National
അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. എക്‌സ്ട്ര – കോര്‍പോറിയല്‍ മെംബ്രയിന്‍ ഓക്‌സിജനേഷന്‍ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ജയ്റ്റ്‌ലിയുടെ ചികിത്സ പുരോഗമിക്കുന്നത്. ശ്വസക്വാശത്തിനും ഹൃദയത്തിനും വേണ്ട്രത പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഈ ഉപകരണത്തിന്റെ സഹായം തേടുന്നത്.
ജയ്റ്റ്‌ലിയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ തുടങ്ങിയവരും ജയ്റ്റ്‌ലിയെ കാണാനെത്തി.
കഴിഞ്ഞ ആഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ജയ്റ്റ്‌ലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ഒന്‍പതിനാണ് ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് ജയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യകാരണങ്ങളാല്‍ 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ അരുണ്‍ ജയ്റ്റ്‌ലി മത്സരിച്ചിരുന്നില്ല.