്‍ ഉണങ്ങുകയും ചെയ്യുന്നതോടെ നഷ്ടപരിഹാരമോ പുനരധിവാസമോ വേഗത്തില്‍ നടക്കാത്തതിന്റെ അസംതൃപ്തികളിലേക്ക് മാത്രമായി നമ്മള്‍ ചുരുങ്ങും. അതൊക്കെ വേഗത്തില്‍ നടക്കുമ്പോള്‍ തന്നെ ഇനിയൊരു പ്രകൃതിക്ഷോഭമുണ്ടാകാതിരിക്കാന്‍ പാകത്തില്‍, അഥവാ ഉണ്ടായാല്‍ തന്നെ ജീവജാലങ്ങള്‍ക്കുണ്ടാകുന്ന നാശം പരമാവധി കുറക്കാന്‍ സഹായകമാകുന്ന വിധത്തില്‍ പുനര്‍ നിര്‍മാണവും വികസന പദ്ധതികളും ആവിഷ്‌കരിക്കണമെന്ന ചിന്ത സമാന്തരമായി ചരിക്കേണ്ടതുണ്ട്. അതുണ്ടാകുന്നില്ല എന്നതാണ് പരമാര്‍ഥം.

കഴിഞ്ഞ പ്രളയകാലത്ത് മലയാളികളുടെ മനോവീര്യത്തെ ഉയര്‍ത്തി നിര്‍ത്താന്‍ പാകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ആശയവിനിമയം വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. അതില്‍ ചിലപ്പോഴെങ്കിലും പരിസ്ഥിതിക്ക് ഇണങ്ങും വിധത്തിലുള്ള വികസന കാഴ്ചപ്പാടിലേക്ക് മാറേണ്ടതിനെക്കുറിച്ച്, ദുരന്ത മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെക്കുറിച്ച് ഒക്കെ പറഞ്ഞിരുന്നു. അതിനനുസരിച്ചാണോ നമ്മള്‍ നവകേരള നിര്‍മാണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന വലിയ മഴകള്‍, ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്താന്‍ എന്തെങ്കിലും ശ്രമം ഇക്കാലയളവില്‍ നടന്നിട്ടുണ്ടോ? അങ്ങനെ നടക്കുകയും ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിവ് നല്‍കിയിരുന്നോ എന്നും പരിശോധിക്കണം. ഇതൊക്കെ നിക്ഷിപ്തമായ രാഷ്ട്രീയ താത്പര്യങ്ങളുദ്ദേശിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് പുറത്ത് നടക്കേണ്ട കാര്യമാണ്.
അതിനൊപ്പം പ്രധാനമാണ് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം. അതേക്കുറിച്ച് പഠിക്കാനും ജീവജാലങ്ങളുടെ സംരക്ഷണത്തിന് ഉതകും വിധത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനും രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് നിയോഗിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളിലേക്ക് കേരളം കടക്കണമെന്നതാണ് ഉയര്‍ന്നുവരുന്ന പ്രധാന നിര്‍ദേശം. അത് ഗൗരവത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക്, ആറായിരത്തോളം വരുന്ന ക്വാറികള്‍ക്കാണ്. ഒപ്പം കുന്നിടിക്കലിനും. ഭൂമിയുടെ സ്വാഭാവിക ഘടന അട്ടിമറിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പശ്ചിമഘട്ടത്തിലെ മലനിരകളെ ദുര്‍ബലമാക്കുന്നുണ്ട്. പശ്ചിമഘട്ട മേഖലകളില്‍ മാത്രം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കൊണ്ട് മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആറായിരത്തോളം വരുന്ന ക്വാറികളില്‍ അധികൃതമായത് എണ്ണൂറോളമേ വരൂ. എന്തുകൊണ്ട് അനധികൃതമായി ഇത്രയും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു?

