മലപ്പുറം പുഞ്ചക്കൊല്ലി വനമേഖലയില്‍ പാലം തകര്‍ന്നു; 250ഓളം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു

Posted on: August 12, 2019 10:01 am | Last updated: August 12, 2019 at 1:01 pm

മലപ്പുറം: വഴിക്കടവിലെ പുഞ്ചക്കൊല്ലി വനമേഖലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 250ലേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു. പുഞ്ചക്കൊല്ലി, അളയ്ക്കല്‍ കോളനികളിലായുള്ള കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരാണിവര്‍. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ഇവര്‍ ക്യാമ്പിലേക്ക് മാറാന്‍ തയ്യാറായില്ല. ഇവര്‍ക്കായുള്ള ഭക്ഷണം കയറുകെട്ടി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

കനത്ത മഴയില്‍ തോടിന് കുറുകെയുള്ള പാലം തകര്‍ന്നതോടെയാണ് ആളുകള്‍ ഇവിടെ കുടുങ്ങിപ്പോയത്. 102 കുടുംബങ്ങളാണ് പുഞ്ചക്കൊല്ലി വനത്തിനുള്ളിലെ കോളനികളില്‍ കുടുങ്ങിക്കിടക്കുന്നത്. മഴ കനക്കുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ കോളനിയിലെത്തി ഇവരോട് മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ തയ്യാറായില്ല. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെടുന്ന ആദിവാസികള്‍ പുറം ലോകവുമായി അധികം ബന്ധപ്പെടാത്തവരാണ്. ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവര്‍ പുറത്തേക്ക് വരാറുണ്ടായിരുന്നത്. ഇവരെ പുറത്തെത്തിക്കാനടക്കം അഗ്‌നിശമനസേനാംഗങ്ങളും ദുരന്തനിവാരണ സേനയും തയ്യാറാണെങ്കിലും ആദിവാസികള്‍ സഹരിക്കാത്തതാണ് പ്രശ്‌നം.