Ongoing News
യുവേഫ സൂപ്പര്‍ കപ്പ് ലിവര്‍പൂളിന്; ചെല്‍സിയെ വീഴ്ത്തിയത് പെനാള്‍ട്ടി ഷൂട്ടൗട്ടില്‍

ഇസ്താംബൂള്‍: തുല്യശക്തികളുടെ പോരാട്ടം പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടപ്പോള്‍ യുവേഫ സൂപ്പര്‍ കപ്പ് ലിവര്‍പൂളിന് സ്വന്തം. ചെല്‍സിയെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് മറികടന്നാണ് ലിവര്‍പൂള്‍ ചാമ്പ്യന്മാരായത്. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് വിധി നിര്‍ണയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നത്. അധിക സമയത്തും സമനിലപ്പൂട്ട് പൊളിക്കാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല.
36ാം മിനുട്ടില്‍ ചെല്‍സിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഒളിവര്‍ ജിറൂദിന്റെ വകയായിരുന്നു ഗോള്‍ (1-0). 11 മിനുട്ടുകള്‍ക്കു ശേഷം സാദിയോ മാനോയിലൂടെ ലിവര്‍പൂള്‍ മറുപടി നല്‍കി (1-1). നിശ്ചിത സമയം പൂര്‍ണമായപ്പോഴും ഇതേ നില തുടര്‍ന്നപ്പോള്‍ മത്സരം അധിക സമയത്തേക്കു നീണ്ടു. 95ാം മിനുട്ടില്‍ ലിവര്‍പൂളിനു വേണ്ടി മാനോ ലീഡ് നേടി (2-1). എന്നാല്‍ കൂടുതല്‍ സമയം ലീഡ് നിലനിന്നില്ല. ആറു മിനുട്ടിനു ശേഷം ജോര്‍ഞ്ഞിയോയിലൂടെ ചെല്‍സി തിരിച്ചടിച്ചു (2-2).
ഷൂട്ടൗട്ടില്‍ അഞ്ചു കിക്കുകകളും ലി വര്‍പൂള്‍ വലയിലാക്കി. എന്നാല്‍, ചെല്‍സിയുടെ അവസാന കിക്കെടുത്ത ടാമി അബ്രഹാം കിക്ക് തുലച്ചതോടെ കിരീടം ലിവര്‍പൂളിന് സ്വന്തമായി.