Connect with us

Kerala

കടല്‍ക്ഷോഭം: വിഴിഞ്ഞത്തും നീണ്ടകരയിലുമായി ഏഴ് മീന്‍പിടിത്തക്കാരെ കാണാതായി

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിഴിഞ്ഞം, കൊല്ലത്തെ നീണ്ടകര എന്നിവിടങ്ങളില്‍ നിന്നായി മത്സ്യബന്ധനത്തിനു പോയ ഏഴ് തൊഴിലാളികളെ കാണാതായി. ബെന്നി, ലൂയിസ്, ആന്റണി, യേശുദാസന്‍ എന്നിവരെയാണ് വിഴിഞ്ഞത്തു നിന്ന് കടലില്‍ പോയി കാണാതായത്. ബുധനാഴ്ച കടലില്‍ പോയ ഇവര്‍ ഇന്ന് രാവിലെ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍, ഉച്ചയായിട്ടും കാണാതിരുന്നതോടെ ബന്ധുക്കള്‍ അധികൃതരെ വിവരമറിയിച്ചു. ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. തീരദേശ സേനയുടെ ഹോലികോപ്ടര്‍ തിരച്ചിലിന് ഉപയോഗപ്പെടുത്തുന്നുണ്ട്.

നീണ്ടകരയില്‍ കടല്‍ക്ഷോഭത്തില്‍ പെട്ട് വള്ളം തകര്‍ന്നാണ് മീന്‍പിടിത്തക്കാരായ രാജു, ഡോണ്‍ബോസ്‌കോ, സഹായരാജു എന്നിവരെ കാണാതായത്. ഇവരുടെ വള്ളം തകര്‍ന്ന നിലയില്‍ ശക്തികുളങ്ങരക്കു സമീപം കണ്ടെത്തി. വള്ളത്തിലുണ്ടായിരുന്ന നിക്കൊളാസ്, സ്റ്റാലിന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായവര്‍ക്കു വേണ്ടി നാവികസേന തിരച്ചില്‍ നടത്തിവരികയാണ്.

Latest