Connect with us

National

ഉന്നാവോ: കാറില്‍ ട്രക്കിടിച്ച സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് സര്‍ക്കാറിന്റെശിപാര്‍ശ

Published

|

Last Updated

ലഖ്‌നോ: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു പി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. സംസ്ഥാനത്തിന് പുറമെ രാജ്യവ്യാപകമായി വിഷയം വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് യു പി സര്‍ക്കാറിന്റെ അന്വേഷണ ശിപാര്‍ശ.

അതിനിടെ നിലവിലെ സര്‍ക്കാറില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്റെ ജീവനും അപകടത്തിലാണ്. പീഡന കേസിലെ പ്രതിയായ എം എല്‍ എ കുല്‍ദീപ് സിംഗ് ഭീഷണിപ്പെടുത്തി-പെണ്‍കുട്ടിയുടെ ബന്ധു ആരോപിച്ചു.

സംഭവത്തില്‍ ബി ജെ പി എം എല്‍ എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ കഴിഞ്ഞ ദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എം എല്‍ എക്ക് പുറമേ സഹോദരന്‍ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേര്‍ക്കുമെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മാവന്‍ റായ്ബറേലി ജയിലില്‍ക്കഴിയുന്ന മഹേഷ് സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുര്‍ബൂബ്ഗഞ്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. പെണ്‍കുട്ടിയുടെ കൂടെ സഞ്ചരിച്ചിരുന്ന അഭിഭാഷകനും ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ടോടെ റായബറേലിയില്‍ നടന്ന കാറപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ് അനിശ്ചിതകാല സമരം തുടങ്ങിയിട്ടുണ്ട്.
അപകടം ആസൂത്രിതമാണെന്നും പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാറും കൂട്ടാളികളും തന്നെയാണെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവര്‍ത്തിക്കുന്നു.

2017 ജൂണ്‍ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ കുല്‍ദീപ് സെംഗാര്‍ ബലാത്സംഗം ചെയ്‌തെന്നാണ് സി ബി ഐയുടെ കണ്ടത്തല്‍. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് ഉന്നാവോ ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയില്‍ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങള്‍ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു.