വിമതര്‍ക്ക് മറുപടി നല്‍കിയാല്‍ സഭ തകരും: കര്‍ദിനാള്‍ ആലഞ്ചേരി

Posted on: July 22, 2019 11:41 am | Last updated: July 22, 2019 at 1:14 pm

കൊച്ചി: സമരം ചെയ്ത വിമത വൈദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സമരം ചെയ്ത വൈദികര്‍ക്ക് മറുപടി നല്‍കാത്തത് സഭയെ ഓര്‍ത്ത് മാത്രമാണ്. താന്‍ സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ചിലര്‍ വൈദികരെ തെറ്റിദ്ധരിപ്പിക്കുകയും സമരത്തിലേക്ക് തള്ളിവിടുകയുമായിരുന്നു. ഇവര്‍ക്കെല്ലാം താന്‍ മറുപടി പറയാന്‍ തുടങ്ങിയാല്‍ സഭ തന്നെ വീണു പോകുമെന്നും ആലഞ്ചേരി പറഞ്ഞു. കേരള കാതോലിക്കാ കോണ്‍ഗ്രസ് പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു ആലഞ്ചേരി.

വൈദികര്‍ ഉപയോഗിച്ച സമരരീതി ശരിയല്ല. തന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് അറിയുന്നവര്‍ തന്നെയാണ് സമരം സംഘടിപ്പിച്ചത്. കോലം കത്തിക്കലും പ്രകടനവുമെല്ലാം രാഷ്ട്രീയ സമര പരിപാടികളാണ്. അതൊന്നും സഭയ്ക്ക് ചേര്‍ന്നതല്ല. എന്നാല്‍ സമരം ചെയ്ത വൈദികരെ തള്ളിക്കളയരുത്. അവരെ സിനഡ് തിരുത്തും. ഭാവിയിലും സഭക്ക് എന്തെങ്കിലും ദോഷം വരണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല. ആദ്യം പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിമത വൈദികരില്‍ പലര്‍ക്കും ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.