ലൈസന്‍സുള്ള ക്വാറികള്‍ തന്നെയും അനുവദിക്കപ്പെട്ട പരിധിക്ക് അപ്പുറത്ത് പാറയും ചെങ്കല്ലും ഖനനം ചെയ്യുന്നത് എന്തുകൊണ്ടാണ്? കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കായി അത്രയധികം അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമുള്ളതുകൊണ്ട് എന്നാണ് ഉത്തരം. ഇത്രയൊക്കെയായിട്ടും പലപ്പോഴും കല്ലിനും ചെങ്കല്ലിനുമൊക്കെ ക്ഷാമം നേരിടുന്നുമുണ്ട്.
പശ്ചിമഘട്ടത്തിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് വേണ്ടിയല്ല, അവിടെ നിന്ന് അടര്‍ത്തിയെടുക്കുന്ന കല്ലും ചെങ്കല്ലും ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത്. ഇടനാടെന്ന് അറിയപ്പെടുന്ന കേരളത്തിലെ മധ്യവര്‍ഗം ധാരാളമായി അധിവസിക്കുന്ന മേഖലകളിലും പുഴകളുടെയും കായലുകളുടെയും കടലിന്റെയും തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലുമാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. തീരത്തോട് ചേര്‍ന്ന് നടക്കുന്ന നിര്‍മാണങ്ങളില്‍ വലിയൊരളവ് വിനോദ സഞ്ചാരത്തെ മുന്നില്‍ക്കണ്ടുള്ള വന്‍കിട നിര്‍മാണങ്ങളാണ്. ഇത്തരം നിര്‍മാണങ്ങള്‍ക്ക് യുക്തിസഹമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ പശ്ചിമഘട്ടത്തിലുള്ള അപകടകരമായ ഖനനം നിയന്ത്രിക്കാന്‍ സാധിക്കുകയില്ല തന്നെ. തീര സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുടെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാന്‍ അനുവാദം നിഷേധിക്കുന്ന നമ്മുടെ ഭരണസംവിധാനം വന്‍കിടക്കാര്‍ നടത്തുന്ന അനധികൃത നിര്‍മാണങ്ങളെ കണ്ടില്ലെന്ന് വെക്കുകയോ അനധികൃതമെന്ന് കണ്ടെത്തിയാല്‍ തന്നെ പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഓര്‍ക്കണം. അതിലൊക്കെ മാറ്റമുണ്ടാകുക എന്നത് കൂടി അനിവാര്യമായിരിക്കുന്നു.

കേരളത്തില്‍ നിര്‍മിക്കുന്ന വീടുകളുടെ വലുപ്പം ഒരു പ്രശ്‌നമാണ്. ആവശ്യങ്ങള്‍ക്ക് ആനുപാതികമായല്ലാതെ നിര്‍മിക്കപ്പെടുന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളും. ഇവയുടെയൊക്കെ നിര്‍മാണത്തിന് വേണ്ടിവരുന്ന അസംസ്‌കൃത വസ്തുക്കളില്‍ (കല്ല്, ചെങ്കല്ല്, പാറപ്പൊടി) ഭൂരിഭാഗവും പശ്ചിമഘട്ടത്തെ തുരന്നെടുക്കുന്നതാണ്. ഇഷ്ടികയും ചരലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതൊക്കെ തണ്ണീര്‍ത്തടങ്ങളെയും വയലുകളെയും പുഴകളെയും ഇല്ലാതാക്കിക്കൊണ്ട് നിര്‍മിക്കുന്നതോ സംഭരിക്കുന്നതോ ആണ്. പൊതു ആവശ്യത്തിനുള്ള റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് ഈ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമായേ മതിയാകൂ. പക്ഷേ, അനാവശ്യമായ നിര്‍മാണങ്ങള്‍ക്കും ആഡംബരം മാത്രമുദ്ദേശിച്ചുള്ള നിര്‍മിതികള്‍ക്കും ഈ അസംസ്‌കൃത വസ്തുക്കള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കിയേ മതിയാകൂ. അതങ്ങനെ ഒഴിവാക്കപ്പെട്ടാല്‍ തന്നെ പശ്ചിമഘട്ടത്തെ പിളര്‍ക്കുന്ന സ്‌ഫോടനങ്ങളുടെ എണ്ണം കുറയും.

തണ്ണീര്‍ത്തടങ്ങളുടെയും പുഴകളുടെയും നാശമുറപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് വേഗം കുറയും. കൃത്യമായ വ്യവസ്ഥകളോടെയും കര്‍ക്കശമായ നിരീക്ഷണത്തോടെയും അനുവദിക്കപ്പെടുന്ന ഖനന പ്രവൃത്തികൊണ്ട് തന്നെ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തിലുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും. വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. അത്തരം സാധ്യതകള്‍ തേടുമെന്ന് കഴിഞ്ഞ പ്രളയകാലത്തെ ആശയവിനിമയങ്ങളില്‍ മുഖ്യമന്ത്രി പറയുകയും ചെയ്തിരുന്നു. എന്നാല്‍ അതിലേക്കൊന്നും പോകാതെ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്തുള്ള പരമ്പരാഗത നിര്‍മാണ രീതികള്‍ തുടരുകയാണ് നമ്മള്‍ ചെയ്യുന്നത്.

 

അപ്രതീക്ഷിതമായുണ്ടാകുന്ന വലിയ മഴകള്‍, ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്താന്‍ എന്തെങ്കിലും ശ്രമം ഇക്കാലയളവില്‍ നടന്നിട്ടുണ്ടോ? അങ്ങനെ നടക്കുകയും ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിവ് നല്‍കിയിരുന്നോ എന്നും പരിശോധിക്കണം. ഇതൊക്കെ നിക്ഷിപ്തമായ രാഷ്ട്രീയ താത്പര്യങ്ങളുദ്ദേശിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് പുറത്ത് നടക്കേണ്ട കാര്യമാണ്. അതിനൊപ്പം പ്രധാനമാണ് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം. പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക്, ആറായിരത്തോളം വരുന്ന ക്വാറികള്‍ക്കാണ്. ഒപ്പം കുന്നിടിക്കലിനും. ഭൂമിയുടെ സ്വാഭാവിക ഘടന അട്ടിമറിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പശ്ചിമഘട്ടത്തിലെ മലനിരകളെ ദുര്‍ബലമാക്കുന്നുണ്ട്.

