Kerala
കാഴ്ച കാണാന്‍ കവളപ്പാറയിലേക്ക് ആരും വരേണ്ടതില്ല, പ്ലീസ്

നിലമ്പൂര്‍: പ്രളയത്തില്‍ മുങ്ങിയവരുടെ കണ്ണീരൊപ്പാന്‍ മനുഷ്യ സ്നേഹികളുടെ ഒഴുക്കാണ് നിലമ്പൂരിലേക്ക്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലക്ക് പുറത്ത് നിന്നും നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി വന്നു കൊണ്ടിരിക്കുന്നത്. പ്രളയമെടുത്ത നൂറുകണക്കിന് വീടുകള്‍ വാസയോഗ്യമാക്കാന്‍ കഠിനപരിശ്രമമാണ് ഇവര്‍ നടത്തുന്നത്.
ലോറികളിലും ചരക്കു വാഹനങ്ങളിലും നിരവധി സന്നദ്ധ പ്രവര്‍ത്തകരാണ് ശുചീകരണത്തിന് ഉപകരണങ്ങളുമായി നിലമ്പൂര്‍ ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുള്ളത്. കോളജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമടക്കം എന്‍ എസ് എസ്, എന്‍ സി സി പ്രവര്‍ത്തകരും അധ്യാപകരും കവളപ്പാറ, നിലമ്പൂര്‍, മുണ്ടേരി, പോത്ത്കല്ല് എന്നിവിടങ്ങളിലേക്ക് എത്തുന്നുണ്ട്. റോഡുകളിലെല്ലാം രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തരുടെ വാഹനങ്ങളുടെ തിരക്കാണ്.
റോഡുകള്‍ ഗതാഗത യോഗ്യമായതു മുതല്‍ ദുരന്തത്തെ വിനോദയാത്രക്ക് ഉപയോഗിക്കുന്ന കാഴ്ചയും കാണുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യ സാധനങ്ങളുമായും രക്ഷാ പ്രവര്‍ത്തനത്തിനും ആംബുലന്‍സുകള്‍ അടക്കമുള്ള വാഹനങ്ങളും എത്തുന്നതിനിടെ പ്രളയബാധിത പ്രദേശങ്ങളിലെ കാഴ്ച കാണാന്‍ ആരും വരേണ്ടന്നാണ് നിലമ്പൂരുകാരുടെ അഭ്യര്‍ഥന.
ഉരുള്‍പൊട്ടിയ സ്ഥലം കാണാനും മൃതദേഹങ്ങളെടുക്കുന്നത് കാണാനുമെത്തിയ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസും പാടുപെടുകയാണ്. വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞിട്ടും കൂട്ടമായി നടന്നാണ് ആളുകള്‍ ദുരന്തഭൂമിയിലെത്തുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും ഇത് വലിയ തലവേദനയാകുന്നുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായ കവളപ്പാറയിലേക്കടക്കമുള്ള റോഡുകളില്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായവുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കേണ്ടതിനാല്‍ സ്വകാര്യ വാഹനങ്ങളുടെ യാത്രകള്‍ പോത്തുകല്‍ മേഖലയിലേക്ക് കഴിവതും ഒഴിവാക്കി രണ്ട് ദിവസത്തേക്ക് സഹകരിക്കണമെന്ന് നിലമ്പൂര്‍ എം എല്‍ എ. പി വി അന്‍വര്‍ അഭ്യര്‍ഥിച്ചു.
നാട്ടുകാര്‍ പറയുന്നു: നാല്‍പതോളം പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ് അവരെ എങ്ങനെയെങ്കിലും ഒന്നെടുത്തോട്ടെ. സെല്‍ഫിയെടുക്കാനും ഫോട്ടോ പിടിക്കാനും ആരും ദയവ് ചെയ്ത് ഇങ്ങോട്ട് വരരുത്. കാഴ്ചക്കാരായി കവളപ്പാറയിലേക്ക് ആരും പോകാതിരിക്കുക എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം.