സമാഗമം കൊതിച്ചു; ലഭിച്ചത് നിത്യ വേര്‍പാട്

Posted on: August 13, 2019 11:42 pm | Last updated: August 13, 2019 at 11:42 pm

മിന: ജനസാന്ദ്രമായ മിനയുടെ ഓളങ്ങളില്‍ ഭര്‍ത്താവിനെ തേടി അലഞ്ഞ മലയാളി തീര്‍ഥാടകയെ മനോനില തകരാറിലാവുന്ന അവസ്ഥയിലാണ് റോഡ് നമ്പര്‍ 519ല്‍ നിന്ന് ആര്‍ എസ് സി വളണ്ടിയര്‍മാരായ മുസ്തഫയും അബ്ദുല്‍ ഗഫൂറും കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ ചെമ്മാട് നിന്നും ഹജ്ജിനെത്തിയ അവര്‍ ജംറയില്‍ കല്ലെറിയാന്‍ പോയതിനിടെയാണ് ഭര്‍ത്താവ് കൈവിട്ടുപോയത്.

മിനയിലെ പാരാവാരത്തില്‍ നിന്ന് ഭര്‍ത്താവിനെ തേടി കണ്ടെത്തുമെന്ന വാശിയില്‍ തമ്പിലേക്കു മടങ്ങാന്‍ മടിച്ച അവര്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അവരെയും കൂട്ടി ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴിലുള്ള 58ാം നമ്പറിലേക്ക് എത്താന്‍ ഏറെ നേരമെടുത്തു. കരളലിയിക്കുന്ന വാര്‍ത്തയാണ് അവരെ കാത്തിരുന്നത്. ഭാര്യ കൈവിട്ടു പോയ വേദനയോടെ രാത്രി ഉറങ്ങാന്‍ കിടന്ന ഭര്‍ത്താവ് നാഥന്റെ വിളിക്കുത്തരം തേടി യാത്രയായി കഴിഞ്ഞിരുന്നു. പുലര്‍ച്ചെ സുബ്ഹിയുടെ സമയത്ത് തമ്പിലുള്ളവര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസ്സിലായത്.

ഒരു പകലിന്റെ പകുതിയും ഒരു രാത്രി മുഴുവനും വേര്‍പാടിന്റെ നൊമ്പരം പേറി ഭക്ഷണം കഴിക്കാതെ അലഞ്ഞു നടന്ന ആ സ്ത്രീക്ക് ഭക്ഷണം നല്‍കി ക്ഷീണം മാറ്റിയ ശേഷമാണ് ഭര്‍ത്താവിന്റെ വിയോഗ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് വിങ്ങിപ്പൊട്ടിയ അവരെ വളരെ പണിപ്പെട്ടാണ് വളണ്ടിയര്‍മാര്‍ സമാശ്വസിപ്പിച്ചത്. മരണപ്പെട്ടയാളെ മിനായില്‍ ഖബറടക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്.