സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; ബിപിഎല്ലുകാര്‍ക്ക് വര്‍ധനയില്ല

Posted on: July 8, 2019 4:03 pm | Last updated: July 9, 2019 at 10:44 am

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. 6.8 ശതമാനമാണ് നിരക്ക് വര്‍ധന. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെ കൂടും. ഫിക്‌സഡ് ചാര്‍ജ്ജും സ്ലാബ് അടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല. ഗാര്‍ഹിക ഉപഭോക്താക്കളില്‍ ബിപിഎല്‍ പട്ടികയില്‍ ഉള്ളവര്‍ക്കും വര്‍ധനയില്ല. നിരക്കു വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 18 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിനു 42 രൂപ വരെയും കൂടും. കാന്‍സര്‍ രോഗികള്‍ക്കും ഗുരുതര അപകടങ്ങളില്‍ പെട്ട് കിടപ്പു രോഗികളായവര്‍ക്കും ഇളവുണ്ട്. മൂന്നു വര്‍ഷത്തേക്കാണ് വര്‍ദ്ധന. നിരക്ക് വര്‍ധനയിലൂടെ കെ.എസ്.ഇ.ബിക്ക് 902 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2017ലാണ് ഇതിന് മുമ്പ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്കില്‍ യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെയായിരുന്നു വര്‍ധന.