ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകളുടെ ഫോട്ടോയെടുത്ത സംഘത്തെ പിടികൂടി

Posted on: August 14, 2019 11:44 pm | Last updated: August 14, 2019 at 11:44 pm


പൊന്നാനി: പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ ദുരിത ബാധിതരായ സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും പകര്‍ത്തിയ അഞ്ചംഗ സംഘത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പൊന്നാനി എ വി ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലാണ് സംഭവം. ദുരിതബാധിതര്‍ക്ക് സാധനങ്ങള്‍ നല്‍കാനെന്ന് പറഞ്ഞ് ക്യാമ്പിലെത്തിയ സംഘം സ്ത്രീകളുടെ ഫോട്ടൊയെടുക്കുന്നത് ചോദ്യം ചെയ്തവരോട് തട്ടിക്കയറുകയും ഇവരെ കൈയോടെ പിടികൂടി പൊന്നാനി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ദുരിതബാധിതരെ സഹായിക്കുന്നതിനേക്കാള്‍ ഇവര്‍ക്ക് താത്പര്യം സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിലായിരുന്നു. ഇവര്‍ മനഷ്യാവകാശ സഘടനയുടെ പ്രവര്‍ത്തകരാണെന്നാണ് ആദ്യം അവകാശപ്പെട്ടത്. പിന്നീട് ക്യാമ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇത് വ്യാജമാണന്ന് തെളിഞ്ഞു. ഇതോടെ സമുദായ സഘടനയുടെ ആളുകളാണെന്ന് വാദിച്ചു. ഈ സമയം ഇവരെ വിളിച്ചുവരുത്തിയ പൊന്നാനിയിലുള്ള രണ്ടാളുകള്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്‌.