മാധവ് ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ട സംരക്ഷണത്തിന് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ അത് ആ പ്രദേശത്തിന് മാത്രം ബാധകമായ ഒന്നായാണ് പൊതുവില്‍ മലയാളികള്‍ കണ്ടത്. അതങ്ങനെയല്ലെന്ന് മനസ്സിലാക്കാനുള്ള ഒരവസരം കൂടിയാണ് ഇപ്പോഴുണ്ടായ ദുരന്തങ്ങള്‍. അങ്ങനെ മനസ്സിലാക്കാന്‍ ഇനിയെങ്കിലും തയ്യാറുണ്ടെങ്കില്‍ സംസ്ഥാനത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ച് ആലോചനകളുണ്ടാകണം. അനധികൃത നിര്‍മാണങ്ങളെ കൃത്യമായ ഇടവേളകളില്‍ (ഓരോ തവണ ഭരണം മാറുമ്പഴും) ക്രമപ്പെടുത്തി നല്‍കുന്ന പതിവും അവസാനിപ്പിക്കണം. ഒരു കുടുംബത്തിന് പരമാവധി സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് അപ്പുറത്തുള്ളത് പോലെ വീടുകള്‍ ആവശ്യമുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കണം. അങ്ങനെ ചിന്തിക്കാന്‍ ജനത്തെ പ്രേരിപ്പിക്കുന്നതില്‍ രാസത്വരകമായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തമുണ്ട് മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ജീവനെക്കുറിച്ച് ആശങ്കയുള്ള ഭരണകൂടത്തിന്, ആശങ്കയുണ്ടെങ്കില്‍. ഭരണകൂടത്തെ ആ വിധത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കാനുള്ള കടമയുണ്ട് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന, അവരുടെ ദുരിതങ്ങളിലൊക്കെ ഒപ്പം നില്‍ക്കുന്നുവെന്ന തോന്നല്‍ ജനിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും. അല്ലെങ്കില്‍ ആവര്‍ത്തിക്കുന്ന ദുരിതങ്ങളില്‍ ഒപ്പം നില്‍ക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പുനരധിവാസത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കാനും മാത്രമേ തുടര്‍ന്നും സാധിക്കൂ.

പശ്ചിമഘട്ടത്തെ പരിസ്ഥിതി പ്രാധാന്യമനുസരിച്ചുള്ള മൂന്ന് സോണുകളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശിച്ചത്. അത്തരം പ്രദേശങ്ങളില്‍ നടക്കേണ്ട നിര്‍മാണ/വികസന പ്രവൃത്തികള്‍ തീരുമാനിക്കാനുള്ള അവകാശം ജനകീയ കമ്മിറ്റികള്‍ക്ക് നല്‍കാനും. ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞതിനപ്പുറത്തുള്ള കാര്യങ്ങള്‍ ചിന്തിക്കേണ്ട ഘട്ടമെത്തിയിരിക്കുന്നു. ഭൂമിയുടെ ഘടന, ജലത്തിന്റെ ലഭ്യത, നീരൊഴുക്കിനുള്ള വഴികള്‍ എന്നിങ്ങനെ ജീവജാലങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമായ ഘടകങ്ങളെ ആധാരമാക്കി കേരളത്തെ തന്നെ വിവിധ സോണുകളാക്കി തിരിക്കേണ്ട ഘട്ടം. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മാപ്പ് ചെയ്ത് പട്ടിക പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം ഒരു ദശകമായിട്ടും നടപ്പാക്കാത്ത ഭരണകൂടവും പ്രളയകാലത്ത് പോലും കൈക്കൂലി വാങ്ങി വയല്‍ തരംമാറ്റി കരഭൂമിയാക്കി നല്‍കുന്ന ഉദ്യോഗസ്ഥ സംവിധാനവും പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചോ അതിനപ്പുറത്തുള്ള സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചോ ആലോചിക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. ദുരിതം അനുഭവിച്ച ജനങ്ങളും അവരെ രക്ഷിക്കാന്‍ ഓടിയടുത്ത ആയിരങ്ങളും അതൊക്കെ കണ്ട് കണ്ണുനനഞ്ഞവരുമുണ്ട്. അവരിലൊരു ചെറിയ പ്രതീക്ഷവെക്കാം, തത്കാലം.