Kannur
'എനിക്കും സഹായിക്കണമെന്ന് തോന്നി'; തനിക്കു ലഭിച്ച സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്കു നല്‍കി പതിനാറുകാരന്‍

കണ്ണൂര്‍: പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് വാങ്ങിയതിന് കിട്ടിയ സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പതിനാറുകാരന്‍ ശ്രദ്ധേയനായി. കൂത്തുപറമ്പിലെ അധ്യാപക ദമ്പതിമാരായ രാജന്റെയും പ്രഷീനയുടെയും മകനും മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ഹൃദ്യുത് ഹേംരാഗാണ് മാതൃകാപരമായി പ്രവര്‍ത്തിച്ചത്. ക്ലബുകളും സാംസ്‌കാരിക സംഘടനകളും മറ്റും സമ്മാനമായി നല്‍കിയ പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. മന്ത്രി ഇ പി ജയരാജനാണ് ഇക്കാര്യം ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
കണ്ണൂര്‍ കലക്ടറേറ്റിലെ അവലോകന യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഹൃദ്യുത് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നുവെന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള തന്റെ സംഭാവന നേരിട്ട് നല്‍കുകയായിരുന്നുവെന്നും പോസ്റ്റില്‍ പറഞ്ഞു.
“എല്ലാവരും ദുരിതമനുഭവിക്കുന്ന സമയമാണ്, കിടപ്പാടവും ഭക്ഷണവുമില്ലാതെ ആയിരക്കണക്കിനാളുകള്‍ പ്രയാസപ്പെടുകയാണ്. അവരെ സഹായിക്കാന്‍ ഒട്ടേറെ പേര്‍ മുന്നോട്ടുവന്നു. എനിക്കും സഹായിക്കണമെന്ന് തോന്നി” എന്നായിരുന്നു ഹൃദ്യുത് പറഞ്ഞത്.
ഇ പി ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കണ്ണൂര്‍ കലക്ട്രേറ്റിലെ അവലോകന യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഹൃദ്യുത് ഹേംരാഗ് എന്ന പതിനാറുകാരന്‍ കാത്തു നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തന്റെ സംഭാവന നേരിട്ട് ഏല്‍പ്പിക്കാനായിരുന്നു ആ കാത്തിരിപ്പ്. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് വാങ്ങിയതിന് വിവിധയിടങ്ങളില്‍ നിന്ന് സമ്മാനമായി കിട്ടിയ തുകയാണ് ഹൃദ്യുത് സംഭാവന നല്‍കിയത്. ക്ലബ്ബുകളും സാസ്‌കാരിക സംഘങ്ങളും ബന്ധുക്കളും സമ്മാനമായി നല്‍കിയ പണം സ്വന്തമായി എന്തെങ്കിലും വാങ്ങാന്‍ മാറ്റി വെച്ചതായിരുന്നു.
“എല്ലാവരും ദുരിതമനുഭവിക്കുന്ന സമയമാണ്, കിടപ്പാടവും ഭക്ഷണവുമില്ലാതെ ആയിരക്കണക്കിനാളുകള്‍ പ്രയാസപ്പെടുകയാണ്. അവരെ സഹായിക്കാന്‍ ഒട്ടേറെ പേര്‍ മുന്നോട്ടുവന്നു. എനിക്കും സഹായിക്കണമെന്ന് തോന്നി””. ആരുടെയും ഹൃദയത്തെ തൊടുന്ന വാക്കുകളായിരുന്നു ആ കൗമാരക്കാരന്റേത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കും എതിരെ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കുള്ള മറുപടിയാണിത്.
കൂത്തുപറമ്പിലെ അദ്ധ്യാപക ദമ്പതിമാരായ രാജന്റെയും പ്രഷീനയുടെയും മകനാണ് ഹൃദ്യുത്. ഇപ്പോള്‍ മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്നു. നാടിനെ കെടുതിയില്‍ നിന്നു കരകയറ്റാന്‍ കേരളമൊന്നാകെ മുന്നോട്ടു വരികയാണ്. അനസും നൗഷാദും ഹൃദ്യുതും ജീവിച്ചിരിക്കുന്ന നമ്മുടെ കേരളം ഒരു നീചജന്മങ്ങള്‍ക്ക് മുന്നിലും തോല്‍ക്കുകയില്ല. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.